വീട്ടിൽ കോഴികളെ വളർത്താൻ താല്പര്യമുണ്ടോ? അതിനുള്ള സാഹചര്യം ഉണ്ടോ? എങ്കിൽ സർക്കാർ ധനസഹായം നൽകുന്നതാണ്

കോഴി വളർത്തലിനായും പൗൾട്രി ഫാം നടത്തുന്നതിനായും സർക്കാർ നൽകുന്ന വിവിധ ധനസഹായ പദ്ധതികളെ കുറിച്ചാണ് താഴെ പറയുന്നത്. വീട്ടമ്മമാർക്ക് കോഴികളെ വീട്ടിൽ വളർത്താൻ പ്രത്യേക താൽപര്യമാണ്. കോഴിമുട്ടയ്ക്ക് ആയും ഇറച്ചിക്കോഴിക്ക് ആയും മാത്രമല്ല ഇവ വിപണനം ചെയ്തും വരുമാനം കണ്ടെത്താം എന്നതാണ് ഇതിന് കാരണം.

വലിയ ബുദ്ധിമുട്ടും പ്രയാസവുമില്ലാതെ ഇവയെ വളർത്തിയെടുക്കാൻ കഴിയും. അതാണ് വീട്ടമ്മമാരെ ഏറ്റവും കൂടുതൽ ഇതിലേക്ക് ആകർഷിക്കുന്നത്. കോഴിവളർത്തൽ പ്രോത്സാഹിപ്പിക്കാനും വാണിജ്യാടിസ്ഥാനത്തിൽ ഫാം നിർമ്മിക്കാനും ഒക്കെ വിവിധ സബ്സിഡികൾ സർക്കാർ നൽകുന്നുണ്ട്. സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ വിവിധ പദ്ധതികൾ ആയ കെപ്‌കോ ആശ്രയ, കെപ്‌കോ വനിതാ മിത്രം, കെപ്‌കോ നഗര പ്രിയ പദ്ധതികൾക്ക് കീഴിൽ പ്രത്യേക സബ്സിഡികളും ധന സഹായ പദ്ധതികളും ഗുണഭോക്താക്കൾക്കായി നൽകി വരുന്നുണ്ട്.

1.കെപ്കോ ആശ്രയ പദ്ധതി.

ആട്, പശു തുടങ്ങിയ ഫാമുകൾക്ക് പുറമേ കോഴി ഫാം കൂടി തുടങ്ങാൻ സർക്കാർ ധനസഹായം നൽകുന്നുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ഈ പദ്ധതികൾ നടപ്പിലാക്കി വരുന്നത്. തിരഞ്ഞെടുക്കുന്ന ഓരോ പഞ്ചായത്തിലും 500 വനിതാ ഗുണഭോക്താക്കൾക്ക് കോഴി വളർത്താൻ സഹായം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഓരോ ഗുണഭോക്താക്കൾക്കും എട്ട് കോഴി, അഞ്ച് കിലോ തീറ്റ, 50 രൂപയുടെ മരുന്നു എന്നിങ്ങനെയാണ് നൽകിവരുന്നത്.

2. കെപ്‌കോ വനിതാ മിത്രം.

കെപ്‌കോ ആശ്രയ പദ്ധതിയുടെ കീഴിലെ മറ്റൊരു പദ്ധതിയാണ് പഞ്ചായത്തിലെ വിധവകൾക്കായുള്ളത്. ഇതനുസരിച്ച് 10 കോഴിയും 10 കിലോ തീറ്റയും 50 രൂപയുടെ മരുന്നു നൽകാറുണ്ട്. പഞ്ചായത്തുകൾ മുഖേന തന്നെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തുമായി ബന്ധപ്പെടുക.

3. കെപ്‌കോ നഗരപ്രിയ പദ്ധതി. 

നഗരപരിധിയിൽ താമസമാക്കിയിട്ടുള്ളവർക്ക് എപിഎൽ ബിപിഎൽ കാർഡ് വ്യത്യാസമില്ലാതെ അഞ്ചുകോഴിയും ആധുനികരീതിയിലുള്ള കൂടും, അഞ്ച് കിലോ തീറ്റയും, മരുന്നുമാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്. നഗര പ്രദേശങ്ങളിലെ മുട്ട ഉല്പാദനം വർദ്ധിപ്പിക്കുക, അടുക്കള മാലിന്യങ്ങൾ നൽകി വളർത്തു ചിലവ് കുറയ്ക്കുക, ഇതുവഴി മാലിന്യ സംസ്കരണം കൂടി നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ രൂപം നൽകിയ പദ്ധതിയാണിത്.

Similar Posts