സ്റ്റാർ ഹോട്ടലിലെ കിടിലൻ ബീഫ് ഡ്രൈ ഫ്രൈ ഇതുപോലെ തയ്യാറാക്കാം

മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ് ബീഫ് വിഭവങ്ങൾ. പ്രോട്ടീനിൻറെ കലവറയാണ് ബീഫ്. ബീഫിന്റെ കാര്യത്തിൽ വിവിധ രുചി വൈവിധ്യങ്ങൾക്ക് നമ്മൾ അധിക താൽപര്യം കാണിക്കാറുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ബീഫ് ഡ്രൈ ഫ്രൈ. സ്വാദിഷ്ഠമായ രീതിയിൽ ഇത് എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് നോക്കാം.

ആദ്യം ഒന്നരക്കിലോ ബീഫ് എടുക്കുക. വ്യത്യസ്തമായ രീതിയിലാണ് ഇത് മുറിക്കേണ്ടത്. ചതുരാകൃതിയിൽ ഒരിഞ്ച് കനത്തിൽ മുറിക്കണം ഇനി ഇത് നന്നായി കഴുകി വൃത്തിയാക്കുക. ഇത് കുക്കറിലിട്ട് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടേബിൾ സ്പൂൺ കുരുമുളകു പൊടിയും ഒരു ടേബിൾസ്പൂൺ എരിവുള്ള മുളകുപൊടിയും ആവശ്യത്തിന് ഉപ്പും 2 പച്ചമുളകും ഇട്ട് കുറച്ചു വെള്ളവും ചേർത്ത് മിക്സ് ആക്കുക. എന്നിട്ട് ഇത് വേവാൻ വയ്ക്കുക.

ബീഫിന് നല്ല വേവുള്ളതു കൊണ്ട് സാധാരണ നമ്മൾ ബീഫ് വേവിക്കുമ്പോൾ എട്ടു വിസിൽ ഒക്കെ വേണ്ടി വരും എന്നാൽ ഇതിന് 4 വിസിൽ ഇറക്കി വയ്ക്കണം. ബീഫ് ഇനി കട്ട് ചെയ്യേണ്ടതിനാൽ 60% മാത്രമേ വേവിക്കാൻ പാടുള്ളൂ. വിസിൽ വന്നു കുറച്ചു കഴിഞ്ഞാൽ കുക്കറിന്റെ മൂടി തുറന്ന് ഇത് വെന്തോ എന്ന് നോക്കുക. അതിൽ ബീഫിലെ വെള്ളം ഇറങ്ങിയിട്ടുണ്ടാവും. അതിൽ നിന്ന് രണ്ടു വലിയ സ്പൂൺ വെള്ളം മാറ്റി വെക്കുക.

ഇനി ബീഫിന്റെ ചൂട് മാറിയാൽ ഓരോ കഷ്ണവും എടുത്ത് നീളത്തിൽ മുറിക്കുക. ഇങ്ങനെ മുറിച്ചതൊക്കെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ബീഫ് ഫ്രൈയുടെ മസാല തയ്യാറാക്കണം. അതിനായി ഒരു പാത്രത്തിൽ രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾസ്പൂൺ വറ്റൽ മുളക് പൊടിച്ചതും 5 ടേബിൾ സ്പൂൺ കോൺ ഫ്ലോർ പൊടിയും ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടിയും ഒരു ടേബിൾ സ്പൂൺ പെരുംജീരകം പൊടിയും ഒരു ടീസ്പൂൺ ഗരം മസാലപ്പൊടിയും ഇനി ആവശ്യത്തിന് ഉപ്പും ഒരു ചെറുനാരങ്ങയുടെ നീരും ഒഴിക്കുക. എന്നിട്ട് നമ്മൾ നേരത്തെ എടുത്തു വെച്ച ബീഫ് വേവിച്ചതിന്റെ വെള്ളം കുറച്ച് ഒഴിക്കുക. ഇനി നിങ്ങൾക്ക് വേണമെങ്കിൽ മാഗി ക്യൂബിൽ ചേർക്കാം. ഇത് ബേക്കറികളിൽ ഒക്കെ വാങ്ങാൻ കിട്ടും. ഇനി ഇതെല്ലാം കൂടി മിക്സ് ആക്കുക.

ഇനി ഈ മസാലയിലേക്ക് മുറിച്ചുവെച്ച ബീഫ് കഷണങ്ങൾ ഇട്ട് നന്നായി യോജിപ്പിക്കുക. ബീഫ് പൊടിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് കാൽ മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെയ്ക്കണം. ഇനി ഒരു പാൻ എടുത്ത് അതിൽ എണ്ണ ഒഴിച്ച് തിളയ്ക്കാൻ വെക്കുക. എന്നിട്ട് ഓരോ കഷ്ണങ്ങളായി ഇട്ട് രണ്ട് തവണയാക്കി ഫ്രൈ ചെയ്യാം. മിനിമം തിയിൽ വെച്ച് ഒരു വശം ചെയ്ത് തിരിച്ചിട്ട് കൊടുക്കാം. കുറച്ചു സമയം വെച്ച് പിന്നെ കോരിയെടുക്കാം. അപ്പോൾ തന്നെ ഫ്രൈ ചെയ്തതിന്റെ നല്ല മണം നിങ്ങൾക്ക് കിട്ടും. ഇനി ഇത് ഗാർണിഷ് ചെയ്യാൻ ഫ്രൈ ചെയ്ത എണ്ണയിലേക്ക് നാല് പച്ചമുളക് നടു പിളർന്ന് ഇടുക. പിന്നെ 2 തണ്ട് കറിവേപ്പിലയും ഇട്ട് ചെറുതായി വഴറ്റി എടുക്കുക. എന്നിട്ട് ഫ്രൈ ചെയ്തു വെച്ച ബീഫിലേക്ക് ഇത് ഇട്ടുകൊടുക്കുക. ഇനി ചൂട് ചോറിന്റെ കൂടെ ഈ ബീഫ് ഡ്രൈ ഫ്രൈയും തേങ്ങാചമ്മന്തിയും ഒരു ഉള്ളി വട്ടത്തിൽ മുറിച്ചതും കൂട്ടി നിങ്ങൾ ഒന്നു കഴിച്ചു നോക്കൂ, കിടിലൻ രുചി ആയിരിക്കും.

Similar Posts