ബിപിഎൽ റേഷൻ കാർഡ് ഉടമകളായ കുടുംബത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇനി മുതൽ ബസ്സിൽ സൗജന്യ യാത്ര അനുവദിക്കും. മറ്റു വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് യാത്രാനിരക്ക് വർദ്ധിപ്പിക്കാനാണ് സാധ്യത. ഇതിന്റെ തോതും എന്നു മുതൽ നടപ്പിൽ വരും എന്നുള്ളതും എല്ലാം മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കും.
രാത്രി യാത്രയുടെ നിരക്ക് കൂടുവാനും സാധ്യതയുണ്ട്. ബസ് നിരക്ക് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആൻറണി രാജു നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമെടുത്തത്. വിദ്യാർഥികളുടെ കൺസഷൻ സംബന്ധിച്ച് ഇനി യാതൊരു ചർച്ചയും ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിൽ കുടുംബ വരുമാനം നോക്കാതെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും തുല്യ കൺസഷൻ ആണ് നൽകി വരുന്നത്.
ഇനി മുതൽ റേഷൻ കാർഡ് അടിസ്ഥാനത്തിലായിരിക്കും കൺസഷൻ ലഭിക്കുക. മഞ്ഞ റേഷൻ കാർഡ് ഉള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കാണ് സൗജന്യ യാത്ര അനുവദിക്കാൻ പോകുന്നത്. സാധാരണ ബസ് യാത്രക്കാർക്ക് മിനിമം നിരക്ക് 10 രൂപയും, കിലോമീറ്ററിന് 90 പൈസയും, വിദ്യാർഥികൾക്ക് മിനിമം നിരക്ക് അഞ്ചു രൂപയും, തുടങ്ങിയവയാണ് രാമചന്ദ്രൻ കമ്മിറ്റി നിർദേശിച്ചത് എന്നും ഇത് ബസ്സുടമകളുടെ പ്രതിനിധികളുമായി ചർച്ച ചെയ്താണ് പൊതു നിർദ്ദേശത്തിൽ വന്നതെന്നും മന്ത്രി അറിയിച്ചു.
ഒരു രൂപയാണ് വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഉണ്ടായിരുന്നത്. രാത്രി യാത്രയിൽ ബസ്സുകളുടെ കുറവുമൂലം ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ ബസ് നിരക്ക് കൂട്ടിയാൽ കൂടുതൽ ബസുകൾ രാത്രി സർവീസിന് ഇറക്കാമെന്ന നിർദ്ദേശം ബസ്സുടമകൾ സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ രാത്രി യാത്രയ്ക്ക് ഇനി കൂടുതൽ തുക മുടക്കേണ്ടി വരും.
രാത്രി എട്ട് മുതൽ ആണോ ഒൻപതു മുതൽ ആണോ ചാർജ് വർധന എന്ന കാര്യം പിന്നീട് തീരുമാനിക്കും. കൂടിയ നിരക്ക് രാത്രി മുതൽ രാവിലെ ആറു വരെ നിലനിൽക്കും. നിരക്ക് വർദ്ധനവ് അനിവാര്യമാണ് എന്നാണ് പൊതുവായ ധാരണ. കെഎസ്ആർടിസി, സ്വകാര്യ ബസ്സുകളിൽ കൺസഷൻ നിരക്ക് ഏകീകരിക്കില്ല.
കോവിഡ് വർധിച്ച സമയത്ത് യാത്രക്കാരുടെ എണ്ണം കുറഞ്ഞപ്പോൾ ബസ് നിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് കെഎസ്ആർടിസി സൂപ്പർ ക്ലാസ് ബസ്സുകളിൽ 25 ശതമാനം നിരക്ക് കുറച്ചു. കോവിഡിന് ശേഷം പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു.