“വേൾഡ് കാർ ഓഫ് ദി ഇയർ” പുരസ്കാരം ഫോക്സ്‌വാഗൺ എസ്‌യുവി ഐഡി 4ന് ലഭിച്ചു
ഫോക്സ് വാഗണിന്റെ ഇലക്ട്രിക് എസ്‌യുവി ഐഡി 4 ആണ് ലോകത്തെ ഏറ്റവും മികച്ച കാർ ആയി കഴിഞ്ഞദിവസം തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. അതായത് വൈദ്യുത കാറുകൾക്ക് ആണ് ഇനിമുതൽ കൂടുതൽ ഡിമാൻഡ്. അല്ലെങ്കിൽ പിന്നെ നൂറുകണക്കിന് പെട്രോൾ, ഡീസൽ കാറുകൾ ഉള്ളപ്പോൾ ഇത്രയും വലിയൊരു പദവി ഒരു ഇലക്ട്രിക് കാറിന് ലഭിക്കുമോ?!
ഒരുതവണ ചാർജ് ചെയ്താൽ 520 കിലോമീറ്റർ വരെ ഓടാൻ ആകുമെന്ന് ഐഡി 4 കമ്പനി ഉടമകൾ അവകാശപ്പെടുന്നു. ഈ കാർ അടുത്തവർഷം ഇന്ത്യയിലും ലഭിക്കുമെന്നാണ് സൂചനകൾ. യൂറോപ്പ്, ചൈന, യുഎസ് എന്നീ പ്രധാന മാർക്കറ്റുകളിൽ ആണ് ഐ ഡി 4 ന്റെ തുടക്കം. 77 കിലോവാട്ട് അവർ ബാറ്ററി പാക്ക് ഉള്ള എസ് യൂ വിക്ക് 204 എച്ച്പി കരുത്തും, 110 എൻഎം ടോർക്കും ഉണ്ട്. സ്പീഡ് പൂജ്യത്തിൽ നിന്നും നൂറിൽ എത്താൻ വേണ്ടത് 8.5 സെക്കൻഡ് മാത്രമാണ്. കമ്പനിയുടെ തന്നെ ടിഗ്വാൻ എസ്‌യുവി യോട് അടുത്ത് നിൽക്കുന്ന വലുപ്പമാണ് ഈ വാഹനത്തിനും ഉള്ളത്.
24 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങുന്ന അവാർഡ് കമ്മിറ്റിയാണ് ഐഡി 4ന് ഈ പുരസ്കാരം നൽകിയത്. വളരെ ഇന്നവേറ്റീവ് ആയ സാങ്കേതികവിദ്യകൾ ആണ് ഈ കാറിൻറെ പ്രത്യേകതകൾ. വാഹനത്തിന് 3 – 10 മീറ്റർ മുന്നിലായി കാണുന്ന വിധത്തിൽ (അതായത് കാർ തിരിയേണ്ട സ്ഥലത്തായി തന്നെ) നാവിഗേഷൻ സൂചനകൾ പ്രൊജക്റ്റ് ചെയ്യുന്ന ഹെഡ് അപ്പ് ഡിസ്പ്ലേ ഇതിനുണ്ട്. ഇതൊരു ചെറിയ ഉദാഹരണം മാത്രം. ഇനിയും ഒരുപാട് സവിശേഷതകൾ ഈ സ്പെഷ്യൽ കാറിനുണ്ട്. 30 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയാണ് പല രാജ്യങ്ങളിൽ ഇതിൻറെ വില.
2009ലാണ് ഫോക്സ് വാഗൺ അവസാനമായി ലോക കാർ പുരസ്കാരം നേടുന്നത്. അതിനുശേഷം ഇപ്പോൾ ആണ് ഒരു വൈദ്യുത കാറിന് ഈ പുരസ്കാരം ലഭിക്കുന്നത്. അതിനർത്ഥം ഇനി വരുന്നത് വൈദ്യുത കാറുകളുടെ യുഗം തന്നെയാണ് എന്നാണ്!