നേന്ത്രപ്പഴം കൊണ്ട് നാടൻ രീതിയിൽ ഒരു നാലുമണി പലഹാരം

നേന്ത്രപ്പഴം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഹെൽത്തി ആയിട്ടുള്ള ഭക്ഷണമാണ്. ഇത് പഴുത്തതും കഴിക്കുന്നതും പുഴുങ്ങി കഴിക്കുന്നതുമെല്ലാം നല്ലതാണ്. 100 ഗ്രാം നേന്ത്രപ്പഴത്തിൽ ഏകദേശം 90 കലോറി ഊർജ്ജം ഉണ്ടെന്ന് പറയപ്പെടുന്നു. വർക്ക് ഔട്ട് ചെയ്യുന്നവർ അതിനു മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നത് ഊർജ്ജം കൂട്ടും.നാരുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾക്ക് വരെ വളരെ നല്ലതാണ്.

നേന്തപ്പഴത്തിനെ കൊണ്ട് ഒരു അടയാണ് ഇവിടെ ഉണ്ടാക്കുന്നത്. തികച്ചും നാടൻ രീതിയിലാണ് ഇത് ഉണ്ടാക്കുന്നത്. വാഴയില ഒക്കെ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. നഗരത്തിലൊക്കെ താമസിക്കുന്നവർക്ക് നാട്ടിൻപുറങ്ങളിൽ കിട്ടുന്നതുപോലെ വാഴയില കിട്ടാൻ പ്രയാസമാണ്. എന്നാൽ വാഴയിലയിൽ ഉണ്ടാക്കിയ അടയ്ക്ക് നല്ല ടേസ്റ്റ് ആയിരിക്കും. ഇതിനുവേണ്ട സാധനങ്ങൾ 2 നേന്ത്രപ്പഴം, 1 ടേബിൾ സ്പൂൺ പഞ്ചസാര, അരക്കപ്പ് തേങ്ങ ചിരകിയത്, 2 എലക്കായ, അരക്കപ്പ് അരിപ്പൊടി എന്നിവയാണ്.

ഇതു തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം നേന്ത്രപ്പഴം ആവിയിൽ പുഴുങ്ങി എടുക്കുക. പിന്നെ ഒരു ബൗളിൽ തേങ്ങ ഇട്ട് അതിൽ പഞ്ചസാര ഇടുക. നിങ്ങൾക്ക് ഇത് ശർക്കര ഉപയോഗിച്ചും ഉണ്ടാക്കാം. ഇനി ഇതിൽ ഏലക്കായ് ഇടുക. ഇതെല്ലാം കൂടി മിക്സ് ചെയ്യുക. ഇനി പുഴുങ്ങിയ പഴം ചൂട് മാറിയാൽ രണ്ടു കഷ്ണമാക്കി ജാറിലിട്ട് അടിച്ചെടുക്കുക. അത് ഒരു പാത്രത്തിലിട്ട് അതിൽ അര കപ്പ് അരിപ്പൊടി ഇടുക. നിങ്ങൾക്ക് വറുത്തതോ വറുക്കാത്തതോ എടുക്കാം. അത് രണ്ടും നന്നായി കുഴയ്ക്കുക. പഴം പറ്റുന്നതുപോലെ ഉണ്ടെങ്കിൽ പിന്നെയും കാൽ കപ്പ് അരിപ്പൊടി വിതറി കുഴയ്ക്കുക. ഇനി കുറച്ച് വാഴയില കീറി എടുക്കുക. നിങ്ങൾ സാധാരണ അട ഉണ്ടാക്കുന്നതുപോലെ വലുതായോ അല്ലെങ്കിൽ ചെറുതായോ ഇല കീറി എടുക്കാം. കീറിയ ഇലയിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടി അതിൽ നേന്ത്രപ്പഴത്തിന്റെ മിക്സ് പരത്തുക. അതിൽ നമ്മൾ തയ്യാറാക്കി വെച്ച തേങ്ങയുടെ കൂട്ട് നിറച്ച് മടക്കുക. തേങ്ങയുടെ കൂട്ട് ഇല്ലാതെയും വെറും പഴം ഉപയോഗിച്ചും നിങ്ങൾക്ക് ഇത് ഉണ്ടാക്കാം. ഇനി ഇത് ആവി പാത്രത്തിൽ വേവിക്കാൻ വെയ്ക്കാം. ഒരു 10 മിനിട്ട് വെച്ചാൽ മതിയാകും. ഇലയൊക്കെ ഒന്ന് വാടി അരിപ്പൊടി വേവുന്ന ഒരു സമയം മതി ആവാൻ. നേന്ത്രപ്പഴം നേരത്തെ നമ്മൾ വേവിച്ചതാണ്. 10 മിനിട്ട് കഴിഞ്ഞു ഇത് അടുപ്പിൽ നിന്നും ഇറക്കി വെച്ച് മൂടി തുറന്നാൽ നല്ല മണമായിരിക്കും. പഴത്തിന്റെയും ഇല വാടിയതിന്റെ കൂടിയുള്ള മണം വന്നാൽ തന്നെ നമ്മുടെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളമൂറും. ഉറപ്പായും ഇത് ഉണ്ടാക്കി നോക്കണം.

Similar Posts