പെൻഷൻ വാങ്ങുന്നവർ ഇവിടെ ശ്രദ്ധിക്കൂ. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട സമയമായി

സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വാങ്ങുന്നവരും, അതോടൊപ്പം സർവീസ് പെൻഷൻ തുടങ്ങി മറ്റു പെൻഷനുകൾ കൈപ്പറ്റുന്നവർ അറിയേണ്ട ഏറ്റവും പ്രധാന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പെൻഷനുകൾ സർക്കാരിൽ നിന്നും കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ജീവിച്ചിരിപ്പുണ്ട് എന്ന് സർക്കാരിനെ ബോധിപ്പിക്കുന്ന പ്രക്രിയക്കാണ് “മസ്റ്ററിങ് “എന്ന് പറയുന്നത്. അക്ഷയ വഴി നമ്മുടെ ബയോമേട്രിക് സംവിധാനങ്ങൾ പുതുക്കി നമ്മൾ ജീവിച്ചിരിപ്പുണ്ട് എന്ന് സർക്കാരിനെ ബോധിപ്പിക്കുകയും തുടർന്ന് ഒരു വർഷ കാലയളവിലേക്ക് പെൻഷൻ നീട്ടി കിട്ടുകയും ചെയ്യുന്ന പ്രക്രിയയാണിത്.

ഇത് 2019 ൽ ആരംഭിച്ചു എങ്കിലും 2020 കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ സംസ്ഥാനത്തു ഈ പ്രക്രിയ നടന്നിരുന്നില്ല.2019 ലും പിന്നീട് അനുവദിച്ച ഇടസമയത്തും ചെയ്യാൻ സാധിക്കാതിരുന്നവർക്ക് പെൻഷൻ തടയുകയും ചെയ്തു. ഇങ്ങിനെ ഉള്ളവർക്ക് മസ്റ്ററിങ് കൂടിയേ തീരൂ. നവംബർ മാസത്തിലാണ് മസ്റ്ററിങ് നടത്തേണ്ടത്.

2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള സമയമാണ് മസ്റ്ററിങ് നടത്തേണ്ടത്. എന്നാൽ ധന വകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് മഹാമാരിക്കിടയിൽ വയോജനങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിന് ഉള്ള ബുദ്ധിമുട്ട് കണക്കിലെടുത്തു അവശനിലയിൽ ഉള്ള വയോജനങ്ങളുടെ അടുത്തേക്ക് അക്ഷയ അധികാരികൾ എത്തുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

ഇനി മറ്റുള്ള പെൻഷൻ വാങ്ങുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റുകൾ ആണ് ഹാജരാക്കേണ്ടത്. എങ്കിൽ മാത്രമേ അവർക്ക് പെൻഷൻ ലഭിക്കാൻ അർഹതയുള്ളൂ. ഒക്ടോബർ 1 മുതൽ 31 വരെയാണ് 80വയസ്സും അതിനു മുകളിലും ഉള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടത്. ബാക്കിയുള്ളവർക്ക് നവംബർ 30 വരെ സമർപ്പിക്കാം.

പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളെ സംബന്ധിച്ചു ബന്ധപ്പെട്ട പെൻഷൻ അതോറിറ്റിക്ക് മുൻപാകെ ആണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. ഓൺലൈൻ ആയി അപേക്ഷിച്ചു ലൈഫ് സർട്ടിഫിക്കറ്റുകൾ കരസ്തമാക്കാം. ഇത് തപാൽ മാർഗമോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട ബാങ്ക് അല്ലെങ്കിൽ പോസ്റ്റ്‌ ഓഫീസ് ശാഖയിൽ ആണ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടത്.

Similar Posts