പാലും, മുട്ടയും, പഞ്ചസാരയും മതി സൂപ്പർ ടേസ്റ്റിൽ സിൽക്കി പുഡ്ഡിംഗ് ആവിയിൽ തയ്യാറാക്കാം

ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് പുഡ്ഡിംഗ്. പലതരം പുഡ്ഡിംഗുകൾ നമുക്കറിയാം. കുറഞ്ഞ ചേരുവകൾ മാത്രമേ ഇത് ഉണ്ടാക്കാൻ വേണ്ടി എന്നുള്ളത് ഇതിന്റെ ഒരു സവിശേഷതയാണ്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന സിൽക്കി ആയിട്ടുള്ളൊരു പുഡ്ഡിംഗിനെപ്പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്.

പ്രധാനമായും പാലും മുട്ടയും പഞ്ചസാരയുമാണ് ഇത് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ. 250ml വരുന്ന ഒന്നരക്കപ്പ് പാൽ, അരക്കപ്പ് പഞ്ചസാര, കാൽ കപ്പ് പാൽപ്പൊടി, 3 മുട്ട, കുറച്ചു നെയ്യ്, പിന്നെ വാനില എസെൻസ്, ഒരു നുള്ള് ഉപ്പ് എന്നിവയാണ് വേണ്ടത്. ആദ്യം ഒരു പാത്രമെടുത്ത് അതിൽ മേല്പറഞ്ഞ അളവിൽ പാൽ ഒഴിക്കുക. ഫുൾ ഫാറ്റ് മിൽക്ക് എടുക്കുന്നതായിരിക്കും നല്ലത്. അതിൽ പഞ്ചസാര ഇടുക. അത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. പിന്നെ പാൽപ്പൊടി ഇടുക. ഇത് ഒപ്ഷണൽ ആണ്. എന്നിട്ട് ഗ്യാസ് ഓണാക്കി ചെറുതീയിൽ തിളപ്പിക്കുക. തിളയ്ക്കുമ്പോൾ ഇളക്കിക്കൊണ്ടിരിക്കാൻ ശ്രദ്ധിക്കണം. ഇനി വേറൊരു പാത്രം എടുത്ത് അതിൽ മുട്ട ഒഴിക്കുക. മുട്ടയുടെ മണം ഇല്ലാതിരിക്കാൻ അതിൽ കുറച്ച് ഉപ്പും വാനില എസെൻസും ചേർത്ത് നന്നായി ഇളക്കുക. വാനില ഇല്ലെങ്കിൽ ഏലയ്ക്കാപ്പൊടിയും ചേർക്കാം. പിന്നെ മുട്ടയുടെ മിശ്രിതത്തിന് വാനിലയുടെയോ ഏലയ്ക്കായുടെയോ മണം മാത്രമേ ഉണ്ടാവൂ. ഇനി തിളച്ച പാൽ ചൂടോടെ മുട്ടയുടെ മിശ്രിതത്തിൽ ഒഴിക്കുക.

ഈ പാൽ ഒഴിക്കുമ്പോൾ സ്പൂൺ കൊണ്ട് ഇളക്കി കൊണ്ടേയിരിക്കുക. അതിൽ നിങ്ങൾക്ക് വേണമെങ്കിൽ കളർ ചേർക്കാം. ഇനി നമ്മൾ പുഡിങ് ആക്കാൻ ഉദ്ദേശിക്കുന്ന കുഴിയുള്ള പാത്രത്തിൽ നെയ്യ് പുരട്ടുക. അതിലേക്ക് ഈ മിശ്രിതം ഒഴിക്കുക. അപ്പോൾ ചെറിയ കുമിള പോലെ വരും. അത് സ്പൂൺ വെച്ച് അമർത്തി മാറ്റണം. അല്ലെങ്കിൽ ആ ഭാഗം അവിടെ വേവാതെ ഉണ്ടാകും. ഇനി കട്ടിയുള്ള ഗ്ലാസ് പേപ്പർ കൊണ്ട് പാത്രം നന്നായി മൂടുക. അല്ലെങ്കിൽ നമ്മൾ ആവിക്ക് വെയ്ക്കുമ്പോൾ വെള്ളം അതിനകത്ത് കയറും.അല്ലെങ്കിൽ അതിനു സ്യൂട്ട് ആയ മൂടികൊണ്ട് അമർത്തി മൂടുക. ഇനി വേറൊരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. തിളച്ചാൽ അതിൽ സ്റ്റീൽ കപ്പ് വെയ്ക്കുക.

അതിൻെറ മുകളിൽ പുഡ്ഡിംഗിന്റെ പാത്രം വയ്ക്കുക. എന്നിട്ട് നന്നായി മൂടുക. മിനിമം തീയിൽ 20 മിനിറ്റ് വെക്കുക. അത് കഴിഞ്ഞ് തുറന്നുനോക്കി ഒരു ഈർക്കിലോ പപ്പടം കുത്തിയോ എടുത്തു വെന്തോ എന്ന് നോക്കുക. അതിൽ പറ്റി പിടിക്കാതെ കിട്ടിയാൽ വെന്തു എന്ന് മനസ്സിലാക്കാം. ഇനി അത് നന്നായി ചൂടാറാൻ വെയ്ക്കുക. വശങ്ങളിൽ ഒരു കത്തികൊണ്ട് ഇളക്കി നോക്കുക. വേഗം ഇളകി വരാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പാത്രം ചരിച്ചിട്ട് അതിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ അതൊക്കെ മാറ്റണം. എന്നിട്ട് വേറെ പ്ലേറ്റിലേക്ക് മാറ്റുക. അലങ്കരിക്കാൻ നട്സോ ജെറിയോ വെയ്ക്കാം. ഇനി കട്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റും.

Similar Posts