മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ചോറ്. ചോറിന്റെ കൂടെ കഴിക്കാൻ നല്ല കറിയൊക്കെ ഉണ്ടങ്കിൽ മാത്രമേ നമുക്ക് ആസ്വദിച്ചു കഴിക്കാൻ പറ്റുകയുള്ളൂ. കൂടാതെ എരിവുള്ള കറി കൂട്ടി കഴിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. അങ്ങനെയുള്ള കളർഫുള്ളായ ഒരു കറിയെപ്പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്. ഇത് കണ്ടാൽ നിങ്ങൾക്ക് മീൻ കറിയാണെന്നേ തോന്നൂ. സാധാരണ നമ്മൾ കറിയാക്കുമ്പോൾ തക്കാളി അല്ലെങ്കിൽ ഉള്ളി എന്നിവയൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ കറിക്ക് അതൊന്നും ആവശ്യമില്ല. വെറും കുറഞ്ഞ ചേരുവകൾ മാത്രമേ ഇതിന് ആവശ്യമുള്ളൂ.
ഇതിനു വേണ്ട സാധനങ്ങൾ 2 വെളുത്തുള്ളി, 3 ആയാലും കുഴപ്പമില്ല. വെളുത്തുള്ളിയുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഈ കറിക്ക് രുചി കൂടും. ഇത് ഗ്യാസ് ട്രബിളിനും ദഹനത്തിനും വയറ് ശുദ്ധീകരിക്കാനും വളരെ നല്ലതാണ്. ഇനി വേണ്ടത് തൈരാണ്. നമ്മുടെ ഈ കറിക്ക് പുളിയോ തക്കാളിയോ ഒന്നും ചേർക്കുന്നില്ല. അതിനാൽ തന്നെ 4 ടേബിൾ സ്പൂൺ തെരെങ്കിലും വേണം. പിന്നെ വേണ്ടത് 3.1/2 ടീസ്പൂൺ മുളക്പൊടി ആണ്. ഈ കറി മീൻ കറി പോലെ നല്ല ചുവന്ന നിറത്തിലാണ് ഉണ്ടാവുക. അതിനാൽ തന്നെ ഇതിൽ പച്ചമുളക് ചേർക്കേണ്ട ആവശ്യം വരുന്നില്ല. കളറിന് പ്രാധാന്യം കൊടുക്കുന്നതിനാൽ ഇതിൽ കാശ്മീരി മുളകുപൊടി ഇടുന്നതായിരിക്കും നല്ലത്. ഇതിന് എരിവും കുറവായിരിക്കും. ഇനി 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 1 ടീസ്പൂൺ മല്ലിപ്പൊടിയും 1/2 ടീസ്പൂൺ ഗരം മസാലയും വേണം. 1.1/2 ടീസ്പൂൺ വെളിച്ചെണ്ണയും 1/2 ടീസ്പൂൺ കടുക്,1/4 സ്പൂൺ ഉഴുന്ന്,1/4 ടീസ്പൂൺ നല്ല ജീരകം, കുറച്ച് കറിവേപ്പില പിന്നെ ആവശ്യത്തിന് ഉപ്പും വെള്ളവും വേണം.
ഇനി ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം വൃത്തിയാക്കി വെച്ച വെളുത്തുള്ളി ചെറിയ ഉരലിലിട്ട് ചതച്ച് വെയ്ക്കുക. ഇനി ഒരു ജാറെടുത്ത് തൈര് ഒഴിക്കുക. അതിൽ ഇനി പറയുന്ന പൊടികൾ ചേർക്കുക. മേൽ പറഞ്ഞ അളവിൽ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ അരച്ചെടുക്കുക. ഇനി ഈ അരപ്പ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഈ ജാറിൽ കുറച്ച് വെള്ളം എടുത്ത് അരപ്പിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഇനി സ്റ്റൗ ഓൺ ചെയ്ത് ഒരു പാനെടുത്ത് അതിൽ വെളിച്ചെണ്ണ ഒഴിക്കുക.
ഈ കറിയുടെ രുചിയിൽ വെളിച്ചെണ്ണ വളരെ പ്രാധാന്യമർഹിക്കുന്നു. വെളിച്ചെണ്ണ ചൂടായാൽ കടുക് ഇടുക. കടുക് പൊട്ടുമ്പോൾ ഉഴുന്നും നല്ല ജീരകവും ഇടുക. ഇനി ഇതിലേക്ക് നമ്മൾ തയ്യാറാക്കി വെച്ച അരപ്പ് ഒഴിക്കുക.എന്നിട്ട് നന്നായി മിക്സ് ചെയ്യുക. കുറഞ്ഞ തീയിൽ 5-8 മിനിട്ട് ഇത് മൂടി അടച്ച് വേവിക്കുക. കുറച്ച് കഴിഞ്ഞ് മൂടി തുറന്നാൽ നല്ല മണം വരും. കറി അധികം ഡ്രൈ ആവാതിരിക്കാൻ ശ്രദ്ധിക്കണം. ഈ കറി നിങ്ങൾക്ക് ചോറിന്റെ കൂടെ ഒന്നു കഴിച്ചു നോക്കൂ. നല്ല രുചിയായിരിക്കും, മീൻ കറി കഴിക്കുന്നതിനേക്കാൾ ടേസ്റ്റായിരിക്കും ഇതിന്. പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നൊരു കറി കൂടിയാണിത്.