മൊബൈൽ മാവേലി സ്റ്റോറുകൾ വരുന്നൂ, ഇനി മുതൽ റേഷൻ കടകളിലൂടെ പുതിയ 8 ഇനങ്ങൾ പുതിയ മാറ്റങ്ങൾ

നവംബർ മാസം മുതൽ വലിയ മാറ്റമാണ് സംസ്ഥാന റേഷൻ വിതരണ രംഗത്ത് വരാൻ പോകുന്നത്. പുതിയ റേഷൻ കടകൾ വരുന്നു എന്നതുമാത്രമല്ല എല്ലാ റേഷൻ കടകളിൽ നിന്നും വെളിച്ചെണ്ണ, മുളക്, കടുക്, പയർ, ചെറുപയർ തുടങ്ങിയ സഞ്ചി നിറയെ വിവിധ ഐറ്റങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതിൻറെ വിശദവിവരങ്ങൾ ആണ് താഴെ പറയുന്നത്. ഒക്ടോബർ മാസത്തെ റേഷൻ വിഹിതങ്ങളുടെ വിതരണം ഒക്ടോബർ 30 വരെ മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാൽ ഒക്ടോബർ മാസത്തെ റേഷൻ വാങ്ങാത്തവർ ഉണ്ടെങ്കിൽ 30-ആം തീയതിക്കകം വാങ്ങുക. മുപ്പതാം തീയതിക്കു ശേഷം നവംബർ മാസത്തിലെ റേഷൻ ആയിരിക്കും വിതരണം ചെയ്യാൻ പോകുന്നത്.

എന്നാൽ മണ്ണെണ്ണ വിതരണം ഇപ്പോൾ ഓരോ മൂന്നു മാസവും ചേർന്നുള്ള ത്രൈമാസ കാലയളവിലേക്ക് ആണ്  നടന്നുവരുന്നത്. അതിൻപ്രകാരം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ലേക്കുള്ള വൈദ്യുതീകരിക്കാത്ത വീടുകളിലേക്കുള്ള റേഷൻ കാർഡിന് 8 ലിറ്റർ മണ്ണെണ്ണ ലഭിക്കുന്നതാണ്. ഇതിൽ നാല് ലിറ്റർ ഒക്ടോബറിലും,നാല് ലിറ്റർ നവംബറിലും ആണ് നൽകുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. മഞ്ഞ, പിങ്ക്, നീല, എന്നീ കാർഡുകളിലെ വൈദ്യുതീകരിക്കപ്പെട്ട കാർഡുകാർക്ക് ഒരു ലിറ്റർ മണ്ണെണ്ണയും, വെള്ള കാർഡുകാർക്ക് അര ലിറ്റർ മണ്ണെണ്ണയും മൂന്നു മാസത്തെ വിഹിതമായി ലിറ്ററിന് 47 രൂപ നിരക്കിൽ ലഭിക്കുക.

നവംബർ മാസം മുതൽ നിലവിലെ പുസ്തകരൂപത്തിലുള്ള റേഷൻ കാർഡുകൾ സ്മാർട്ട് റേഷൻ കാർഡ് ആയി മാറുവാൻ പോകുകയാണ്. പുതിയ സ്മാർട്ട് റേഷൻ കാർഡുകൾ ബിപിഎൽ വിഭാഗക്കാർക്ക് സൗജന്യമായും, എപിഎൽ വിഭാഗക്കാർക്ക് 25 രൂപ നിരക്കിലും ആണ്  വിതരണം ചെയ്യുക എന്നാണ് സൂചനകൾ. ഇതിനായി നിലവിലുള്ള റേഷൻ കാർഡ് ഉടമകൾ അപേക്ഷ നൽകേണ്ടതുണ്ടോ എന്ന കാര്യങ്ങളിൽ സർക്കാർ അറിയിപ്പുകൾ വരുന്നതാണ്.

സംസ്ഥാനത്ത് പുതിയ റേഷൻ കടകൾ തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. അടുത്ത്  റേ ഷൻ കടകൾ ഇല്ലാത്തതുമൂലവും ലൈസൻസ് നിർത്തിയത് മൂലവും എല്ലാം ബുദ്ധിമുട്ടുന്നവർക്ക് വളരെ ആശ്വാസം പകരുന്ന വാർത്തയാണിത്. പുതിയതായി റേഷൻകട തുടങ്ങുന്നതിനായി ഒരു കടക്ക്  കുറഞ്ഞത് 400 കാർഡ് എങ്കിലും ഉണ്ടായിരിക്കേണ്ടതുണ്ട്. പുതിയതായി തുടങ്ങുന്ന റേഷൻകടകളിൽ 20% സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. സപ്ലൈകോയുടെ സബ്സിഡി സാധനങ്ങൾ റേഷൻകടകൾ വഴി വിതരണം ചെയ്യാൻ കേരള പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. കാര്യമായ എതിർപ്പുകൾ ഉണ്ടായില്ലെങ്കിൽ അധികം വൈകാതെ തന്നെ റേഷൻ കടകളിൽ നിന്ന്സഞ്ചി നിറയെ സാധനങ്ങൾ വാങ്ങാവുന്നതാണ്.

നഗര മേഖലകളിലെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ സപ്ലൈകോ ഔട്ട്‌ലറ്റുകളും മാവേലി സ്റ്റോറുകളും കുറവാണ്. അതുകൊണ്ട് തന്നെ സബ്സിഡി സാധനങ്ങളുടെ വിതരണം റേഷൻകടകൾ വഴി ആകുന്നത് ഗ്രാമ പ്രദേശത്തിലെ ഉള്ളവർക്ക് കൂടുതൽ ഗുണം ചെയ്യും. ഇ – പോസ് യന്ത്രങ്ങൾ വഴിയാകും റേഷൻ കടകളിലൂടെ ഉള്ള വിതരണം. ഇത് സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യും.

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങൾ ഇവയാണ്. അരി, പച്ചരി, മട്ട അരി എന്നിവ 10 കിലോ, പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, മുളക്, മല്ലി അര കിലോ വീതം, കടല, വൻപയർ, ചെറുപയർ ഒരു കിലോ വീതം, തുവരപ്പരിപ്പ് ഒരു കിലോ, ഉഴുന്ന്  ഒരുകിലോ സർക്കാരിൻറെ ഈ പുതിയ നീക്കം സപ്ലൈകോയുടെ നിലനിൽപ്പിനെ ബാധിക്കും എന്നാണ് ജീവനക്കാർ പറയുന്നത്.  സബ്സിഡി സാധനങ്ങൾ വാങ്ങാൻ എത്തുന്നവരാണ് സബ്സിഡി ഇതര സാധനങ്ങളും വാങ്ങുന്നത്. സബ്സിഡി സാധനങ്ങൾ റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന തോടെ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെയും മാവേലി സ്റ്റോറുകളിലെയും കച്ചവടം ഇടിയും എന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. സാധനങ്ങൾ സംഭരിക്കാനുള്ള ഇടം റേഷൻകടകളിൽ ഇല്ലാതാനും. എന്നാൽ ഇതിനെ മറികടക്കാൻ സർക്കാർ മറ്റു പല കാര്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

കെഎസ്ആർടിസി ബസ്സുകൾ രൂപമാറ്റം വരുത്തി മൊബൈൽ മാവേലിസ്റ്റോറുകൾ ആകുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മലയോരമേഖലകളിൽ ആണ് ഈ സൗകര്യം കൂടുതൽ ഉപയോഗപ്പെടുത്തുക. സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം കേന്ദ്രീകൃതമായി നിരീക്ഷിക്കാനായി സി ഡിറ്റ് ന്റെ സഹായത്തോടെ ഇ ആർ പി സോഫ്ട്‌വെയർ ഉപയോഗപ്പെടുത്തും. സ്റ്റോക്കിൽ കൃത്രിമം നടത്താൻ കഴിയാത്തവിധം ബ്ലോക്ക് ചെയിൻ സംവിധാനമുണ്ടാക്കും.

വിൽപനശാലകളിൽ ക്യാമറകൾ സ്ഥാപിക്കും. ഓൺലൈൻ പെയ്മെൻറ് സംവിധാനവും വ്യാപിപ്പിക്കും. മാവേലി സ്റ്റോറുകളിൽ കുടുംബശ്രീ കാർഷികോൽപ്പന്നങ്ങൾ വിൽക്കുവാൻ ആലോചനയുണ്ട്. ആദ്യഘട്ടത്തിൽ സൂപ്പർമാർക്കറ്റുകളിൽ വില്പന നടത്തും. നഗരങ്ങളിൽ സപ്ലൈകോ ഓൺലൈൻ വ്യാപാരവും ഹോം ഡെലിവറിയും വ്യാപകമാക്കും. ഇങ്ങനെ സപ്ലൈകോയുടെ വിൽപ്പന കൂട്ടുവാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്.

Similar Posts