ലൈഫ് സർട്ടിഫിക്കറ്റ് ഉടൻ സമർപ്പിക്കണം, അല്ലെങ്കിൽ പെൻഷൻ മുടങ്ങും, പെൻഷൻകാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചില്ലെങ്കിൽ പെൻഷൻകാർക്ക് തുടർന്ന് പെൻഷൻ ലഭിക്കുകയില്ലെന്ന് അറിയിപ്പുകൾ നേരത്തെ തന്നെ വന്നിരുന്നു. ലൈഫ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പെൻഷൻകാർ അറിയേണ്ട വിവരങ്ങളാണ് താഴെ പറയുന്നത്. ഇന്ത്യയിൽ പെൻഷൻ സ്വീകരിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം കൈവശം ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന രേഖകളിൽ ഒന്നാണ് ലൈഫ് സർട്ടിഫിക്കറ്റ്. സർക്കാരിൽ നിന്നും പെൻഷൻ ലഭിക്കുന്ന എല്ലാവരും വർഷാവർഷം തങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് അഥവാ ജീവൻ പ്രമാൺ പത്ര സമർപ്പിക്കേണ്ടതുണ്ട്.

ഈ വർഷം പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്. ഈ തീയതിക്കുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ പെൻഷൻകാർക്ക് തുടർന്ന് പെൻഷൻ ലഭിക്കില്ല. പെൻഷൻകാർ തങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്ന പ്രധാനപ്പെട്ട കാര്യമാണ് ലൈഫ് സർട്ടിഫിക്കറ്റ്. കേന്ദ്ര-സംസ്ഥാന ജീവനക്കാരായിരുന്ന പെൻഷൻകാരുടെ ആധാർ അധിഷ്ഠിത ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ജീവൻ പ്രമാൺ.

ഇതിൻറെ സാക്ഷ്യപത്രം എന്നനിലയിലാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. ബാങ്ക്, പോസ്റ്റോഫീസ് പോലുള്ള പെൻഷൻ വിതരണ ഏജൻസികൾ മുൻപാകെയാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. മരണത്തിനുശേഷം പെൻഷൻകാർ ജോലി ചെയ്തിരുന്ന സ്ഥാപനം തുടർന്നും അയാൾക്ക് പെൻഷൻ നൽകുന്നില്ല എന്ന് ഉറപ്പു വരുത്തുവാനും ലൈഫ് സർട്ടിഫിക്കറ്റ് സഹായിക്കുന്നു. ലൈഫ്സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിന് പെൻഷൻകാർ പെൻഷൻ ഏജൻസി മുമ്പാകെ നേരിട്ട് ഹാജരാകേണ്ടത് ഉണ്ട്.

എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കേന്ദ്രം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് തന്നെ ഡിജിറ്റലൈസ് സർട്ടിഫിക്കറ്റ് നിലവിലുണ്ടെങ്കിലും ഈ സാഹചര്യത്തിൽ അവ കൂടുതൽ പ്രയോജനകരമായി മാറുകയാണ് ചെയ്തത്. പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അത്യന്താപേക്ഷിതമാണ്. കാരണം ഇത് അവരുടെ പ്രതിമാസ പെൻഷൻ കൃത്യമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നു.

എന്നാൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ശാരീരികമായി ഹാജരാകുക എന്നത് പ്രായമായവർക്ക് ഒരു ബുദ്ധിമുട്ടായി മാറിയിരുന്നു. ഇതിനൊരു പരിഹാരം ആയിട്ടാണ് കേന്ദ്രം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമാൺ കൊണ്ടുവന്നത്. ഇത് വഴി ലൈഫ് സർട്ടിഫിക്കറ്റിന് വേണ്ട മുഴുവൻ നടപടിക്രമങ്ങളും ഡിജിറ്റലായി നടത്താം. റെയിൽവേ, ഇപിഎഫ് ഒ, സംസ്ഥാന-കേന്ദ്ര പെന്ഷനേഴ്സ്, ആർബിഐ തുടങ്ങിയ പെൻഷൻ അനുവദിക്കുന്ന ഏജൻസികൾ വഴി ജീവൻ പ്രമാണിന് ഓൺ ബോർഡ്‌ ചെയ്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുണ്ട്.

കൂടാതെ ഇൻഷുറൻസ് കമ്പനികളെയും സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഉപയോഗിക്കാം. എന്നാൽ ഈ സർട്ടിഫിക്കറ്റ് ജീവിതകാലം മുഴുവൻ വാലിഡിറ്റി ഉള്ളതല്ല. കാലാവധി അവസാനിച്ചു കഴിഞ്ഞാൽ അത് പുതുക്കേണ്ടതാണ്. ജീവൻ പ്രമാണിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.jeevanpramaan.gov.in ഉപയോഗിച്ചോ അല്ലെങ്കിൽ ആപ്പ് ഉപയോഗിച്ച് ഡിജിറ്റലായി സർട്ടിഫിക്കറ്റ് സമർപ്പിക്കാം. ഈ സൗകര്യം ഉപയോഗിച്ച് വീട്ടിലിരുന്നുതന്നെ പേര്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പെൻഷൻ സംബന്ധിച്ച വിവരങ്ങൾ എന്നിവ നൽകി ഡിജിറ്റലായി പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണം പൂർത്തിയാക്കാം.

ഇ പോർട്ടൽ ആധാർ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി ബയോമെട്രിക് വിവരങ്ങളുടെ സ്ഥിരീകരണവും നടത്തുന്നു. സമീപത്തുള്ള സിറ്റിസൺ സർവീസ് സെൻറർ, ബാങ്ക്, പോസ്റ്റ് ഓഫീസ് സന്ദർശിച്ചു ലൈഫ് സർട്ടിഫിക്കറ്റ്  ഡിജിറ്റൽ ആയി സമർപ്പിക്കാൻ കഴിയും. സർക്കാരിന്റെ ജീവൻ പ്രമൺ പോർട്ടലിൽ ഉപയോക്താവ് രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. ഇതിനായി പെൻഷൻകാർ ആദ്യം ജീവൻ പ്രമാൺ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.

Similar Posts