വെറൈറ്റി ആയി ഉഴുന്ന് വട പോലെ ‘ക്രിസ്പ്പി ചിക്കൻ വട’ തയ്യാറാക്കാം

ഉഴുന്നു വട നമ്മളെല്ലാവരും തയ്യാറാക്കിയിട്ടുണ്ട് കഴിച്ചിട്ടുമുണ്ട്. പക്ഷെ അതിൽ ചിക്കൻ വേവിച്ചു ഉടച്ചത് ചേർത്താൽ അടിപൊളി വിഭവം തയ്യാറാണ്. ഇപ്പോഴത്തെ കുട്ടികൾക്കു ഇത് എന്തായാലും ഇഷ്ടമാകും. ഉഴുന്നു വട കഴിക്കാത്തവർ പോലും ഈ രീതിയിൽ തയ്യാറാക്കി കൊടുത്താൽ കഴിച്ചിരിക്കും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ചിക്കൻ ഉഴുന്നു വട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് ഉഴുന്നു ഏകദേശം നാലു മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർക്കണം. അതിനു വൃത്തിയായി കഴുകി എടുത്തു മിക്സിയിൽ ഇട്ടു നന്നായി അരച്ച് എടുക്കണം. അരക്കുമ്പോൾ അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക.

ഇനി ഒരു സവാള ചെറുതായി അരിഞ്ഞത്, അൽപ്പം കറിവേപ്പിലയും, മല്ലിയിലയും അരിഞ്ഞത്, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, രണ്ടു പച്ചമുളക് അരിഞ്ഞത്, ഒരു സ്പൂൺ കുരുമുളക്പൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിലേക്ക് ഒരു കപ്പ് ചിക്കൻ നന്നായി വേവിച്ചു എല്ല് നീക്കി മിക്സിയിൽ ഇട്ടു ഒരു പൊടിച്ചു എടുക്കുക. അതും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

ഇനി ഈ കൂട്ടിലേക്ക് ഉഴുന്ന് അരച്ച് വച്ചിരിക്കുന്നതും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. വെള്ളം കൂടുതൽ ആയി തോന്നുന്നുണ്ടെങ്കിൽ അൽപ്പം അരിപ്പൊടി ചേർത്ത് കുഴച്ചു എടുക്കാം. കൈ കൊണ്ട് തന്നെ കുഴച്ചു എടുത്തു നാലു മണിക്കൂർ അടച്ചു വക്കണം. (ഇതെല്ലാം ചേർന്ന് നന്നായി പൊങ്ങി വരണം.)

നാലു മണിക്കൂറിനു ശേഷം ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. അതിലേക്ക് ഒരു ഉരുള മാവ് എടുത്തു നടുവിൽ ചെറിയ ദ്വാരം ഉണ്ടാക്കി ഓയിലിലേക്ക് ഇട്ടു കൊടുക്കുക. (മാവ് കയ്യിൽ ഒട്ടി പിടിക്കുന്നുണ്ടെങ്കിൽ കൈ വെള്ളത്തിൽ മുക്കി എടുത്ത ശേഷം മാവ് എടുത്താൽ മതി.) ഇനി ഒരു സൈഡ് പാകമായാൽ തിരിച്ചു ഇട്ടു കൊടുക്കണം. ചെറിയ തീയിൽ വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഈ രീതിയിൽ തന്നെ മുഴുവനും റെഡി ആക്കി എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “ചിക്കൻ ഉഴുന്നുവട” തയ്യാർ…. !

Similar Posts