സാദാ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ സ്റ്റീൽ ഗ്ലാസിൽ ഉണ്ടാക്കാൻ പറ്റുന്ന പഞ്ഞി പോലെയുള്ള സ്പോഞ്ച് കേക്ക്
കേക്ക് ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാവില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് ഇത്. സാധാരണ കേക്ക് റൗണ്ടായും ഷേയ്പ്പായും ആണ് കൂടുതലായും കാണാറ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഒരു സ്റ്റീൽ ഗ്ലാസിലാണ് ഇത് ഉണ്ടാക്കി എടുക്കുന്നത്. അതിലാവുമ്പോ കുട്ടികൾക്കൊക്കെ ആവശ്യമുള്ളപ്പോൾ ചെറുതായി മുറിച്ച് കൊടുക്കാൻ എളുപ്പമാണ്. ഓവൻ പോലുമില്ലാതെ ഇത് ഉണ്ടാക്കാൻ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇതിന് ആവശ്യമായ സാധനങ്ങൾ അര കപ്പിൽ നട്ട്സും ഉണക്കമുന്തിരിയും ടൂട്ടി ഫ്രൂട്ടിയും കശുവണ്ടിയും കഷണങ്ങളാക്കി ഇടുക. 1 കപ്പ് മൈദപ്പൊടിയും അര ടീസ്പൂൺ വേറെയും വേണം, മുക്കാൽ കപ്പ് പാൽ, കാൽ കപ്പ് സൺഫ്ലവർ ഓയിൽ, കാൽ കപ്പ് പഞ്ചസാര, കാൽ ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, 3 നുള്ള് ഉപ്പ്, അര ടീസ്പൂൺ വാനില എസെൻസ്, മഞ്ഞ ഫുഡ് കളർ എന്നിവയാണ്.
ഇത് തയ്യാറാക്കുന്ന വിധം നോക്കാം. ആദ്യം കുറച്ച് ടൂട്ടി ഫ്രൂട്ടിയും മുറിച്ചിട്ട നട്സും കശുവണ്ടിയും കഷണങ്ങളാക്കി വെയ്ക്കുക. അതിലേക്ക് മൈദപ്പൊടിയിൽ നിന്നും അര ടേബിൾ സ്പൂൺ ഇടുക. ഇത് നന്നായി യോജിപ്പിക്കുക. നമ്മൾ ഉണ്ടാക്കുന്ന കേക്കിൽ നിന്നും വേറിട്ട് പോകാതിരിക്കാനും കേക്കിൽ തന്നെ ഇതൊക്കെ പറ്റി പിടിക്കാനുമാണ് മൈദപ്പൊടി മിക്സ് ആക്കുന്നത്.
ഇനി ഒരു പാത്രമെടുത്ത് പാൽ ഒഴിക്കുക. അതിലേക്ക് ഓയിൽ ഒഴിക്കുക. പിന്നെ പഞ്ചസാര ഇടുക. അത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൂട്ടാം. ഇനി വിസ്കെടുത്ത് ഇത് മൂന്നും യോജിപ്പിക്കുക. ശേഷം ഒരു അരിപ്പയെടുത്ത് അതിൽ മൈദപ്പൊടിയും ബേക്കിംഗ് സോഡയും ഒരു നുള്ള് ഉപ്പും കൂടി മിക്സ് ആക്കി അരിച്ചെടുക്കുക. ഇതെല്ലാം കൂടി മെല്ലെ യോജിപ്പിക്കുക. ഇത് ടൈറ്റായി വരണം. എന്നിട്ട് ഇനി നമ്മൾ മാറ്റി വെച്ച നട്സിന്റെയും കശുവണ്ടിയുടെയുമൊക്കെ മിക്സ് ഇതിലേക്ക് ചേർക്കാം.
ഇനി കുറച്ച് വാനില എസെൻസ് ചേർക്കാം. കേക്ക് വെള്ള നിറത്തിലാണ് ഉണ്ടാവുക. മഞ്ഞ കളർ കിട്ടാൻ നിങ്ങൾക്ക് വേണമെങ്കിൽ മഞ്ഞ ഫുഡ് കളർ ചേർക്കാം. ഇനി ഒരു പരന്ന തവി കൊണ്ട് നന്നായി ഇളക്കുക. ഈ കേക്ക് ഗ്ലാസിലാണ് തയ്യാറാക്കുന്നത്. അതിൽ നെയ് പുരട്ടി പകുതിയോളം ഈ ബാറ്റർ ഒഴിക്കുക. അത് മുകളിലേക്ക് പൊങ്ങി വരുന്നതു കൊണ്ടാണ് പകുതി മാത്രം ഒഴിക്കുന്നത്. ഗ്ലാസ് ഒന്നു ഇളക്കി കൊടുത്താൽ കുമിളകൾ ഉണ്ടെങ്കിൽ മാറിക്കോളും. ഇനി ഒരു പഴയ നോൺസ്റ്റിക് പാത്രമെടുത്ത് ഗ്യാസിൽ വെച്ച് ചൂടാക്കി അതിൽ ഗ്ലാസ് വെയ്ക്കുക. നല്ല വണ്ണം മൂടണം. ഓട്ടയുള്ള ഗ്ലാസ് മൂടിയാണെങ്കിൽ അത് ഒരു പേപ്പർ കൊണ്ട് അടയ്ക്കണം. 40 മിനിട്ടെങ്കിലും ഇത് വേവാൻ വേണം. ശേഷം മൂടി തുറന്ന് നോക്കിയാൽ കേക്ക് നല്ലവണ്ണം സെറ്റായത് കാണാം.
https://www.youtube.com/watch?v=eyDkAJSHSHk