സ്വർണ വില കുത്തനെ താഴോട്ട് : ഇപ്പോൾ ഒരു പവന് 32,880 രൂപയായി കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞു വരുന്നു. ഇന്നലെ പവന് 33,000 രൂപയ്ക്ക് താഴെ എത്തി. 200 രൂപ ഇന്നലെ കുറഞ്ഞതനുസരിച്ച് 32, 880 രൂപയായി. ഗ്രാമിന് 4,110 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ആവശ്യം കുറയുന്നതാണ് കേരളത്തിൽ വില കുറയുന്നത്. സ്വർണത്തിന് ഒപ്പം വെള്ളി വിലയും കുറയുന്നുണ്ട്. വില താരതമ്യേന കുറഞ്ഞു വരുന്നതിനാൽ വിപണിയിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

കഴിഞ്ഞ ആഗസ്റ്റിൽ പവന് 42,000 രൂപയായി സ്വർണ്ണവില വർധിച്ചിരുന്നു. കോവിഡ് പ്രതിസന്ധികൾ കാരണം വിപണികൾ നിശ്ചലമാവുകയും, സാമ്പത്തിക ഇടപാടുകൾ കുറയുകയും ചെയ്തതോടെയാണ് സ്വർണ്ണ വില കുതിച്ചുയർന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻ നിക്ഷേപകർ വൻതോതിൽ സ്വർണം പർച്ചേസ് ചെയ്തത് കൊണ്ടായിരുന്നു സ്വർണവില റെക്കോഡ് തകർത്തു കുതിക്കാൻ കാരണമായത്.

പക്ഷേ ആഗസ്റ്റ് മാസത്തിനുശേഷം സ്വർണ്ണ വിലയിൽ കാര്യമായ ഇടിവ് സംഭവിച്ചു. സാമ്പത്തികമേഖല കരുത്താർജ്ജിച്ചതും, ഓഹരിവിപണികൾ കരുത്താർജ്ജിച്ചതും സ്വർണം വിൽക്കാൻ നിക്ഷേപകരെ നിർബന്ധിച്ചു. ഏഴുമാസം കൊണ്ട് 9,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇതുവരെയായി കുറഞ്ഞത്. ഗ്രാമിന് 1090 രൂപയും കുറഞ്ഞു. ഈ മാർച്ച് മാസത്തിൽ 1560 രൂപയോളം കുറഞ്ഞു.