സാമൂഹ്യ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർക്ക് മസ്റ്ററിങ് ചെയ്യേണ്ട സമയമായി, പുതിയ തിയതി അറിയിപ്പ് വന്നു
സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്ന സാമൂഹ്യ ക്ഷേമ പെൻഷനുകളും വിവിധ ക്ഷേമനിധി ബോർഡുകളിലെ ക്ഷേമനിധി പെന്ഷനുകളും വാങ്ങിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന അറിയിപ്പാണ് താഴെ പറയുന്നത്. പെൻഷൻ മസ്റ്ററിങ്ങിനുള്ള തിയതികൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പെൻഷൻ മസ്റ്ററിങ് എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും മസ്റ്ററിങ് ചെയ്തു പരാജയപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് എന്നുമാണ് താഴെ പറയുന്നത്.
സർക്കാർ നൽകുന്ന ഇത്തരത്തിൽ ഉള്ള ധനസഹായങ്ങൾ അർഹതയില്ലാത്തവരും കൈപ്പറ്റാറുണ്ട്. ഇങ്ങിനെ അർഹത ഇല്ലാതെ പെൻഷൻ കൈപ്പറ്റുന്നവരെ ഒഴിവാക്കാനും അതുപോലെ തന്നെ പെൻഷൻ വാങ്ങുന്ന ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ട് എന്ന് സർക്കാരിന് ബോധ്യപ്പെടാനും ആണ് സർക്കാർ മാസ്റ്ററിങ്ങും, ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണവും എല്ലാം അതാതു കാലങ്ങളിൽ നടത്തി വരുന്നത്.
കേരളത്തിൽ വിവിധ ക്ഷേമ പെൻഷൻ ലഭിക്കുന്ന 48 ലക്ഷം ഗുണഭോക്താക്കളും വിവിധ ക്ഷേമനിധി ബോർഡുകളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന 6 ലക്ഷം ഗുണഭോക്താക്കളും ഉണ്ട്. ഇവർക്ക് എല്ലാം ധനസഹായം നൽകുന്നതിനു വേണ്ടി എല്ലാ മാസവും 800 കോടിയോളം രൂപ വീതം ചിലവാക്കാറുണ്ട്. 2020 ജനുവരിക്ക്നു ശേഷം പെൻഷൻ അനുവദിച്ചവർ മസ്റ്ററിങ് ചെയ്തില്ലെങ്കിലും പെൻഷൻ ലഭിക്കുന്നുണ്ട്. അതിനു മുൻപ് പെൻഷൻ ലഭിച്ചവർക്കാണ് മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരിൽ പെൻഷൻ തടഞ്ഞത്.
2019 ഡിസംബറിനു മുൻപ് മസ്റ്ററിങ് ചെയ്യണമെന്നായിരുന്നു സർക്കാരിന്റെ ആദ്യത്തെ നിർദ്ദേശം. പിന്നീട് ഇത് മാർച്ച് വരെ നീട്ടി. എന്നാൽ ലോക്ഡൗണിനെ തുടർന്ന് ഇത് നിർത്തലാക്കി. 2020 ജനുവരി മുതൽ അർഹത നേടിയവർക്ക് മസ്റ്ററിങ് ഇല്ലാതെ പെൻഷൻ നൽകണമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു. ഇപ്പോൾ മസ്റ്ററിങ്ങിന്റെ തിയതി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു.
2019 ഡിസംബർ 31 നു മുൻപ് മസ്റ്ററിങ് ചെയ്യാൻ കഴിയാത്തവർക്ക് ഫെബ്രുവരി 1 മുതൽ 20 വരെ അവസരം നൽകും. മൊത്തം 41/2 ലക്ഷത്തോളം പേർക്കാണ് പെൻഷൻ തടഞ്ഞത്. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. തദ്ദേശ സെക്രട്ടറിയെ ബന്ധപ്പെട്ടാൽ കിടപ്പു രോഗികൾക്ക് വീട്ടിൽ സൗകര്യം ലഭ്യമാക്കുന്നതാണ്. ബയോ മെട്രിക് മസ്റ്ററിങ്ങിൽ പരാജയപ്പെടുന്നവർക്ക് ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്. പെൻഷൻ വാങ്ങുന്ന വ്യക്തി ജീവിച്ചിരിപ്പുണ്ട് എന്ന് ബയോ മെട്രിക് മസ്റ്ററിങ്ങിലൂടെ തിരിച്ചറിയാൻ സാധിക്കുന്നു. ഇത് ചെയ്യാത്തത് മൂലം 40000 രൂപയാണ് പലർക്കും നഷ്ടമായത്. അതിനാൽ തന്നെ സർക്കാർ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിനു മസ്റ്ററിങ് പോലുള്ള പ്രക്രിയകൾ നിർവഹിക്കുക.