വെറും 10 മിനുട്ടിൽ എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന കിടിലൻ പലഹാരം
ഏറ്റവും എളുപ്പത്തിലും രുചിയോടും കൂടി ഉണ്ടാക്കാൻ പറ്റുന്ന ഒരു പലഹാരത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്. പച്ചക്കറികൾ കഴിക്കാൻ പൊതുവെ കുട്ടികൾക്കൊക്കെ മടിയായിരിക്കും. അങ്ങനെ ഉള്ളവർക്കായി വെറൈറ്റി വെജിറ്റബിൾ റോൾ ആണ് ഇവിടെ ഉണ്ടാക്കുന്നത്. ഷവർമയ്ക്ക് ഉപയോഗിക്കുന്നതു പോലെ ഇതിൽ പച്ചക്കറി വേവിക്കാതെ ആണ് ചേർക്കുന്നത്. ഏറെ പോഷകഗുണങ്ങളുള്ള കേരറ്റ്, കക്കിരി എന്നിവയൊക്കെ ഇതിൽ ഉപയോഗിക്കുന്നുണ്ട്.
ആദ്യം അരക്കപ്പ് ഗോതമ്പുപൊടിയും അരക്കപ്പ് മൈദ പൊടിയും ഒരു പാത്രത്തിൽ ഇടുക. ഇനി ആവശ്യത്തിനു ഉപ്പിട്ട് നന്നായി യോജിപ്പിക്കുക. കുറച്ചു വെള്ളമൊഴിച്ച് മിക്സ് ചെയ്യുക. വിസ്ക് ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് മിക്സാക്കുന്നതായിരിക്കും നല്ലത്. പെട്ടെന്ന് തന്നെ മിക്സായി കിട്ടും. ഇനി ഒരു ബൗളെടുത്ത് രണ്ട് മുട്ട ഉടച്ച് അതിൽ ഒരു നുള്ള് ഉപ്പിടുക. പിന്നെ കുറച്ച് ചില്ലി ഫ്ലേക്സും ചെറുതായി മുറിച്ച മല്ലിയിലയും ഇടുക. ബീറ്റർ കൊണ്ട് നന്നായി ബീറ്റ് ചെയ്യുക.
ഇനി വേണ്ടത് കുറച്ച് പച്ചക്കറികളാണ്. ഒരു കക്കിരിയും ചെറിയ കേരറ്റും അരിഞ്ഞ് ഒരു ബൗളിലേക്ക് ഇടുക. ഇനി ഒരു സവാളയുടെ പകുതി ചെറുതായി നുറുക്കി മുറിച്ചതും ഇതിൽ ചേർക്കുക. ഒരു പച്ചമുളക് ചെറുതായി മുറിച്ചിടുക. പിന്നെ രണ്ട് ടേബിൾസ്പൂൺ തക്കാളി സോസ് കൂടി ഒഴിക്കുക. എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. നിങ്ങൾക്ക് കുരുമുളകുപൊടിയുടെ ഫ്ലേവർ ഇഷ്ടമാണെങ്കിൽ ഇതിൽ ചേർക്കാം. നല്ല ടേസ്റ്റ് ആയിരിക്കും.
ഇനി ഇത് ചുട്ടെടുക്കാം. അതിനായി ഒരു ദോശക്കല്ല് എടുത്ത് ചൂടാക്കി ഓയിൽ പുരട്ടി മാവു നൈസായി പരത്തുക. വെള്ള നിറം മാറുമ്പോൾ മുട്ടയുടെ മിശ്രിതം അതിൽ സ്പൂൺ കൊണ്ട് പരത്തുക. ഇനി തിരിച്ചിടാം. കല്ലിൽ നിന്ന് വിട്ട് വരുന്നില്ലെങ്കിൽ കുറച്ച് നെയ് അരികിലൊക്കെ തടവിയാൽ മതി. തിരിച്ചിട്ടാൽ അതിൽ പച്ചക്കറിയുടെ ഫില്ലിംഗ് ഒരു വശത്ത് വെയ്ക്കുക. ഫില്ലിംഗ് കൂടുതൽ വേണമെങ്കിൽ നിങ്ങൾക്ക് ചേർക്കാം. ഇനി ഇത് റോൾ ചെയ്യാം. എന്നിട്ട് കുറച്ച് സമയം കൂടി ആ ചൂടിൽ തന്നെ വെക്കാം. എന്നിട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റാം. അതു പോലെ എല്ലാം ചുട്ടെടുത്താൽ മതി. ചൂടോടെ കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും.