നിങ്ങൾക്ക് കിട്ടിയോ ഹെൽത്ത് ഐ ഡി കാർഡ്? ഇല്ലെങ്കിൽ ഉടനെ അപേക്ഷിക്കാം

കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ എന്ന പദ്ധതി പ്രകാരം രാജ്യത്തെ എല്ലാ പൗരന്മാരുടെയും ആരോഗ്യ/ചികിത്സ രേഖകൾ ഏകോപിപ്പിക്കാനുള്ള നീക്കങ്ങൾക്ക്‌ തുടക്കം കുറിച്ചിരിക്കുകയാണ്. പദ്ധതിയുടെ പ്രധാന ലക്ഷ്യമായ സമ്പൂർണ്ണ ഡിജിറ്റൽ ഹെൽത്ത്‌ ഐഡന്റിറ്റി കാർഡിന്റെ വിതരണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ചികിത്സ സ്ഥാപനങ്ങളൊക്കെ ഒരു കുടക്കീഴിൽ നിർത്താനും സാമ്പത്തികമായി പിരിമുറുക്കത്തിൽ കഴിയുന്ന എല്ലാ പൗരന്മാർക്കും മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കാനും കഴിയുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ പദ്ധതിയിലൂടെ നോക്കിക്കാണുന്നത്. കഴിഞ്ഞ മാസം 27നാണ് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് .

വരും കാലങ്ങൾ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ഈ ഡിജിറ്റൽ കാർഡിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം. നമ്മൾ ഏതെങ്കിലും തരത്തിലുള്ള ഒരു ചികിത്സ തേടിയെന്നിരിക്കട്ടെ, അപ്പോൾ അതുമായി ബന്ധപ്പെട്ട് മരുന്നുകളും പരിശോധനകളും എടുക്കാൻ നാം നിർബന്ധിതനാവും. ഇങ്ങനെ ഉപയോഗിച്ച മരുന്നുകളുടെയും പരിശോധിച്ച ടെസ്റ്റുകളുടേയുമൊക്കെ കൃത്യമായ കണക്കുകളും അവളുകളുമെല്ലാം ഈ ഡിജിറ്റൽ കാർഡിൽ സ്‌റ്റോർ ചെയ്യപ്പെടും. ചുരുക്കി പറഞ്ഞാൽ ഒരു പൗരന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്ന എല്ലാ തരം അറിവുകളും ഡിജിറ്റൽ കാർഡിൽ നിന്നു ലഭ്യമാകും.

ഹെൽത്ത്‌ ഇൻഷുറൻസ്, ആക്‌സിഡന്റ് ഹിസ്റ്ററി ഒക്കെ ഈ അറിവുകളിൽ പെടും. സർക്കാരിനും ആരോഗ്യപ്രവർത്തകർക്കുമെല്ലാം പരിശോധിക്കാൻ സാധിക്കുന്ന ഈ ഡിജിറ്റൽ കാർഡിനു പി.ഏച്.ആർ അഡ്രെസ്സ് എന്ന ഭാഗം ഉണ്ട്‌. നമ്മുടെ ആധാർ കാർഡ് നമ്പർ പോലെയുള്ള ഒരു സവിശേഷത ഐഡന്റിറ്റി നമ്പർ ആണ് പി.എച്.ആർ അഡ്രെസ്സ്. ഇതുവഴിയാണ് ഐഡി-കൾ തമ്മിൽ വേർതിരിച്ചു മനസിലാക്കാൻ സാധിക്കുന്നത്.

മിക്ക വിദേശ രാജ്യങ്ങളിലും പണ്ടു മുതൽക്കേ ഉപയോഗിച്ചുവരുന്ന ഒരു രീതിയാണ് ഹെൽത്ത്‌ കാർഡ് സിസ്റ്റം. ഇന്ത്യയിൽ ഇതാദ്യമായാണ് രാജ്യവാപകമായി ഇത്തരമൊരു ആരോഗ്യ സംബന്ധമായ കാർഡ് നിർമ്മിക്കാൻ പോവുന്നത്. ചില പ്രൈവറ്റ് ഹോസ്പിറ്റലുകൾ രോഗികളുടെ വിശദാംശങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും വേണ്ട വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നതായും കാണാറുണ്ട്. ആരോഗ്യ സംരക്ഷണ വിഭാഗത്തിൽ ഒരു സർക്കാർ കേന്ദ്രീകൃത വ്യവസ്ഥ ഉടലെടുക്കുമ്പോൾ അത്തരം അനീതികളൊക്കെ സത്യത്തിന്റെ മറവിൽ കൊണ്ടുവരാൻ സാധിക്കും.

ഈ ഹെൽത്ത്‌ ഐഡി പൗരൻമാർക്ക് വളരെ എളുപ്പത്തിൽ തന്നെ എടുക്കാനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പ്രേത്യേകം ഒരുക്കിയിട്ടുള്ള വെബ്സൈറ്റ് വഴി ഐഡി നമുക്ക് വീട്ടിലിരുന്ന് കൊണ്ടുതന്നെ എടുക്കാവുന്നതാണ്. അതിനായി healthid.ndhm.gov.in/register എന്ന വിലാസം ബ്രൗസറിൽ സെർച്ച്‌ ചെയ്യുക. തുടർന്ന് വരുന്ന പേജിൽ ‘ Generate via Adhaar ‘ എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക. ആധാർ കാർഡ് ഇല്ലാത്തവർക്ക് മൊബൈൽ നമ്പർ വഴി രജിസ്റ്റർ ചെയ്യാനുള്ള അവസരവും നൽകിയിട്ടുണ്ട്. തുടർനുള്ള പേജിൽ ആധാർ നമ്പർ അടിച്ചുകൊടുത്തു I agree എന്ന ബാറിലും I’m not a robot എന്ന ബാറിലും ടിക്ക് ചെയ്തുകൊണ്ട് Submit ബട്ടൺ അമർത്തുക.

 


അപ്പോൾ നിങ്ങൾ ആധാറുമായി ബന്ധിപ്പിച്ച നമ്പറിൽ ഒരു ഒടിപി വരും, അത് പേജിൽ എന്റർ ചെയ്യണം. വീണ്ടും താങ്കളുടെ മൊബൈൽ നമ്പറും അതിനു ശേഷമായി വരുന്ന ഒടിപി-യും എന്റർ ചെയ്യേണ്ടതുണ്ട്. ഇത്രയും ചെയ്തു കഴിഞ്ഞാൽ അനുയോജ്യമായ ഒരു യൂസർനെയിം സെലക്ട്‌ ചെയ്യണം. അതിനു താഴെ നിങ്ങളുടെ മെയിൽ ഐഡിയും കൂടി നൽകികൊണ്ട് സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ ഹെൽത്ത്‌ ഐഡി രെജിസ്ട്രേഷൻ പൂർത്തിയാവും. വേണമെങ്കിൽ ഹെൽത്ത്‌ ഐഡി ഡൌൺലോഡ് ചെയ്തെടുക്കാനും സാധിക്കും. മറ്റാരുടെയും സഹായമില്ലാതെ തന്നെ നിങ്ങളുടെ മൊബൈലിൽ നിന്നു തന്നെ ഹെൽത്ത്‌ ഐഡി ഉണ്ടാക്കാൻ പറ്റും. 

Similar Posts