ഭൂമിയിലെ ചൂട് കുറയ്ക്കാൻ സൂപ്പർ ഐഡിയയുമായി ബിൽഗേറ്റ്സ്, സൂര്യനെ ഭാഗികമായി മറക്കണമെന്ന്!

ഭൂമിയെയും, കാലാവസ്ഥയെയും മാറ്റിമറിക്കാൻ ശേഷിയുള്ള ഒരു ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിൽഗേറ്റ്സ്. ആഗോളതാപനത്തെ നേരിടാൻ ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് അദ്ദേഹം കൊണ്ടുവരുന്ന ആശയം. അതായത് സൂര്യനെ ഭാഗികമായെങ്കിലും മറക്കുക.

ആശയം മുന്നോട്ടുവച്ചത് കൂടാതെ ഹാർവാർഡ് സർവകലാശാലയിൽ സോളാർ എൻജിനിയറിംഗ് റിസർച്ച് പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങളും ചെയ്തു. ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്ന സൂര്യപ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിലെ പ്രായോഗികതയെ ആണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

പക്ഷേ സൂര്യപ്രകാശം തടയുക എന്ന ആശയത്തെ ശാസ്ത്രലോകം ഇപ്പോഴും കാര്യമായി കണക്കിലെടുത്ത് പഠനവിധേയമാക്കിയിട്ടില്ല എന്നതാണ് പരമമായ സത്യം. എന്നിരിക്കെ ഈ നില മാറിമറിയാനും, കാര്യങ്ങൾ സുഗമമായി നടക്കാനും സാധ്യതയുണ്ട്. അമേരിക്കൻ സർക്കാർ നാഷണൽ അക്കാദമി ഓഫ് സയൻസ്, എഞ്ചിനീയറിംഗ് മെഡിസിൻ ജിയോ എൻജിനീയറിങ്ങിനായി 100 ദശലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ട്. ഇതൊരു നല്ല സൂചനയായി കണക്കാക്കാം.

സൂര്യ പ്രകാശം ഭൂമിയിൽ എത്തുന്നത് കുറയ്ക്കുന്നതിന് പല ആശയങ്ങളും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നുണ്ട്. അന്തരീക്ഷത്തിലേക്ക് എയറോസോൾ കണങ്ങൾ ( വായുവിൽ തങ്ങി നിൽക്കുന്ന ഖര, ദ്രാവക, സൂക്ഷ്മ കണങ്ങൾ ) നിക്ഷേപിച്ച് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് എത്താതെ പ്രതിഫലിപ്പിക്കുക എന്ന രീതിയാണ് ഇതിൽ പ്രധാനം. പ്രകൃത്യാ സൂക്ഷ്മ കണങ്ങൾ വഴി ഭൂമിയിലേക്കുള്ള സൂര്യപ്രകാശം തടഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആഗോളതാപനത്തെ നേരിടാനുള്ള മാർഗങ്ങൾ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷെ ഇതിനെ കുറിച്ച് ആർക്കും വ്യക്തത ആയിട്ടില്ല.

Similar Posts