വീട് ജപ്തിക്കെത്തിയ ബാങ്ക് മാനേജർ ജപ്തി ഒഴിവാക്കി വീട് തിരിച്ചുനൽകി സന്മനസുകളുടെ സഹായം

2008 മെയ് 30നാണ് രാജമ്മ വീട് നിർമ്മാണത്തിനായി വസ്തു പണയപ്പെടുത്തി ഒരു ലക്ഷം രൂപ വായ്പയെടുത്തത്. രാജമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന് ബുദ്ധിമുട്ട് കൊണ്ട് വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. 2010 നവംബർ നാലിന് ബാങ്ക് ജപ്തി നടപടികൾ തുടങ്ങി. കുടിശ്ശിക അടക്കം 2.50 ലക്ഷത്തോളം തുക വർദ്ധിച്ചു. ബാങ്ക് നടത്തിയ അദാലത്തിൽ 1, 28, 496 രൂപ ഇളവ് ചെയ്തു കൊടുത്തു.

ഇതും തിരിച്ചടയ്ക്കാൻ ആവാതെ വന്നപ്പോഴാണ് വീടും സ്ഥലവും ജപ്തി ചെയ്യാൻ വേണ്ടി ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. പണിതീരാത്ത വീടും, രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിത ജീവിതവും കണ്ടപ്പോൾ അവരുടെ മനസ്സലിഞ്ഞു. മാനേജരും, മറ്റു ഉദ്യോഗസ്ഥരും ചേർന്ന് പിരിവെടുത്ത് കുടിശ്ശിക അടച്ചു. അതോടെ രാജമ്മക്ക് വീടും സ്ഥലവും സ്വന്തം.

തോന്നല്ലൂർ ഇളശ്ശേരിൽ കെ. രാജമ്മയ്ക്കാണ് കേരള ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥരുടെ കനിവിൽ വീടും സ്ഥലവും തിരികെ ലഭിച്ചത്. രാജമ്മയും, രണ്ട് സഹോദരങ്ങളും ചെറിയ ജോലികൾ ചെയ്താണ് ജീവിക്കുന്നത്. മൂന്നുപേരും അവിവാഹിതരാണ്. വീട് നിർമ്മാണം പൂർത്തിയായിട്ടില്ല. താമസിക്കാനായി പണിത ഷെഡ്‌ടും ഈയടുത്തു കത്തിപ്പോയി.

മനസ്സലിഞ്ഞ ബാങ്ക് ഉദ്യോഗസ്ഥർ മുൻ ജീവനക്കാരെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി. രാജമ്മയുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങി. 98, 628 രൂപയോളം ലഭിച്ചു. അതിനു ശേഷം രാജമ്മയെ ബാങ്കിലേക്ക് വിളിപ്പിച്ചു പ്രമാണം തിരികെ ഏല്പിക്കുകയായിരുന്നു.

Similar Posts