സ്കൂൾ തുറക്കൽ, വിദ്യാഭ്യാസ മന്ത്രി മാർഗ്ഗരേഖ പുറത്തിറക്കി, രക്ഷിതാക്കൾക്ക് അധിക ബാധ്യത

സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ മാർഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുറത്തിറക്കി. “തിരികെ സ്കൂളിലേക്ക്” എന്ന പേരിലാണ് മാർഗരേഖ. സ്കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട്   വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മാർഗ്ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു. ഓരോ സ്കൂളുകളുടെ സാഹചര്യമനുസരിച്ച് ടൈംടേബിൾ തയ്യാറാക്കണം. സ്ഥല സൗകര്യം അനുസരിച്ച് ഓരോ ക്ലാസിനും പഠന ദിവസങ്ങൾ തീരുമാനിക്കാം.

സ്കൂൾ തുറന്നു ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിനു ശേഷം പാഠഭാഗങ്ങൾ ഏതൊക്കെ പഠിപ്പിക്കണമെന്ന് സർകാർ തീരുമാനമെടുക്കും. ടൈംടേബിൾ അതാത് സ്കൂളുകൾക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്കൂളുകളിൽ എത്തിക്കുവാൻ രക്ഷിതാക്കളും അതുപോലെ അധ്യാപകരും ശ്രമിക്കണമെന്ന് അക്കാദമിക് മാർഗരേഖ പ്രകാശനം ചെയ്തു വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.

വലിയ ഇടവേളയ്ക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ ആദ്യം നേരെ പാഠഭാഗങ്ങൾ പഠിപ്പിക്കില്ല എന്നാണ് തീരുമാനം. നീണ്ട കാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ചയിൽ വിലയിരുത്തും. വിക്റ്റേഴ്സ് വഴിയുള്ള പഠനത്തിനോട്‌ കുട്ടികളുടെ പ്രതികരണം മനസ്സിലാക്കും. കളി ചിരിയിലൂടെ മെല്ലെ  മെല്ലെ പഠനത്തിന്റെ ലോകത്തിലേക്ക് എത്തിക്കും.  ആ  രീതിയിൽ ആണ് അക്കാഡമിക് മാർഗ്ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

ആദ്യ ആഴ്ചകളിൽ വീഡിയോ കളിലൂടെയും, ഗെയിമുകളിലൂടെയും പാഠഭാഗങ്ങൾ കാണിച്ചു കൂട്ടായി ചർച്ച ചെയ്ത് മനസ്സിലാക്കും. കുട്ടിയെ സ്കൂളുകളിലേക്ക് വിടാൻ പല രക്ഷിതാക്കൾക്കും പേടി ഉണ്ടെന്ന് തെളിഞ്ഞിരുന്നു. ആർക്കും ആശങ്ക വേണ്ടെന്നും ആരെയും ആദ്യനാളുകളിൽ നിർബന്ധിക്കുകയില്ല എന്നും മന്ത്രി വ്യക്തമാക്കി. പക്ഷെ പരമാവധി കുട്ടികളെ കൂട്ടായി സ്കൂളുകളിലേക്ക് എത്തിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഭ്യർത്ഥിച്ചു.  നവംബറിലെ   പ്രവർത്തന പദ്ധതി വിലയിരുത്തി തുടർ മാസങ്ങളിലെ പഠനം ക്രമീകരിക്കണം.

ഭാഷാ,ശാസ്ത്രപഠനം വീഡിയോ ക്ലാസ് വഴി നടത്തണം. വിദഗ്ധരുമായി ആലോചിച്ച് പാഠഭാഗം തീരുമാനിക്കും. എല്ലാ സ്കൂളുകളിലും ഒരേ രീതിയിലുള്ള പഠന രീതികൾ  ആയിരിക്കും അവലംബിക്കുക. കൗൺസിലർമാരുടെ സേവനം ഉറപ്പുവരുത്തും. ലാബുകളും മൾട്ടിമീഡിയ യും കൂടുതലായി ഉപയോഗിക്കണമെന്നും മാർഗരേഖയിൽ പറയുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്കൂളിൽ എത്തിയാൽ മതി. പൊതു അവധികൾ ഒഴിച്ചുള്ള ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകും.

രണ്ടു ഡോസ്   വാക്‌സിൻ സ്വീകരിച്ച രക്ഷിതാക്കൾ മാത്രം കുട്ടികളെ സ്കൂളിൽ വിട്ടാൽ മതിയെന്ന്  മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷയ്ക്കായി ഹാൻഡ് വാഷ്, സോപ്പ് എന്നിവ വാങ്ങാൻ വിദ്യാഭ്യാസ വകുപ്പിന് രണ്ടുകോടി 85 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ ഇത്തവണ ക്ലാസ് തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ യാത്ര ചിലവ് രക്ഷിതാക്കൾക്ക് വൻ ബാധ്യത ഉണ്ടാക്കുന്നതാണ്. സ്കൂളുകൾ പുനരാരംഭിക്കുന്നതോട്  അനുബന്ധിച്ച് വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര കെഎസ്ആർടിസി പ്രഖ്യാപിച്ച സ്റ്റുഡൻറ് ബോണ്ട്‌ സർവീസുകൾ തീരുമാനിച്ചു. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി പ്രഖ്യാപിച്ച നിരക്കാണെന്ന്     കെഎസ്ആർടിസി പറയുമ്പോഴും  ഇതിലും ഭേദം സ്കൂൾ ബസ്സുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇറക്കുന്നത് ആണെന്ന് വിദ്യാഭ്യാസ അധികൃതർ പറയുന്നു.

നാല് ട്രിപ്പുകൾക്ക് 100 കിലോമീറ്റർ സർവീസ് നടത്തുന്നതിന് പ്രതിദിനം 7500 രൂപ നിരക്കിൽ മാസം അതായത്, 20 ദിവസത്തേക്ക് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയാണ് കെഎസ്ആർടിസി നിശ്ചയിക്കുന്നത്. 200 കിലോമീറ്റർ പരിധിയിലേക്ക് ദൂരം കൂടിയാൽ മാസം രണ്ട് ലക്ഷം രൂപ നൽകണം. 40 കുട്ടികൾക്ക് 20 ദിവസം എന്ന കണക്കിൽ പ്രതിമാസ തുക അടക്കേണ്ടത് ഉണ്ട്. ഒരു ബസിൽ പരമാവധി 50 കുട്ടികൾക്കാണ് യാത്രാനുമതി ഉണ്ടാകുക. സ്കൂൾ അധികൃതർ ഈ തുക രക്ഷിതാക്കളോട് ഈടാക്കുമെന്നതിനാൽ ആയിരക്കണക്കിന് രൂപയായിരിക്കും ഓരോ കുട്ടിക്കും നൽകേണ്ടി വരിക. ഓട്ടോകളിലും വാനുകളിലും യാത്രചെയ്യുന്ന കുട്ടികളോടുള്ള എണ്ണത്തിലുള്ള നിയന്ത്രണ ത്തോടൊപ്പം ഇന്ധനവില വർധനവ് കൂടിയാകുമ്പോൾ കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്രകൾ രക്ഷിതാക്കൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാകും വരുത്തുക.

Similar Posts