വാഹന വിപണിയെ അടിമുടി മാറ്റി മേഴ്‌സിഡസ്, ഇനി വാഹനങ്ങൾ കമ്പനി നേരിട്ട് കസ്റ്റമറിലേക്ക് എത്തിക്കും

ഇന്ത്യൻ വാഹന വിപണിയുടെ ചരിത്രം തന്നെ മാറ്റി മറിക്കുന്ന ഒരു പുതിയ രീതിയാണ് മെഴ്സിഡസ്-ബെൻസ് തുടക്കമിടുന്നത്. അതായത് കാർ നിർമാണ കമ്പനി കാർ ഉണ്ടാക്കി ഡീലർമാർ അത് വാങ്ങിക്കുന്നു. സ്റ്റോക്ക് ചെയ്യുന്നു. കസ്റ്റമർ വന്നു ഡീലർക്കു പണം നൽകി വാഹനം സ്വന്തമാക്കുന്നു. ഇങ്ങനെയാണ് സാധാരണ നടക്കാറുള്ളത്. ഈ രീതിയാണ് ഇനി അടിമുടി മാറാൻ പോകുന്നത്.

ലക്ഷങ്ങളുടെയോ കോടികളുടെയോ കാർ ആയാലും ഏറ്റവും വിലകുറഞ്ഞ കാർ ആയാലും വിൽപന നടക്കുന്നത് “എത്ര ഡിസ്കൗണ്ട് കിട്ടും” എന്ന് ചോദ്യത്തിൽ ആണെന്ന് മേഴ്‌സിഡസ് ബെൻസ് ഇന്ത്യ മേധാവി മാർട്ടിൻ ശ്വേങ്ക് പറയുന്നു. ഡിസ്കൗണ്ട് കൂടുതൽ കൊടുക്കാൻ റെഡി ആയിട്ടുള്ള ഡീലറുടെ അടുത്തേക്ക് കസ്റ്റമർ പോകും. ബാങ്ക് വായ്പ എടുത്തു വാങ്ങി സ്റ്റോക്ക് ചെയ്യുന്ന വമ്പൻ കാർ ഡിസ്കൗണ്ടിൽ കൊടുക്കുമ്പോൾ പലപ്പോഴും ലാഭം ഒന്നുംതന്നെ ലഭിക്കാറില്ല. സ്റ്റോക്ക് വിട്ടു പോയില്ലെങ്കിൽ പണത്തിന്റെ ഫ്ലോ മുടങ്ങും എന്നതിനാൽ കച്ചവടം തടയാനാന് തുനിയുകയും ഇല്ല. ഇതുകൊണ്ട് പലപ്പോഴും കസ്റ്റമർ ആഗ്രഹിക്കുന്ന മോഡലോ സൗകര്യങ്ങളോ നിറമോ ആകില്ല ലഭിക്കുന്നത്.

സ്റ്റോക്കുള്ള കാർ അടിച്ചേൽപ്പിക്കാനുള്ള ശ്രമം കാർ വാഹന വിപണിയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതെല്ലാം കാറ്റിൽ പറത്തുന്ന ഒരു പുതിയ കച്ചവട രീതിയാണ് ഇനി വരും നാളിൽ മേഴ്സിഡസ് അവതരിപ്പിക്കുന്നത്. കമ്പനി തന്നെ ആയിരിക്കും കാർ മുഴുവൻ സ്റ്റോക്ക് ചെയ്യുക. ഡീലർമാർ പണം നൽകി സ്റ്റോക്ക് എടുക്കുകയും അത് വിൽക്കാൻ ഓഫർ നൽകുകയും വേണ്ടി വരില്ല. ഉപയോക്താവിനെ നേരിട്ട് ബിൽ നൽകുന്നതും പണം വാങ്ങുന്നതും കമ്പനി ആയിരിക്കും.

ഇന്ത്യ മുഴുവൻ ഒരേ വിലയായിരിക്കും. എന്തെങ്കിലും ഓഫർ ഉണ്ടെങ്കിൽ കമ്പനി അത് പ്രഖ്യാപിക്കും. ഇപ്പോഴത്തെ ഡീലർഷിപ്പുകൾ ഫ്രാഞ്ചൈസികൾ ആയി കസ്റ്റമറെ കണ്ടെത്തുക വാഹനം പരിചയപ്പെടുത്തുക ടെസ്റ്റ് ഡ്രൈവ് നൽകുക തുടങ്ങിയ ജോലികൾ ചെയ്താൽ മതിയാകും. ബുക്കിങ് എടുക്കുന്നതും പണമിടപാട് നടത്തുന്നതും കമ്പനി ആയിരിക്കും. കമ്പനി ഇന്ത്യയിൽ വിൽക്കുന്ന ഏതു മോഡലും കസ്റ്റമർക്ക് ലഭിക്കും. ചുരുക്കം ചില രാജ്യങ്ങളിൽ മേഴ്‌സിഡസ് ഇത് പരീക്ഷിച്ചിട്ടുണ്ട്.