മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര പദ്ധതി ആരംഭിച്ചു, പരാതികൾ ഉള്ളവർക്ക് ഈ നമ്പറിൽ വിളിക്കാം
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര പദ്ധതി ആരംഭിച്ചു. പൊതു ജനങ്ങൾക്ക് ഈ പദ്ധതിയിലേക്ക് പരിഹാരത്തിനായി മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. 1076 എന്ന പുതിയ ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ മതിയാകും. കേരളത്തിനു പുറത്തു നിന്ന് വിളിക്കുന്നവർ 0471 എന്ന കോഡ് ചേർത്ത് വിളിക്കണം. ഇന്ത്യക്ക് പുറത്തു നിന്ന് വിളിക്കുന്നവർ +91 എന്ന കോഡ് ആണ് ചേർത്ത് വിളിക്കേണ്ടത്.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ഈ സേവനം ലഭ്യമായിരിക്കും. രണ്ടാം ശനിയാഴ്ചയും പ്രാദേശിക അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണ്. ഇതുവരെ 1800 425 7211 എന്ന ടോൾ ഫ്രീ നമ്പർ ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ഈ നമ്പറിനാണ് ഇപ്പോൾ മാറ്റം ഉണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് മുൻപ് എന്തെങ്കിലും പരാതിയോ, അപേക്ഷയോ നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ സ്റ്റാറ്റസ് അറിയുവാൻ ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും. സ്വീകരിച്ച അപേക്ഷകളിൽ എന്തെങ്കിലും അതൃപ്തിയോ, കൊടുത്ത പരാതികളിൽ എന്തെങ്കിലും കാലതാമസമോ ഉണ്ടെങ്കിൽ അറിയിക്കുകയും ചെയ്യാം. വിളിച്ചവർക്ക് പ്രതികരണം അറിയിക്കുവാൻ ഉള്ള ലിങ്ക് എസ് എം എസ് ആയി ലഭിക്കുന്നതാണ്. ഇതിൽ ഓരോരുത്തരുടെയും അഭിപ്രായവും റാങ്കിങ്ങും രേഖപെടുത്താം. പരാതി ഉള്ളവർക്ക് പൊതുജന പരാതി പരിഹാര ഓഫീസിൽ നേരിട്ട് എത്തിയും പരാതി സമർപ്പിക്കാവുന്നതാണ്.