സവാള, തക്കാളി വേണ്ട തനി നാടൻ രുചിയിൽ അയല വറ്റിച്ചത്, ഇതിലെ ഒരു മീൻ മതി വയറു നിറയെ ചോറുണ്ണാൻ

മീനുകളുടെ കൂട്ടത്തിൽ അയലയ്ക്കുള്ള സ്ഥാനം ഒന്നു വേറെ തന്നെയാണ്. അയല വറ്റിച്ചതുണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും വേണ്ട. പണ്ടൊക്കെ അയല ധാരാളം കിട്ടുമായിരുന്നു. എന്നാൽ ഇന്ന് കടൽ മീനുകളുടെ ലഭ്യത കുറവാണ്. സാധാരണ മീൻ മുളകിട്ട് വെക്കുമ്പോൾ സവാളയും തക്കാളിയും ഒക്കെ ഇടാറുണ്ട്. എന്നാൽ ഇതിന് അതൊന്നും വേണ്ട എന്നുള്ളത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് വ്യത്യസ്ത രീതിയിൽ ഉണ്ടാക്കുന്ന അയല വറ്റിച്ചതാണ്. അരക്കിലോ അയല കഴുകി വൃത്തിയാക്കി കഷണങ്ങൾ ആക്കി വെക്കുക എന്നിട്ട് നിങ്ങൾ പൊരിക്കുമ്പോൾ ചെയ്യുന്നതുപോലെ മീനിന് വരയിടുക.

ആദ്യം ഒരു മൺചട്ടി എടുക്കുക. അതിൽ രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി ഇടുക. സാധാരണ മുളക് പൊടി ആണെങ്കിൽ ഇത്രയും വേണ്ടി വരില്ല. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിനുശേഷം ഒരു നെല്ലിക്കാ വലിപ്പത്തിലുള്ള പുളി വെള്ളത്തിൽ കുതിർത്തി വെച്ചത് പിഴിഞ്ഞ് ചേർക്കുക. ഇതെല്ലാം കൂടി യോജിപ്പിക്കുക. കട്ടയുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം. കുറച്ചു വെള്ളം ഒഴിക്കേണ്ടി വരും. മീൻ വേവാനുള്ള വെള്ളം ഉണ്ടാവണം.

ഇനി നമ്മൾ മുറിച്ച് വെച്ച മീൻ ഇതിൽ ഇടാം. എന്നിട്ട് ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളമൊഴിക്കാം. ഗ്യാസ് ചെയ്തിട്ട് ചട്ടി അടുപ്പിൽ വെക്കാം. ഇനി ഒരു മൂടി കൊണ്ട് നന്നായി അടച്ചു വെയ്ക്കാം. തിളക്കുമ്പോൾ മൂടി തുറന്ന് വെയ്ക്കാം. അല്ലെങ്കിൽ കറി പതഞ്ഞു പൊങ്ങും. ഇനി എല്ലാ മീനും തിരിച്ചിട്ട് അടുത്ത വശവും വേവാൻ വെയ്ക്കാം. ചെറുതീയിൽ നല്ലവണ്ണം വേവിക്കാം. അപ്പോൾ കറി കുറുകി വരികയും ചെയ്യും. കറി നല്ല വണ്ണം വറ്റണം. കുറച്ച് വറ്റി കഴിഞ്ഞാൽ അതിലേക്ക് 6 വെളുത്തുള്ളി ചതച്ചതും കുറച്ചു കറിവേപ്പിലയും ഇടാം.

വെളുത്തുള്ളി ഇട്ടാൽ തന്നെ കറിക്ക് നല്ല മണമുണ്ടാകും. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കറിയിൽ ഒഴിക്കുക. എന്നിട്ട് ചട്ടി ഒന്ന് ചുറ്റിക്കുക. ഇനി തീ ഓഫാക്കി മൂടി കൊണ്ട് അടച്ച് വെയ്ക്കുക. കാൽ മണിക്കൂറെങ്കിലും കഴിഞ്ഞിട്ട് കറി എടുത്താൽ മതി. അപ്പോഴേക്കും വെളിച്ചെണ്ണയുടെയും കറിവേപ്പിലയുടെയും വെളുത്തുള്ളിയുടേയുമൊക്കെ നല്ല മണം വന്നിട്ടുണ്ടാകും. ഇനി ഇത് രുചിച്ചു നോക്കൂ. വളരെ വ്യത്യസ്തമായ ഒരു ഫ്ലേവർ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് ഇത്. തീർച്ചയായും ട്രൈ ചെയ്യണം.

Similar Posts