സംസ്ഥാനത്ത് 45 വയസ്സ് തികഞ്ഞവർക്ക് കോവിഡ് വാക്സിനേഷൻ ഇന്നു മുതൽ തുടങ്ങും
സംസ്ഥാനത്ത് 45 വയസ്സ് തികഞ്ഞവർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്നു മുതൽ തുടങ്ങും. ഓൺലൈൻ മുഖേനയും, വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് എത്തിയും രജിസ്റ്റർ ചെയ്യാം. പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.
www.cowin.gov.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതിൽ വ്യക്തികൾക്ക് സൗകര്യമുള്ള ആശുപത്രിയും, ദിവസവും തെരഞ്ഞെടുക്കാം. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് അതനുസരിച്ച് വാക്സിൻ കേന്ദ്രത്തിൽ എത്തുന്നത് തിരക്കിൽ പെടാതെ ഒഴിവാക്കുന്നതിന് സഹായകരമാകും.
45 വയസ്സ് തികഞ്ഞവർക്ക് 45 ദിവസം കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ സൗകര്യം ലഭ്യമാകും. ഇനി വരുന്ന ദിവസങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. ആരോഗ്യപ്രവർത്തകർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞവർ, 5നും, 59 നും ഇടയിൽ പ്രായമുള്ള മറ്റു രോഗബാധയുള്ളവർ എന്നിവർക്കാണ് ഇന്നലെവരെ വാക്സിൻ നൽകിയത്. സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്സിൻ വിതരണം ചെയ്തു.