“പൂരപ്പെരുമ” ഒട്ടും കുറയ്ക്കാതെ തൃശ്ശൂർപൂരം പൊടിപൊടിക്കാൻ തീരുമാനമായി

“പൂരപ്പെരുമ” ഒട്ടും കുറയ്ക്കാതെ തൃശ്ശൂർപൂരം പൊടിപൊടിക്കാൻ തീരുമാനമായി. തൃശ്ശൂർപൂരം കോവിഡ് നിയന്ത്രണങ്ങളോടെ അടിപൊളിയായി നടത്താൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആദ്യം പൂരം പ്രദർശനത്തിന് ഒരു ദിവസം 200 പേർക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. ഈ നിയന്ത്രണവും മാറ്റി. ഓൺലൈൻ ടിക്കറ്റ് സംവിധാനവും പിൻവലിച്ചു. പൂരത്തിന്റെ ചടങ്ങുകൾ ആയ കുടമാറ്റവും, വെടിക്കെട്ടും അടക്കമുള്ള ചടങ്ങുകൾ നടത്താൻ സർക്കാർ മുൻപ് തന്നെ അനുമതി നൽകിയിട്ടുണ്ട്. ഈ ചടങ്ങുകളെല്ലാം കോവിഡ് നിയന്ത്രണത്തോടെ നടക്കും.

പൂരം പ്രദർശനങ്ങൾ നടത്താൻ ഇരു ദേവസ്വങ്ങളും സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിക്കുകയായിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ കോവിഡ് മുൻകരുതലുകൾ പാലിക്കാമെന്നുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് മേൽനോട്ടം വഹിക്കണമെന്നാണ് കളക്ടർ നിർദ്ദേശിച്ചത്. ഏപ്രിൽ ഒന്നുമുതൽ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുകയും ഇരു ദേവസ്വങ്ങളിലെയും 45 വയസ്സിന് മുകളിലുള്ള സംഘാടകർക്ക് കോവിഡ് വാക്സിനേഷൻ നൽകുകയും ചെയ്യുമെന്ന് ഡിഎംഒ കെ.ജെ റീന അറിയിച്ചു. കോവിഡ് നിയന്ത്രണം ഉറപ്പുവരുത്താൻ പോലീസ് നിരീക്ഷണം കമ്മീഷണർ ആർ. ആദിത്യ ഉറപ്പുനൽകി.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പൂരം തടസ്സങ്ങളില്ലാതെ നടത്താൻ തീരുമാനിച്ചിരുന്നു. പക്ഷേ കോവിഡ് മൂലം പൂരം പ്രദർശനത്തിൽ 200 പേരെ മാത്രമേ പ്രവേശിക്കാവു എന്ന് ആരോഗ്യ വകുപ്പിൻറെ റിപ്പോർട്ട് വന്നതോടെ പ്രതിസന്ധിയിൽ ആകുകയായിരുന്നു. പൂരത്തിൻറെ ചെലവ് തുക കണ്ടെത്താൻ സഹായിക്കുന്ന പൂരം പ്രദർശനം നല്ലരീതിയിൽ നടത്തിയില്ലെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് സംഘാടകർ മുന്നറിയിപ്പ് കൊടുത്തിരുന്നു.