യുവാക്കളെ ലക്ഷ്യമിട്ട് എൻ. എസ് റേഞ്ചിലെ ചെറിയ ബൈക്ക്, ബജാജ് പൾസർ എൻ എസ് 125
യുവാക്കളെ ലക്ഷ്യമിട്ട് എൻ. എസ് റേഞ്ചിലെ ചെറിയ ബൈക്ക്, ബജാജ് പൾസർ എൻ എസ് 125 വിപണിയിലെത്തിക്കഴിഞ്ഞു.
ബജാജ് പൾസറിന്റെ നേക്കഡ് സ്പോർട്സ് റേഞ്ച് ബൈക്കുകളിൽ ഏറ്റവും ചെറിയ പൾസർ എൻ എസ് 125 ഇന്ത്യയിൽ അവതരിപ്പിച്ചു. ബജാജിന്റെ എൻട്രിലെവൽ പെർഫോമൻസ് ബൈക്കായ എൻ. എസ് 125 ന് 93,690 രൂപയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. 200 എൻ. എസിനെ പോലെ യുവാക്കൾക്ക് ഇഷ്ടമാകുന്ന രീതിയിൽ ആണ് ഈ ബൈക്ക് വിപണിയിലെത്തിച്ചിരിക്കുന്നത് എന്ന് ബജാജ് അറിയിച്ചു. സ്പോർട്സ് ബൈക്കുകളുടെ നിരയിലാണ് ഈ ചെറിയ ബൈക്കിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്യൂറ്റർ ഗ്രേ, ബീച്ച് ബ്ലൂ, ഫയറി ഓറഞ്ച്, ബർണ്ട് റെഡ് എന്നിങ്ങനെ നാല് കളറുകളിലാണ് പൾസർ എൻ. എസ് 125 വിപണിയിൽ എത്തിച്ചിരിക്കുന്നത്. 125 സിസി ബൈക്ക് ശ്രേണിയിൽ ഏറ്റവും കരുത്തനായ മോഡൽ ആണിതെന്ന് ബജാജ് അവകാശപ്പെടുന്നു.
ബജാജിന്റെ തന്നെ പൾസർ എൻ എസ് 200 ന്റെ അതേ ഡിസൈനിൽ തന്നെയാണ് ഇതും. വോൾഫ് ഐഡ്, ഹെഡ്‌ലാമ്പ്, ട്വിൻ പൈലറ്റ് ലൈറ്റുകൾ, ട്വിൻ സ്ട്രിപ്പ് എൽഇഡി, ടെയിൽ ലാംപ്, സപ്ലിറ്റ് ഗ്രാബ് റെയിൽ മസ്കുലർ ഭാവമുള്ള സൈഡ് പാനലുകൾ തുടങ്ങിയവയാണ് ഇതിൻറെ ഫീച്ചറുകൾ.
ബൈക്കിന്റെ സുഗമമായ റൈഡിന് മുന്നിൽ ടെലിസ്കോപിക് ഫോർക്കും, പിന്നിൽ മോണോ ഷോക്കും നൽകിയിരിക്കുന്നു. 240mm ഡിസ്ക് ബ്രേക്ക് മുന്നിലും, 130 എംഎം ഡ്രം ബ്രേക്ക് പിന്നിലും സുരക്ഷ കൊടുക്കുന്നു. ടയറിന്റെ വലുപ്പം 17 ഇഞ്ച് ആണ്. 2012 എംഎം നീളവും, 810 mm വീതിയും, 1078 എംഎം ഉയരവും ആണ് ഇതിനുള്ളത്. 5 സ്പീഡ് ഗിയർ ബോക്സ് ആണ് ഇതിലെ ട്രാൻസ്മിഷൻ. 144 കിലോഗ്രാമാണ് ബൈക്കിന്റെ ആകെ ഭാരം.