പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളുടെ പരിമിതികൾ എന്തെല്ലാമാണെന്ന് അറിയാം!
ബാങ്കുകളുടേതു പോലെ തന്നെ നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റോഫീസുകളിലും ഉണ്ട്.സേവിങ്സ് ബാങ്ക് അക്കൗണ്ട്, റിക്കറിംഗ് ഡെപോസിറ്റ്, ടൈം ഡെപോസിറ്റ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് ഇവയൊക്കെ പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികൾക്ക് ഉദാഹരണങ്ങളാണ്. ഈ പദ്ധതികൾ പലതും ബാങ്കുകളിൽ ഉള്ള സമാന സ്വഭാവമുള്ള നിക്ഷേപ പദ്ധതികളേക്കാൾ മികച്ചതാണ്. എന്നാൽ പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികൾക്ക് ജനകീയത കുറവാണ്. നിക്ഷേപങ്ങൾക്കായി കൂടുതൽ ആളുകളും ബാങ്കുകളെ തന്നെയാണ് ആശ്രയിക്കുന്നത്. കാരണം പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളെപ്പറ്റി ആർക്കും കാര്യമായ അറിവില്ല. ഭൂരിഭാഗം ആളുകൾക്കും അറിയാവുന്നത് പോസ്റ്റോഫീസുകളിലെ റിക്കറിംഗ് ഡെപോസിറ്റുകളെ കുറിച്ച് മാത്രമാണ്. ഇതിനു കാരണം ആർഡി ഏജന്റുകളുടെ മിടുക്കാണ്.അവർ വീടുകളിൽ കയറി ആളുകളെ ഇതിൽ ചേർക്കുകയും കളക്ഷൻ എടുക്കുകയും ഒക്കെ ചെയ്യുന്നു.
പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളുടെ ആകർഷണീയത എന്ന് പറയുന്നത് ഒട്ടും റിസ്ക് ഇല്ല എന്നുള്ളതാണ്, അതുകൊണ്ട് തന്നെ ഇവിടെ റിട്ടേണും അല്പം കുറവാണ്.മ്യൂച്ചൽ ഫണ്ടിൽ നിന്നോ സ്റ്റോക്കിൽ നിന്നോ ലഭിക്കുന്ന റിട്ടേൺ ഒരിക്കലും പോസ്റ്റോഫീസിൽ നിന്നും ലഭിക്കുന്നില്ല എന്നത് മറ്റൊരു കാരണമാണ്. പോസ്റ്റോഫീസ് ജീവനക്കാർ ഒരു വിഭാഗം നിക്ഷേപകരോട് സൗഹൃദപരമായി പെരുമാറുന്നില്ല എന്നതും ഒരു കാരണം തന്നെയാണ്. ജീവനക്കാർക്ക് അതിനുള്ള പരിശീലനം ലഭിയ്ക്കാത്തത് ആകാം ഇതിന് ഇടയാക്കുന്നത്.