വെറൈറ്റി ടേസ്റ്റിൽ ഒരു വെണ്ടക്കറി, ഒരു തവണ ഇതുപോലെ വച്ചാൽ ചോറിനു വേറെ കറിയൊന്നും വേണ്ട

വെണ്ടയുടെ ഗുണങ്ങൾ അനവധിയാണ്. ധാരാളം നാരുകളടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. അമിത ഭാരം കുറയ്ക്കുന്നതിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും വെണ്ട പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ ഗ്യാസിനുള്ള നല്ല പ്രതിവിധിയാണ് വെണ്ടയ്ക്ക. വെണ്ടയിലെ വിറ്റാമിൻ സി പ്രതിരോധത്തിന് നല്ലതാണ്. ഗർഭിണികളുടെ ഭക്ഷണത്തിൽ വെണ്ട ഉൾപ്പെടുത്തിയാൽ ഗർഭകാലത്തെ വിളർച്ച വരെ ഇല്ലാതാവുകയും ചെയ്യും.

നല്ല രുചിയുള്ള വെണ്ടക്ക കറിയെപ്പറ്റി ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. നല്ല കളർഫുള്ളിൽ കാണുമ്പോൾ തന്നെ നമുക്ക് ഉണ്ടാക്കിയാലോ എന്ന് തോന്നിപ്പോകുന്ന വിധം മനോഹരമാണ് ഈ കറി. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഒക്കെ കറി ആയി നമുക്ക് ഇത് ഉണ്ടാക്കാം. ആദ്യം 250 ഗ്രാം വെണ്ടയ്ക്ക എടുത്തു കഴുകി തുടച്ചു മുറിച്ചിടുക. ഇതൊരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ഇടുക. പിന്നെ ഒരു ടീസ്പൂൺ മുളകുപൊടിയും 2 നുള്ള് മഞ്ഞൾപ്പൊടിയും ഇടുക. ഇതെല്ലാം കൂടി മിക്സ് ആക്കി ഒന്നു റെസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇനി മുക്കാൽ ടേബിൾ സ്പൂൺ കടലപ്പൊടി ഇടുക. കറിക്ക് കൊഴുപ്പ് കിട്ടാനാണ് ഇത് ചേർക്കുന്നത്. അതും കൂടി ഇട്ട് നന്നായി മിക്സ് ചെയ്യുക. കുറച്ചുസമയം അത് പിടിപ്പിക്കാൻ വയ്ക്കുക. ഇത് തികച്ചും ഒപ്ഷണൽ ആണ്.

ഇനി വേണ്ടത് ഈ കറിയിലെ മറ്റൊരു ചേരുവയായ ഉരുളക്കിഴങ്ങ് ആണ്. ഒന്നോ രണ്ടോ ഉരുളക്കിഴങ്ങ് വേവിച്ച് തോല് മാറ്റി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് നന്നായി വെന്താൽ ഉടഞ്ഞു പോകും. ഇനിയൊരു പാൻ എടുത്ത് ചൂടാക്കി അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അത് ചൂടാകുമ്പോൾ തീ ഒന്നു കുറച്ച് ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടിയും രണ്ട് നുള്ള് മഞ്ഞൾപ്പൊടിയും ഇടുക. കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി ഇളക്കുക. നല്ലൊരു മണം വരുമ്പോൾ നമ്മൾ മുറിച്ചു വെച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ ഇടുക. അത് നന്നായി ഇളക്കി മസാല പിടിപ്പിക്കുക. അതിനുശേഷം ഒരു ബൗളിലേക്ക് ഇതിനെ മാറ്റാം. ഈ പാനിലേക്ക് ഒരു ടീ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കി നേരത്തെ തയ്യാറാക്കി വെച്ച വെണ്ടക്ക ഇതിലിട്ട് നന്നായി വഴറ്റുക. എണ്ണയിൽ കിടന്ന് അത് ചൂടായി കളറൊക്കെ മാറുന്ന സമയത്ത് പാത്രത്തിലേക്ക് തന്നെ മാറ്റി വെക്കാം.

ഇനി കറിയാക്കാൻ ഒരു പാത്രം എടുത്ത് മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക. ഒരു ടീസ്പൂൺ ചെറിയ ജീരകം ഇടുക. ഇത് മൊരിഞ്ഞ് പൊട്ടുമ്പോൾ ഒരു വലിയ ഉള്ളി മുറിച്ചു ചെറിയ കഷ്ണങ്ങൾ ആക്കിയത് ചേർക്കുക. അത് നല്ലവണ്ണം വഴറ്റുക. കുറച്ചു ഉപ്പും കൂടി ഇടുക. ഉള്ളി ഒരു ബ്രൗൺ കളർ ആകുന്ന സമയത്ത് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക. ഇനി പച്ചമുളക് ചെറുതായി മുറിച്ചത് ഇടാം. നിങ്ങൾക്ക് എരിവ് കൂടുതൽ വേണമെങ്കിൽ മൂന്ന് പച്ചമുളക് ഒക്കെ എടുക്കാം. മുളക് പൊടി ഇനിയും ചേർക്കേണ്ടതുണ്ട്. എല്ലാം കൂടി നന്നായി വഴറ്റുക. ഇനി ഒന്നര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി ഇടുക. സാധാരണ മുളകുപൊടി ആണെങ്കിൽ നിങ്ങൾക്ക് അളവ് കുറയ്ക്കാം. ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ട് നന്നായി ഇളക്കുക. ചെറിയ ജീരകത്തിന്റെ ഫ്ലേവർ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ കുറച്ചുകൂടി അത് ചേർക്കാം.

ഇതൊക്കെ കൂടിയുള്ള നല്ല മണം വരുന്ന സമയത്ത് രണ്ട് തക്കാളി ജാറിലിട്ട് അടിച്ചത് ഇതിലേക്ക് ചേർക്കുക. വീണ്ടും നന്നായി ഇളക്കണം. തക്കാളിയുടെ പച്ചമണം നന്നായി മാറണം. ഇത് വരണ്ട് വരുമ്പോൾ അരക്കപ്പ് കട്ട തൈര് ചേർക്കുക. പുളിയില്ലാത്ത തൈരാണ് നല്ലത്. പുളിയുള്ള തൈരാണ് നിങ്ങൾ ചേർക്കുന്നതെങ്കിൽ കുറച്ച് ചേർത്താൽ മതിയാകും. കാരണം തക്കാളിയുടെ പുളി തന്നെ ഉണ്ടാവും. ഇനി രണ്ട് മിനിറ്റ് മൂടിവെക്കുക. അപ്പോഴേക്കും എല്ലാം സെറ്റ് ആയിട്ടുണ്ടാവും. ഇനി മൂടി തുറന്ന് മുക്കാൽ കപ്പ് വെള്ളം ഒഴിക്കുക. വെണ്ടയും ഉരുളക്കിഴങ്ങും ഒക്കെ ചേർക്കുമ്പോൾ അടിയിൽ പിടിക്കാതിരിക്കാനാണിത്. പിന്നെ ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ഒഴിച്ചാൽ മതിയാകും. ഇനി കറിക്ക് വേണമെങ്കിൽ ഉപ്പ് ചേർക്കാം. അതിനു ശേഷം കറി തിളയ്ക്കുന്ന സമയത്ത് അരടീസ്പൂൺ ഗരം മസാല ചേർക്കാം. അത് മിക്സ് ആക്കി വെണ്ടക്കയും കുറച്ചു ഉരുളക്കിഴങ്ങും ഇട്ട് നന്നായി യോജിപ്പിക്കുക. 3 മിനിട്ട് ചെറുതീയിൽ തന്നെ മൂടി വെയ്ക്കുക. ശേഷം ബാക്കിയുള്ള ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് കൂടി ഇതിലേക്ക് ചേർക്കുക. നിങ്ങൾക്ക് വേണമെങ്കിൽ മല്ലിയില കൂടി ചേർക്കാം. ഈ കറി കുറച്ച് ഡ്രൈ ആയിട്ട് ഉണ്ടാക്കുന്നതായിരിക്കും ടേസ്റ്റ്.

 

Similar Posts