വെറും മൂന്നു ചേരുവ കൊണ്ട് കിടിലൻ പലഹാരം, ‘അരിപൊടി, പാൽ, ശർക്കര’ മാത്രം മതി
നമ്മുടെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ വച്ച് കൊണ്ട് തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു അപ്പത്തിന്റെ റെസിപ്പി ആണ് ഇവിടെ പറയുന്നത്. സാധാരണ നമ്മൾ അപ്പം ഉണ്ടാക്കുമ്പോൾ പാലൊന്നും ചേർക്കാറില്ല. എന്നാൽ ഇവിടെ തികച്ചും വ്യത്യസ്തമായി ഒരു അപ്പമാണ് ഉണ്ടാക്കുന്നത്.
ഇതിന്റെ ചേരുവകൾ കാൽക്കപ്പ് ശർക്കര, അര കപ്പ് വെള്ളം, ഒരു ടേബിൾ സ്പൂൺ ബട്ടർ, രണ്ട് കപ്പ് പാൽ, ഒരു കപ്പ് അരിപ്പൊടി, കാൽ ടീസ്പൂൺ ഏലയ്ക്കാപൊടി, സൺ ഫ്ലവർ ഓയിൽ എന്നിവയാണ്.
ഇത് തയ്യാറാക്കുന്നവിധം നോക്കാം. ആദ്യം നമുക്ക് ശർക്കരപ്പാനി തയ്യാറാക്കാം. ഒരു പാൻ എടുത്ത് അതിൽ വെള്ളം ഒഴിക്കുക. അത് തിളക്കുമ്പോൾ ശർക്കര ഇടുക. അത് പൊടിച്ച് ഇടുന്നതാണ് നല്ലത്. ഇനി നിങ്ങൾ അച്ച് ആണ് എടുക്കുന്നതെങ്കിൽ ഒന്നര എടുത്താൽ മതി. ഇനി ശർക്കര അലിഞ്ഞ് വരുന്നതുവരെ ഇളക്കിക്കൊടുക്കുക ഇനി അതിലേക്ക് ബട്ടർ ഇടുക. ശർക്കരപ്പാനിയ്ക്ക് നല്ല രുചി കിട്ടാനാണ് ഇത് ചേർക്കുന്നത്. അതിട്ടാൽ നല്ല മണം ഉണ്ടാവും. ഇനി ബട്ടർ ഇല്ലെങ്കിൽ നിങ്ങൾക്ക് പശുനെയ്യ് ചേർക്കാം. ബട്ടർ നന്നായി ഉരുകി വരണം. ശർക്കരപ്പാനി ഒന്നര മിനിട്ടെങ്കിലും തിളക്കാൻ വെയ്ക്കണം. അത് കുറുകി വരണം. ശേഷം ഒരു ഗ്ലാസിൽ അരിപ്പ വെച്ച് അരിച്ച് ഒഴിക്കുക. ഇനി ഒരു പാൻ എടുത്ത് പാൽ ഒഴിക്കുക. പശുവിൻപാൽ എടുക്കുന്നതാണ് നല്ലത്. അത് ഇല്ലെങ്കിൽ തേങ്ങാപ്പാലും ഉപയോഗിക്കാം. പാൽ നന്നായി ചൂടാക്കുക. എന്നിട്ട് അതിലേക്ക് ശർക്കരപ്പാനി ഒഴിക്കുക. കുറച്ചു കുറച്ചായി ഒഴിച്ചാൽ മതി. അതോടൊപ്പം ഇളക്കുകയും വേണം.
ഇനി അരിപ്പൊടി ഇടാം. അപ്പോൾ തീ കുറച്ചു വയ്ക്കുന്നതാണ് നല്ലത്. കുറേശ്ശെയായി അരിപ്പൊടി ഇട്ടാൽ മതി. പൊടി ഇടുമ്പോൾ ഇളക്കുകയും വേണം. മിനുസമുള്ള അരിപ്പൊടിയാണ് എടുക്കേണ്ടത്. കട്ടപിടിച്ച പൊടികളൊക്കെ നന്നായി ഉടയണം. മാവ് ടൈറ്റായി വരണം. ഇനി ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റുക. കുറച്ച് ചൂട് മാറിയാൽ നല്ലവണ്ണം കുഴയ്ക്കുക. ഒരു പാൻ എടുത്ത് അതിൽ കുറച്ച് നെയ്യ് പുരട്ടുക. ഇളം ചൂടോടെ തന്നെ മാവിൽ നിന്ന് കുറേശ്ശെയായി എടുത്ത് ഉരുളകളാക്കി പാനിൽ വെയ്ക്കുക. ഉരുളകൾ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇത് ചെയ്യുന്നത്. മിനുസമുള്ള ഉരുളകളാണ് വേണ്ടത്. ഒരു ചീനച്ചട്ടി എടുത്ത് സൺഫ്ലവർ ഓയിൽ ഒഴിക്കുക. അത് ചൂടാകുമ്പോൾ അതിലേക്ക് ഉരുളകൾ ഇടുക. തീ കുറച്ചു വയ്ക്കണം അല്ലെങ്കിൽ ഉള്ള് വേവില്ല. അപ്പത്തിന്റെ രണ്ടു വശവും തിരിച്ചിടണം. ഇനി അരിപ്പയിൽ കോരി എടുത്ത് വേറൊരു പാത്രത്തിൽ ഇടാം. അപ്പോൾ തന്നെ ശർക്കരയുടെയും ബട്ടറിന്റെയും നല്ല മണം വന്നിട്ടുണ്ടാകും.