ഭൂഗർഭ ജലത്തിൻറെ അളവ് കൃത്യമായി അറിയാൻ കുഴൽ കിണറുകളിൽ ഇനി സെൻസറുകൾ

കുഴൽക്കിണറിലെ ഭൂഗർഭ ജലത്തിൻറെ ഉയർച്ചയും, താഴ്ചയും, സ്വഭാവത്തിലെ മാറ്റവും അറിയാൻ ഇനി സെൻസറുകൾ. ഒരു ദിവസത്തിൽ നാല് തവണ സെൻസറിൽ മാറ്റങ്ങൾ ലഭിക്കും. ജലനില തുടർച്ചയായി അറിയാൻ കേന്ദ്ര-സംസ്ഥാന ഭൂഗർഭജല വകുപ്പ് സംയുക്തമായി ജില്ലകളിലെ നിരീക്ഷണ കിണറുകളിൽ സെൻസറുകൾ സ്ഥാപിച്ചാണ് കണക്കെടുപ്പ് ശാസ്ത്രീയമാക്കുന്നത്.

ഭൂഗർഭ ജലത്തിൻറെ നില വ്യക്തമായി അറിയാത്തതിനാൽ ജലസംഭരണം, ഉപയോഗം, റീചാർജിങ് എന്നീ വിഷയങ്ങളിൽ കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ കഴിയാത്ത പ്രശ്നത്തിന് ഇതോടെ പരിഹാരമാകുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സെൻസർ ഡാറ്റ സംവിധാനം വിജയകരമായതോടെ അതു മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.

നിരീക്ഷണ കിണറുകളിലെ സെൻസർ വഴി ഭൂഗർഭ ജലത്തിൻറെ ഏറ്റക്കുറച്ചിലുകൾ വകുപ്പിൻറെ കേന്ദ്ര ഓഫീസിലെ സെർവറിൽ ആണ് ലഭിക്കുക. നാട്ടിലെ പൊതു കിണറുകൾ, കുളങ്ങൾ, സ്വകാര്യ കിണറുകൾ എന്നിവയിലെ വെള്ളത്തിൻറെ അളവ് കണക്കാക്കാൻ കേന്ദ്ര ജല ബോർഡിൻറെ സഹായത്തോടെ “നീരറിവ്” എന്ന പേരിലുള്ള ആപ്പും പ്രവർത്തനമാരംഭിച്ചു.

 

Similar Posts