റേഷനരി കൊണ്ട് പഞ്ഞി പോലത്തെ പാലപ്പവും കൂടാതെ കിടിലൻ മുട്ടക്കറിയും
അരി ആഹാരം ഏറ്റവും കൂടുതൽ കഴിക്കുന്നത് മലയാളികളാണ്. ഇപ്പോൾ പല ആൾക്കാരും ഉപേക്ഷിക്കുകയാണ് റേഷനരി. വളരെ തുച്ഛമായ നിരക്കിലാണ് ഗവൺമെൻറ് നമുക്കിത് തരുന്നത്. പെട്ടെന്ന് വേവുന്ന അരിയാണിത്. എന്നാൽ പോലും ഇതുകൊണ്ട് ചോറ് വെയ്ക്കാൻ ആർക്കും താല്പര്യം ഇല്ല. അപ്പോൾ ഇതിനെ കൊണ്ട് അപ്പമോ പലഹാരമോ ഉണ്ടാക്കുന്നതാണ് നല്ലത്.
സാധാരണ നമ്മൾ പച്ചരി കൊണ്ടാണ് പാലപ്പം ഉണ്ടാക്കുന്നത്. എന്നാൽ റേഷനരി കൊണ്ട് പഞ്ഞി പോലുള്ള പാലപ്പം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ഇതിനായി രണ്ട് കപ്പ് റേഷനരി ആണ് വേണ്ടത്. റേഷൻ അരിയുടെ മണം ചിലർക്കൊന്നും പിടിക്കില്ല. അത് മാറ്റാൻ ഒരു മാർഗം ഉണ്ട്. അരിയിൽ ചൂടുവെള്ളം ഒഴിച്ച് 10 മിനിറ്റ് വെയ്ക്കണം. അതിനുശേഷം വെള്ളം മാറ്റി നന്നായി കഴുകിയെടുക്കണം. പിന്നെ ഇതിന് മണം ഒന്നുമുണ്ടാവില്ല.
ഇനി ഈ അരി ഒരു പാത്രത്തിലിട്ട് അതിൽ മുങ്ങാൻ പാകത്തിൽ വെള്ളം ഒഴിച്ച് 6 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഇനി ചെറിയ ബൗളിൽ ഒരു ടീസ്പൂൺ ഉലുവ ഇട്ട് വെള്ളമൊഴിച്ച് കുതിർക്കാൻ വെയ്ക്കണം. 6 മണിക്കൂർ കഴിയുമ്പോഴേക്കും നല്ല വണ്ണം കുതിർന്നിട്ടുണ്ടാകും. ഇനി നമുക്കിത് അരക്കാം. ആദ്യം അരിയിട്ട് പിന്നെ കുതിർത്ത ഉലുവയും ഒരു കപ്പ് തേങ്ങയും ഒരു കപ്പ് ചോറും അര ടീസ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഇടണം. ഇനി കുറച്ചു മാത്രം വെള്ളം ഒഴിച്ച് നന്നായി അരക്കണം. അത് ഒരു പാത്രത്തിലേക്ക് മാറ്റാം. കൂട്ട് അധികം ലൂസാവാനും കട്ടിയാവാനും പാടില്ല. നല്ല കട്ടിയാണെങ്കിൽ കുറച്ച് വെള്ളം ഒഴിച്ച് ഇളക്കാം. എന്നിട്ട് 8 മണിക്കൂറെങ്കിലും ഇത് വെയ്ക്കണം.
എട്ടു മണിക്കൂർ കഴിഞ്ഞു നോക്കിയാൽ കൂട്ട് പൊന്തി വന്നിട്ടുണ്ടാകും. ഇനി ഗ്യാസ് ഓൺ ആക്കി അപ്പച്ചട്ടി എടുത്തു വെച്ച് ചൂടായാൽ കുറഞ്ഞത് തീയിലേക്ക് മാറ്റി ഒരു സ്പൂൺ കൂട്ട് ഒഴിച്ച് ഒന്ന് ചുറ്റിക്കുക. 2 മിനിറ്റ് വെക്കുക. ഇനി മൂടി തുറന്നാൽ പഞ്ഞി പോലുള്ള പാലപ്പം റെഡി ആയിട്ടുണ്ടാവും. അതുപോലെ ബാക്കിയും ചുട്ടെടുക്കാം.
ഇനി നമുക്ക് മുട്ടക്കറി ഉണ്ടാക്കാം. അതിനായി സവാള നൈസായി നീളത്തിൽ മുറിക്കുക. തക്കാളി നീളത്തിൽ മുറിച്ചതും കുറച്ച് വെളുത്തുള്ളി മുറിച്ചതും ഇഞ്ചി ചെറുതായി അരിഞ്ഞതും 2 പച്ചമുളക് നെടുകെ പിളർന്നതും ഒരു തണ്ട് കറിവേപ്പിലയും കുറച്ച് കുരുമുളകുപൊടിയും എടുത്തു വെയ്ക്കുക. പിന്നെ മുട്ട എത്രയാണോ വേണ്ടത് അത് വേവിച്ച് വെയ്ക്കണം. ഇനി ഗ്യാസ് ഓൺ ആക്കി ഒരു പാൻ വെച്ച് അത് ചൂടായാൽ അതിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. അത് തിളച്ചാൽ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. എന്നിട്ട് സവാളയും പച്ചമുളകും കറിവേപ്പിലയും ഇടുക. അപ്പോൾ തന്നെ ആവശ്യത്തിന് ഉപ്പും ഇട്ടു വഴറ്റണം. എന്നിട്ട് തീ കുറച്ച് രണ്ടു മിനിറ്റ് മൂടി വെയ്ക്കുക. അപ്പോഴേക്കും സവാള കുറച്ച് വെന്തു വന്നിട്ടുണ്ടാകും. ഇനി മുറിച്ച് വെച്ച തക്കാളി ഇട്ട് യോജിപ്പിച്ച് വഴറ്റുക. എന്നിട്ട് കുറച്ചു സമയം കൂടി മൂടി വെയ്ക്കുക. ഇനി മൂടി തുറന്ന് മസാലപ്പൊടികൾ ഇടാം.
ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടേബിൾ സ്പൂൺ ഗരം മസാലയും കാൽ ടീസ്പൂൺ കുരുമുളക് പൊടിയും അര ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ഇട്ട് നന്നായി വഴറ്റുക. പൊടികളൊക്കെ ഇതിൽ പിടിച്ചു കഴിഞ്ഞാൽ കുറച്ച് വെള്ളമൊഴിച്ച് യോജിപ്പിക്കുക. ഇനി 2 പിടി തേങ്ങ അരച്ചത് ചേർക്കാം. അത് നന്നായി സ്പൂൺ കൊണ്ട് ഇളക്കണം. കറി കട്ടിയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ കുറച്ച് വെള്ളമൊഴിച്ച് മിക്സാക്കാം. എന്നിട്ട് നമ്മൾ വേവിച്ച് വെച്ച മുട്ട കറിയിലേക്കിടാം. ഇനി കുറച്ച് മല്ലിയില മുറിച്ചിട്ട് വെളിച്ചെണ്ണയും ഒഴിച്ച് മൂടിവയ്ക്കാം. അങ്ങനെ നല്ല പഞ്ഞി പോലുള്ള പാലപ്പവും അടിപൊളി മുട്ടക്കറിയും റെഡിയായി.