വാടകവീടുകളിൽ താമസിക്കുന്നവർക്ക് സന്തോഷവാർത്ത, റേഷൻ കാർഡ് അനുമതി പ്രഖ്യാപനം പുറത്തു വന്നു
വാടക വീടുകളിൽ താമസിക്കുന്നവർക്ക് തികച്ചും സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വാടക വീടുകളിൽ താമസിക്കുന്ന റേഷൻ കാർഡില്ലാത്ത കുടുംബങ്ങൾക്ക് അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സാധുവായ വാടക കരാറിന്റെയോ, കെട്ടിട ഉടമയുടെ സമ്മത പത്രത്തിന്റെയോ അടിസ്ഥാനത്തിൽ ആണ് നിലവിൽ റേഷൻ കാർഡ് അനുവദിച്ചു വരുന്നത്. എന്നാൽ പ്രസ്തുത വാടക വീട്ടിൽ മറ്റൊരു റേഷൻ കാർഡ് നിലനിൽക്കുന്നുണ്ടെങ്കിലോ, കെട്ടിട ഉടമയുടെ സമ്മത പത്രം ലഭിക്കാത്തതിന്റെ പേരിലോ റേഷൻ കാർഡ് നിഷേധിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിനാൽ സാധുവായ വാടക കരാറോ, കെട്ടിട ഉടമയുടെ സമ്മതപത്രമോ ഇല്ലാതെ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന സമർപ്പിക്കുന്നവർക്ക് റേഷൻ കാർഡ് അനുവദിക്കുന്നതിന് അനുമതി നൽകണമെന്ന പരാമർശ പ്രകാരം പൊതുവിതരണം ഡയറക്ടർ അഭ്യർത്ഥിച്ചിരുന്നു.
സർക്കാർ ഇക്കാര്യം പരിഗണിച്ചു പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വാടക വീടുകളിൽ താമസിക്കുന്നവർക്കും റേഷൻ കാർഡ് അനുവദിക്കും. റേഷൻ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനായി സാധുവായ വാടക കരാറോ കെട്ടിട ഉടമയുടെ സമ്മതപത്രമോ ഇല്ലാതെ അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന പരിഗണിച്ചു റേഷൻ കാർഡ് അനുവദിക്കുന്നതാണ്.
പക്ഷെ അപേക്ഷകനും, മറ്റു കുടുംബാംഗങ്ങളും മറ്റൊരു റേഷൻ കാർഡിലും ഉൾപ്പെടാൻ പാടില്ല. ഇവരുടെ ആധാർ കാർഡ് പരിശോധിച്ചു വ്യക്തത വരുത്തുന്നതാണ്. മേൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന പരിഗണിച്ചു മാത്രം റേഷൻ കാർഡ് അനുവദിക്കുന്നതാണ്.
ഇപ്രകാരം അനുവദിക്കുന്ന റേഷൻ കാർഡ് റേഷൻ ആനുകൂല്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. മറ്റുള്ള തിരിച്ചറിയൽ രേഖയായോ, മറ്റു ആനുകൂല്യങ്ങൾക്കോ, അവകാശവാദങ്ങൾക്കുള്ള രേഖയായോ ഉപയോഗിക്കാൻ ഒരിക്കലും പാടുള്ളതല്ല.