പെൻഷൻ പരിഷ്കരണം : ജൂൺ 30 ന് മുൻപ് സത്യവാങ്മൂലം നൽകണം

പെൻഷൻ പരിഷ്കരണം : ജൂൺ 30 ന് മുൻപ് സത്യവാങ്മൂലം നൽകണം. പരിഷ്കരിച്ച പെൻഷൻ അധികമായി കൈപ്പറ്റിയെങ്കിൽ ജൂൺ 30 ന് മുൻപ് തിരിച്ചടയ്ക്കാം എന്ന് പേപ്പറിലോ, ഓൺലൈൻ ആയോ എല്ലാ പെൻഷൻകാരും സമർപ്പിക്കണമെന്ന് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. സത്യവാങ്മൂലം നൽകാത്തവരുടെ തുടർന്നുള്ള പെൻഷൻ കുടിശ്ശിക തടഞ്ഞു വെക്കും. ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം പ്രിസം വെബ്സൈറ്റിൽ (www.prism.kerala.gov.in) ഈ മാസം 30 ന് മുൻപ് ലഭ്യമാകും.

പോസ്റ്റോഫീസ് വഴി പെൻഷൻ ലഭിക്കുന്നവർ മാതൃ ട്രഷറിയിൽ ആണ് സത്യവാങ്മൂലം നൽകേണ്ടത്. ബാങ്ക് വഴി ലഭിക്കുന്നവരാണെങ്കിൽ ഏറ്റവും അടുത്തുള്ള ട്രഷറി ശാഖയിൽ നൽകണം. വൺ റാങ്ക് വൺ പെൻഷൻ ആനുകൂല്യം ലഭിക്കാത്തവർ സർവ്വീസ് പെൻഷൻ സംബന്ധമായ വിവരങ്ങളും രേഖകളും ഓൺലൈനായോ, നേരിട്ടോ ട്രഷറിയിൽ നൽകണം. ഒന്നോ അതിലധികമോ പെൻഷൻ വാങ്ങുന്നവർക്ക് ഒരു സ്പെഷ്യൽ കെയർ അലവൻസ് മാത്രമേ ലഭിക്കുകയുള്ളൂ. പെൻഷൻ പരിഷ്കരണത്തിൽ പരാതിയുണ്ടെങ്കിൽ ജൂൺ 30 മുൻപ് ട്രഷറികളിൽ സമർപ്പിക്കണം. ഈ മാസം 31ന് മുൻപ് വിരമിക്കുന്നവർ പരിഷ്കരിക്കുന്നതിനു മുൻപുള്ള സ്കെയിലിലെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള അപേക്ഷ സമർപ്പിക്കണം. 80 വയസ്സ് കഴിഞ്ഞവർക്ക് പ്രതിമാസം 1000 രൂപയുടെ സ്പെഷ്യൽ കെയർ അലവൻസ് ലഭിക്കുന്നതിന് ജനനത്തീയതി ട്രഷറിയിൽ സമർപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

Similar Posts