പാൽ ചേർക്കാതെ ഒരു അടിപൊളി ചായ തയ്യാറാക്കാം
ചായ കുടിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഉണർവിനും ഉന്മേഷത്തിനും നല്ലൊരു പാനീയമാണ് ചായ. പലതരത്തിലുള്ള ചായയെപ്പറ്റി നമ്മൾ കേട്ടിരിക്കും. സുലൈമാനി മുതൽ ചെമ്പരത്തി, ഏലക്ക, ഇഞ്ചി, ശംഖു പുഷ്പം എന്നിവയെല്ലാം ഇവയിൽ ചിലത് മാത്രം.
ഇവിടെ ഒരു സ്പെഷ്യൽ ചായ ഉണ്ടാക്കുന്നു പറ്റിയാണ് പറയുന്നത്. ഇതിന് വേണ്ട ചേരുവകൾ രണ്ട് ഗ്ലാസ് വെള്ളം, 6 ഏലയ്ക്ക പൊടിച്ചത്, 2 ടീ സ്പൂൺ ചായപ്പൊടി, 3 ടീസ്പൂൺ പാൽപ്പൊടി,
കാൽക്കപ്പ് ശർക്കരപ്പാനി എന്നിവയാണ്. ഇനി തയ്യാറാക്കുന്നവിധം നോക്കാം. രണ്ട് ഗ്ലാസ് ചായയുടെ റെസിപ്പി ആണ് ഇവിടെ പറയുന്നത്. ആദ്യം ചായപ്പാത്രം എടുത്ത് അതിൽ രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. അത് അടുപ്പിൽ വെച്ച് തിളക്കുന്നതിനുമുമ്പ് ഏലക്ക പൊടിച്ചത് ചേർക്കുക. നല്ല മണം കിട്ടാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. ഇനി വെള്ളം തിളക്കുമ്പോൾ ചായപ്പൊടി ഇടുക. അങ്ങനെ കട്ടൻചായ റെഡിയായി. ഇനി തീ ഓഫ് ചെയ്ത് കട്ടൻചായ അടുപ്പിൽ നിന്നും ഇറക്കി വെക്കുക. പാലിനു പകരം നമ്മൾ ഇതിൽ പാൽപ്പൊടി ആണ് ചേർക്കുന്നത്. ഒരു ഗ്ലാസ് എടുത്തു മേല്പറഞ്ഞ അളവിൽ പാൽപ്പൊടി ഇടുക. അതിലേക്ക് കട്ടൻചായ ഒഴിക്കുക. ഇനി ചായയിലെ പ്രധാന ചേരുവയായ ശർക്കരപ്പാനി ഒഴിക്കുക. എന്നിട്ട് നന്നായി ഇളക്കുക. അങ്ങനെ നമ്മുടെ സ്പെഷ്യൽ ചായ റെഡി ആയി.