പി എം കിസ്സാൻ ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത, പന്ത്രണ്ടാം ഗഡു അധികം വൈകാതെ നിങ്ങളുടെ അക്കൗണ്ടിലെത്തും

പി എം കിസ്സാൻ സമ്മാൻ നിധിയുടെ പതിനൊന്നാമത് ഗഡു മെയ് 31 നു പത്തു കോടിയോളം വരുന്ന ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിയിരുന്നു. പന്ത്രണ്ടാം ഗഡുവിനായി കാത്തിരിക്കുന്ന ഗുണഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കേന്ദ്ര കൃഷിമന്ത്രാലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് പന്ത്രണ്ടാം ഗഡുവിന്റെ വിതരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. പതിനൊന്നാം ഗഡു മുതൽ പലർക്കും ആനുകൂല്യം ലഭിച്ചിട്ടില്ല എന്ന വാർത്തയും പുറത്തു വന്നിട്ടുണ്ട്. പതിനൊന്നാം ഗഡു വരെയുള്ള ഫണ്ടു വിതരണത്തിൽ നിന്നും ചില മാറ്റങ്ങൾ പന്ത്രണ്ടാം ഗഡു വിതരണത്തിൽ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് താഴെ പറയുന്ന കാര്യങ്ങൾ ജൂലൈയ് മാസത്തിൽ തന്നെ പൂർത്തികരിച്ചാലേ ഗുണഭോക്താക്കൾക്കു അക്കൗണ്ടിലേയ്ക്കു ആനുകൂല്യം ലഭിക്കുകയുള്ളൂ.

ഒന്നാമതായി ഗുണഭോക്താക്കൾ ജൂലായ് 25 നുള്ളിൽ തങ്ങളുടെ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങൾ സംസ്ഥാന കൃഷി വകുപ്പിന്റെ പോർട്ടലായ AIMS പോർട്ടലിൽ ഉൾപ്പെടുത്തണം. ഇതിനായി പോർട്ടലിൽ പി എം കിസ്സാൻ ലാൻഡ് വേരിഫിക്കേഷൻ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും കോമൺ സർവ്വീസ് സെന്ററുകൾ വഴിയും ഇത് ചെയ്യാവുന്നതാണ്. അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ 2022- 2023 വർഷത്തെ ഭൂനികുതി രസീത്, ഗുണഭോക്താവിന്റെ ആധാർ കാർഡ്, പി എം കിസ്സാൻ ആനുകൂല്യം ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് എന്നിവയാണ്. കൂടാതെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണും ഒ ടി പി ലഭിക്കുന്നതിനായി കൈയിൽ കരുതേണ്ടതുണ്ട്.

വിള ഇൻഷുറൻസ് പോലുള്ള പദ്ധതികളിൽ മുൻപ് AlMS പോർട്ടലിൽ കർഷക രജിസ്ട്രേഷൻ ചെയ്തവർ അവരുടെ AlMS ഐ ഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലാൻഡ് വേരിഫിക്കേഷൻ പൂർത്തിയാക്കണം. ഇങ്ങനെ ലാൻഡ് വേരിഫിക്കേഷൻ പൂർത്തിയാക്കുന്ന ഗുണഭോക്താക്കൾക്കു മാത്രമേ പന്ത്രണ്ടാം ഗഡുവിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ. ലാൻഡ് വേരിഫിക്കേഷൻ പൂർത്തീകരിക്കാത്ത ഗുണഭോക്താക്കളുടെ ലിസ്റ്റ് മിക്ക കൃഷിഭവനുകളിലും ലഭ്യമായതിനാൽ ലാൻഡ് വേരിഫിക്കേഷൻ ക്രിത്യമായി പൂർത്തീകരിക്കുവാൻ ഗുണഭോക്താക്കൾ ശ്രദ്ധിക്കണം.

അടുത്തതായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം പന്ത്രണ്ടാം ഗഡു അക്കൗണ്ടിലെത്തുവാൻ പി എം കിസ്സാനിൽ രജിസ്റ്റർ ചെയ്തിതിക്കുന്ന ഗുണഭോക്താക്കൾ തങ്ങളുടെ eKYC പൂർത്തീകരിക്കണമെന്നതാണ്. OTP അടിസ്ഥാനമാക്കിയുള്ള eKYC പി എം കിസ്സാൻ പോർട്ടലിൽ ലഭ്യമാണ്. അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള eKY C അടുത്തുള്ള കോമൺ സർവ്വീസ് സെന്റർ വഴിയും പൂർത്തീകരിക്കാം. എല്ലാ പിഎം കിസ്സാൻ ഗുണഭോക്താക്കൾക്കും തങ്ങളുടെ eKYC പൂർത്തീകരിക്കുവാനുള്ള സമയ പരിധി ജൂലായ് 31 വരെ നീട്ടിയതായി പി എം കിസ്സാൻ പോർട്ടലിൽ തന്നെ അറിയിച്ചിട്ടുണ്ട്. ഇതുവരെ eKYC ചെയ്യാത്തവർക്കും ആനുകൂല്യം കിട്ടിയെങ്കിലും പന്ത്രണ്ടാം ഗഡു മുതൽ eKYC പൂർത്തി കരിച്ചാൽ മാത്രമേ ആനുകൂല്യം ലഭിക്കൂ. പി എം കിസ്സാൻ പോർട്ടലിൽ വന്നിരിക്കുന്ന മറ്റൊരു മാറ്റം മുൻപ് ആധാർ നമ്പർ, അക്കൗണ്ട് നമ്പർ എന്നിവ നൽകി ബെനഫിഷ്യറി സ്റ്റാറ്റസ് ചെക്കു ചെയ്യാനുള്ള സൗകര്യം ഒഴിവാക്കി പകരം ഇനി മുതൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പി എം കിസ്സാന്റെ രജിസ്ട്രേഷൻ നമ്പറും നൽകി മാത്രമേ ബെനഫിഷ്യറി സ്റ്റാറ്റസ് ചെക്കു ചെയ്യുവാൻ സാധിക്കൂ. പി എം കിസ്സാൻ നിധി പന്ത്രണ്ടാം ഗഡുവിന്റെ വിതരണം സെപ്റ്റംബർ 1 മുതൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് 1 മുതൽ നവംബർ 30 വരെയുള്ള ആനുകൂല്യമാണ് ഇനി ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തുന്നത്.

Similar Posts