സൂപ്പർ ടേസ്റ്റ് ഉള്ള കാരറ്റ് സൂപ്പ് റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

രണ്ടു വലിയ കാരറ്റും, ഒരു സവാളയും, ഒരു ഉരുളങ്കിഴങ്ങും ഉണ്ടെങ്കിൽ അടിപൊളി കാരറ്റ് സൂപ്പ് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. സൂപ്പ് കുടിക്കുന്നത് ശരീരത്തിന് ഒരുപാട് നല്ലതാണ്. പച്ചക്കറികൾ കഴിക്കാൻ മടിയുള്ളവർക്ക് ഇതുപോലെ സൂപ്പ് റെഡി ആക്കി കൊടുത്താൽ വളരെ നല്ലതാണ്. കുട്ടികൾക്കും, മുതിർന്നവർക്കും ഇത് ഒരുപോലെ നല്ലതാണ്. സൂപ്പുകൾ തയ്യാറാക്കി എടുക്കാനും വളരെ എളുപ്പമാണ്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കാരറ്റ് സൂപ്പ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കുക്കർ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് ഒരു സ്പൂൺ ഓയിൽ അല്ലെങ്കിൽ ബട്ടർ ചേർത്ത് കൊടുക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ഒന്നു വാടി വന്നാൽ മതി. ഇനി അതിലേക്ക് രണ്ടു കാരറ്റ് മുറിച്ചതും, ഒരു ഉരുളൻകിഴങ്ങ് മുറിച്ചതും കൂടി ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് നികക്കെ വെള്ളം ഒഴിച്ച് വേവിക്കുക. പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. മൂന്നു വിസിൽ അടിച്ച ശേഷം തീ ഓഫ് ചെയ്യുക.

ചൂടാറിയ ശേഷം അതിലെ കഷണങ്ങൾ മാത്രം എടുത്തു ഒരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ച് എടുക്കണം. ഇനി ഇത് ബാക്കിയുള്ള വെള്ളത്തിന്റെ കൂടെ ചേർത്ത് വീണ്ടും തിളപ്പിക്കുക. രണ്ടു സ്പൂൺ കോൺഫ്ളർ അൽപ്പം വെള്ളത്തിൽ കലക്കി ഇതിൽ ചേർക്കുക. ഇനി നന്നായി കുറുകി വരണം. കുറുകി വന്നാൽ എരിവിന് അനുസരിച്ചു അൽപ്പം കുരുമുളക്പൊടി ചേർത്ത് തീ ഓഫ് ചെയ്യുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. ഇനി രണ്ടു പീസ് ബ്രെഡ്‌ ചെറിയ കഷണങ്ങൾ ആക്കി അതിൽ ചേർക്കുക. ഇനി ചെറിയ തീയിൽ ഇട്ടു നന്നായി വറുത്തു കോരുക. ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു കോരണം.

ഇനി സൂപ് കഴിക്കുന്ന നേരത്ത് അൽപ്പം ബ്രെഡ്‌ കൂടി ചേർത്ത് വിളമ്പുക. ഈ സൂപ് ചൂടോടെ തന്നെ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “കാരറ്റ് സൂപ്” തയ്യാർ… !!