വാട്സാപ്പിന്റെ ‘സ്വകാര്യതാനയം’ ഏറ്റില്ല. നയം അംഗീകരിച്ചില്ലെങ്കിലും വാട്സാപ്പ് ഇനി എല്ലാവരുടെയും കൈകുമ്പിളിൽ ഭദ്രം.
പുതിയ സ്വകാര്യതാനയം 15നു മുൻപ് അംഗീകരിക്കാത്ത ഉപഭോക്താക്കൾക്ക് പിന്നീട് സന്ദേശം അയയ്ക്കാൻ സാധിക്കില്ലെന്ന നിലപാട് വാട്സ്ആപ്പ് ഉപേക്ഷിച്ചു. കോവിഡിന്റെ വ്യാപനം നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് വാട്ട്സ്ആപ്പ് ഒരു അത്യാവശ്യ ഘടകം തന്നെയാണ്. ഈ സമയത്ത് വാട്സ്ആപ്പ് മുടങ്ങില്ലെന്ന് കമ്പനി അറിയിച്ചു.
വാട്സ്ആപ്പ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്ക്, ഏതൊക്കെ തരം ചാറ്റ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സാപ്പ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സാപ്പിലെ ഉടമകളായ ഫേസ്ബുക്കുമായും, ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും, മറ്റു ഇൻറർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കും എന്ന് പറയുന്ന നയം ഇക്കൊല്ലം ആദ്യം ആണ് പ്രഖ്യാപിച്ചത്.
തുടക്കത്തിൽ തന്നെ ശക്തമായ എതിർപ്പ് സമൂഹത്തിൽനിന്നും സർക്കാരിൽനിന്നും വാട്സ്ആപ്പ് കമ്പനി നേരിട്ടുകൊണ്ടിരുന്നു. ഫെബ്രുവരി എട്ടിനു മുമ്പ് നയം അംഗീകരിക്കാത്തവർക്ക് പിന്നീട് വാട്സ്ആപ്പ് കോൾ നോട്ടിഫിക്കേഷൻ കിട്ടുമെങ്കിലും സന്ദേശം അയക്കാൻ ആകില്ലെന്ന് ആയിരുന്നു അറിയിപ്പ്. ഇത് വിവാദമായതോടെ വാട്സാപ്പ് നയം പിൻവലിച്ചു. ആരുടെയും അക്കൗണ്ടുകളും ഡിലീറ്റ് ചെയ്യില്ലെന്നും തുടർന്നുള്ള ഏതാനും ആഴ്ചകളിൽ ഉപഭോക്താക്കളെ നയം സംബന്ധിച്ച് സന്ദേശങ്ങളിലൂടെ ഓർമ്മിപ്പിക്കുമെന്നും കമ്പനി പറയുന്നു.
പക്ഷേ ഏറെപ്പേർ നയം അംഗീകരിച്ച വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തെന്ന് കമ്പനി അറിയിച്ചു. പക്ഷേ അവർ എത്രത്തോളമുണ്ടെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
53 കോടി വരിക്കാർക്കാണ് ഇന്ത്യയിൽ വാട്സ്ആപ്പ് ഉള്ളതെന്ന് സർക്കാർ കണക്കുകൾ പറയുന്നു.