മുട്ട റോസ്റ്റ് പുട്ട് ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ? മുട്ട പുട്ട് ഇങ്ങനെ തയ്യാറാക്കാം
മലയാളികളുടെ തനതായ വിഭവമാണ് ഇത്. ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ഒരുപാട് ഗുണങ്ങൾ ഉള്ളതാണ് പുട്ട്. എണ്ണ ഉപയോഗിക്കാതെ കുക്ക് ചെയ്യുന്നതുകൊണ്ട് ഏറെ നല്ലതാണു പുട്ടു. സാധാരണ നമ്മൾ പുട്ടിന്റെ കോമ്പിനേഷനായി കടലക്കറി ആണ് കഴിക്കാറ്. എന്നാലിതാ തികച്ചും വ്യത്യസ്തമായി പുട്ടും മുട്ട റോസ്റ്റും കഴിച്ചു നോക്കൂ.
അടിപൊളിയായിരിക്കും.ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം പുട്ട് ഉണ്ടാക്കാനുള്ള മാവ് കുഴയ്ക്കണം. ഒരു പാത്രമെടുത്ത് അതിൽ ഒരു കപ്പ് വെള്ള പുട്ടുപൊടി ഇടുക. ഇനി അര ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഡബിൾ ഹോഴ്സ് പുട്ടുപൊടി എടുക്കുന്നതായിരിക്കും നല്ലത്. അതു നല്ല സോഫ്റ്റായിരിക്കും. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൈ കൊണ്ട് ഇളക്കുക. ഇത് 20 മിനിറ്റ് അടച്ച് വെച്ച് വെള്ളം വറ്റാൻ വെയ്ക്കുക. എന്നിട്ട് പുട്ടു കുഴയ്ക്കാം. ഇനി മുട്ട റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ആദ്യം 4 മുട്ട പുഴുങ്ങി വയ്ക്കുക. ഓരോന്നും 4 പീസാക്കി വട്ടത്തിൽ മുറിക്കുക. ഇനി ഉള്ളി റോസ്റ്റ് ചെയ്യാം. അതിനായി ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടാക്കി മൂന്ന് ടീസ്പൂൺ എണ്ണ ഒഴിക്കുക. അതിൽ അര ടീസ്പൂൺ പെരുംജീരകം ഇടുക. അതൊന്ന് മൊരിഞ്ഞു വന്നാൽ കുറച്ചു കറിവേപ്പിലയും ഇടാം.
കറിവേപ്പില വാടി വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ഇടാം. പിന്നെ രണ്ടു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും ചേർക്കാം. ഇനി 2 പച്ചമുളക് എടുത്ത് രണ്ടായി പിളർന്നതും ഇട്ട് നന്നായി വഴറ്റുക. എന്നിട്ട് അത്യാവശ്യം വലിപ്പമുള്ള 2 സവാള നൈസായിട്ട് അരിഞ്ഞിടുക. ഇനി നല്ലവണ്ണം വഴറ്റണം. കുറച്ച് ഉപ്പിട്ട് വഴറ്റിയാൽ വേഗം തന്നെ സവാള വെന്തു വരും. ഇനി ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ഇട്ടു വഴറ്റുക. 3 മിനിറ്റെങ്കിലും വഴറ്റണം. എന്നിട്ട് അര ടീസ്പൂൺ കുരുമുളകുപൊടിയും മൂന്ന് നുള്ള് മഞ്ഞൾപൊടിയും കാൽ ടീസ്പൂൺ ഗരം മസാലപ്പൊടിയും ഇട്ട് വഴറ്റണം.ക്രഷ് ചെയ്ത കുരുമുളകിടുന്നത് നല്ല ടേസ്റ്റ് ആയിരിക്കും.
ഇനി ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കി ഇതിലിട്ട് യോജിപ്പിക്കുക. ഇനി പാത്രം മൂടി വെച്ച് കുറച്ച് സമയം വേവിക്കാൻ വെക്കണം. ഇനി ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും ഇട്ട് ഇളക്കുക. ഇനി നമ്മൾ നേരത്തെ മുറിച്ചു വെച്ച മുട്ട ഈ മസാലയിലേക്ക് ഇടുക. എന്നിട്ട് ചെറുതായി ഇളക്കി അടുപ്പിൽ നിന്ന് മാറ്റുക.ഇനി നമ്മൾ വെള്ളമൊഴിച്ച് വെച്ച പുട്ട് പൊടിയുടെ പാത്രം എടുക്കുക. അത് വെള്ളം വറ്റിയിട്ടുണ്ടാകും. അത് കുഴച്ചെടുക്കുക. ഇനി പുട്ടുണ്ടാക്കുന്ന പാത്രം എടുത്ത് അതിൽ കുറച്ച് തേങ്ങ ഇടുക. എന്നിട്ട് കുഴച്ച പുട്ട്പൊടി ഇടുക. പിന്നെ മുട്ട മസാല ഇടുക. മസാല സ്പൂൺ കൊണ്ട് മെല്ലെ പരത്തിയാൽ മതി. ഇനി അതിന്റെ മുകളിൽ തേങ്ങ ചേർക്കാം. എന്നിട്ട് പുട്ടുപൊടി ഇട്ട് വീണ്ടും തേങ്ങ ഇടുക. ഇനി ഇത് ആവിക്ക് വയ്ക്കാം പുട്ട് പാനിയിലാണ് നിങ്ങൾ ഉണ്ടാക്കുന്നതെങ്കിൽ വെള്ളം തിളപ്പിച്ച് പുട്ടുകുറ്റി വെയ്ക്കാം. ഇനി ആവി വന്നാൽ ഇറക്കിവെയ്ക്കാം. എന്നിട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റാം. അങ്ങനെ കിടിലൻ മുട്ട റോസ്റ്റ് പുട്ട് റെഡിയായി. കറിയൊന്നും ഉണ്ടാക്കാതെ തന്നെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ മുട്ടറോസ്റ്റ്പുട്ട് നിങ്ങൾ തീർച്ചയായും ഉണ്ടാക്കി നോക്കണം.