ബാങ്ക് അക്കൗണ്ട് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലോ നിങ്ങൾ അതിൽ ഇടപാട് നടത്തുന്നവരോ ആണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. കോവിഡ് കാരണം ഒന്നര വർഷമായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടിൽ 2000 രൂപ നിക്ഷേപിച്ചു പിറ്റേ ദിവസം ബാലൻസ് ചെക്ക് ചെയ്തപ്പോൾ 500 രൂപയെ അവശേഷിച്ചിരുന്നുള്ളൂ. ബാങ്കിൽ അന്വേഷിച്ചപ്പോൾ ബാങ്ക് തന്നെ ബാക്കി തുക വിവിധ സർവീസ് ചാർജ് ഇനത്തിൽ പിടിച്ചതാണെന്ന് അറിയിക്കുകയുണ്ടായി.

ഒറ്റനോട്ടത്തിൽ ബാങ്കുകാരാണ് കുറ്റക്കാർ എന്ന് തോന്നുമെങ്കിലും ഒന്നര വർഷമായി അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനെ തുടർന്ന് ചാർജ് ഈടാക്കിയതാണ് എന്നതാണ് വസ്തുത.ഇത്തരത്തിൽ പലവിധ ചാർജുകളും ബാങ്കുകൾ ഈടാക്കുന്നുണ്ട്. എന്നാൽ ഇത്തരം സർവീസ് ചാർജുകളിൽ പലതും നിങ്ങൾക്ക് ഒഴിവാക്കാവുന്നതാണ്. അതിനായി ഏതൊക്കെ ഇനം സർവീസ് ചാർജുകൾ ആണ് ബാങ്കുകൾ ഈടാക്കാറ് എന്നറിഞ്ഞു അതിനാവശ്യമായ തരത്തിൽ അക്കൗണ്ടിലെ ഇടപാടുകൾ നടത്തുകയാണെങ്കിൽ ഒട്ടുമിക്ക സർവീസ് ചാർജുകളും ഒഴിവാക്കാം.

അതിനായി ഒരു സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ ബാധകമായ സർവീസ് ചാർജുകൾ ഏതെല്ലാം ആണെന്ന് മനസിലാക്കാം.

ഒന്നാമതായി, അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസുമായി ബന്ധപ്പെട്ട ചാർജുകളാണ്. പൊതുവെ 1000 രൂപ മുതൽ മുകളിലേക്ക് പല സ്കീമുകൾ ആയിട്ടാണ്  ഇത് നിജപ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിന് തുക അക്കൗണ്ടിൽ സൂക്ഷിച്ചിട്ടില്ലെങ്കിൽ 100 രൂപ മുതൽ 300 രൂപ വരെയാണ് പ്രതിമാസം ഈടാക്കുന്നത്.

രണ്ടാമതായി ATM ഇടപാടുകളുമായി ബന്ധപ്പെട്ട ചാർജ്കളാണ്. ATM വഴിയുള്ള സൗജന്യ ഇടപാടുകളുടെ എണ്ണം മിക്ക ബാങ്കുകളും പ്രതിമാസം 5ആയി നിജപ്പെടുത്തിയിട്ടുണ്ട്. പണം പിൻവലിക്കുന്നതിന് 20 രൂപ, ബാലൻസ് പരിശോധന ഉൾപ്പെടെ ഉള്ള മറ്റു കാര്യങ്ങൾക്ക് 10രൂപ എന്നിങ്ങനെയാണ് കൂടുതലായി നടത്തുന്ന ഓരോ ഇടപാടിനും ഈടാക്കുന്നത്. ഇതുകൂടാതെ ATM കാർഡിന് വാർഷിക ഫീസ് ആയി 150 രൂപ മുതൽ 500 രൂപ വരെയാണ് ബാങ്കുകൾ ഈടാക്കുന്നത്.

മൂന്നാമതായി അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട ചാർജുകളാണ്. ചെക്കു വഴിയോ, ഓൺലൈൻ ട്രാൻസ്ഫർ വഴിയോ പണം നിക്ഷേപിക്കുന്നത് സൗജന്യമാണെങ്കിലും കറൻസി നിക്ഷേപിക്കുന്നതിന് മിക്ക ബാങ്കുകളും ചാർജ് ഈടാക്കുന്നുണ്ട്. പ്രതിമാസം ഒന്നോ രണ്ടോ ലക്ഷം വരെ മാത്രമാണ് സൗജന്യമായി നിക്ഷേപിക്കാൻ സാധിക്കൂ. കൂടുതലായി അടക്കുന്ന പണത്തിനു ലക്ഷത്തിനു 250 രൂപ വരെ ബാങ്കുകൾ ക്യാഷ് ഹാൻഡ്‌ലിംഗ് ചാർജ് ഇനത്തിൽ ഈടാക്കും. ക്യാഷ് ഡെപ്പോസിറ്റ് മെഷീൻ വഴി അടക്കുകയാണെങ്കിൽ സാധാരണ ചാർജിന്റെ പകുതിയോളം ഇളവ് ലഭിക്കുന്നതാണ്.

നാലാമതായി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചാർജുകളാണ്. ചെക്കിന് പകരം withdrawal സ്ലിപ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനും ബാങ്കുകൾ പണം ഈടാക്കുന്നുണ്ട്.25 രൂപ മുതൽ 50 രൂപ വരെയാണ് ഒരു ഇടപാടിന് ഈടാക്കുന്നത്.

അഞ്ചാമതായി അക്കൗണ്ടിലെ ഇടപാടുകളുടെ എണ്ണമനുസരിച് ഉള്ള ചാർജുകൾ ആണ്. മൂന്നു മാസ കാലയളവിൽ നടക്കുന്ന ഇടപാടുകളുടെ എണ്ണം 40 ൽ തുടങ്ങി 50 ൽ കൂടുകയാണെങ്കിലാണ് ഈ ചാർജ് ബാധകമാകുന്നത്. തുടർന്നുള്ള ഓരോ 40 മുതൽ 50 വരെയുള്ള ഇടപാടുകൾക്കും 20മുതൽ 50 രൂപ വരെയാണ് ഓരോ ബാങ്കും ഈടാക്കുന്നത്.

ക്യാഷ് ബാക്ക് കിട്ടുമെന്ന് കരുതി ഗൂഗിൾ പേ വഴിയും മറ്റും ചെറിയ തുകകളുടെ ഇടപാടുകൾ തുരുതുരാ നടത്തിയ ഒരുപാട് പേർക്ക് ക്യാഷ് ബാക്ക് കിട്ടുന്നതിന് പകരം അക്കൗണ്ടിൽ നിന്ന് ലെഡ്ജർ ഫോളിയോ ചാർജിനത്തിൽ നല്ലൊരു തുക നഷ്ടപെട്ട ഒത്തിരി സംഭവങ്ങൾ ഉണ്ട്.

ആറാമതായി ഇപ്പോൾ വിവരിച്ചവ കൂടാതെ ചെക് ബുക്ക്‌, sms അലേർട്ട്, RTGS, Neft, ചെക് റിട്ടേൺ, ലോക്കർ എന്നീ ചാർജുകൾ ബാങ്കുകൾ ഈടാക്കാറുണ്ടെങ്കിലും പ്രസ്തുത സേവനങ്ങൾ പ്രയോജന പെടുത്തുന്നവർക്ക് മാത്രമേ ഇത് ബാധകമാകുന്നുള്ളൂ. ചുരുക്കി പറഞ്ഞാൽ അക്കൗണ്ടിൽ ബാധകമായ ചാർജുകൾ എന്തൊക്ക ആണെന്ന് അറിയാനായി ബാങ്ക് ശാഖയിലെ നോട്ടീസ് ബോർഡിലും ബാങ്കിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുള്ള സർവീസ് ചാർജ് സംബന്ധമായ വിവരങ്ങൾ പരിശോധിക്കുക. സംശയമുണ്ടെങ്കിൽ ബാങ്കിന്റെ കസ്റ്റമർ കെയർ മായി ബന്ധപ്പെടുക.

Similar Posts