1 കപ്പ് പച്ചരിയും കാൽകപ്പ് ഉഴുന്നും ഉണ്ടോ? നാവിൽ കൊതിയൂറും മസാല അപ്പം റെഡി
അപ്പം എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് വായിൽ വെള്ളമൂറും. അതുതന്നെ പലതരത്തിലുണ്ട്. മധുരമുള്ളതും എരിവുള്ളതും നെയ്യിൽ ഉണ്ടാക്കുന്നതും ആവിയിൽ വേവിക്കുന്നതുമൊക്കെയുണ്ട്. ഇന്നിവിടെ ഒരു വെറൈറ്റി ആയിട്ടുള്ള ഒരു അപ്പത്തിനെപ്പറ്റിയാണ് പറയുന്നത്. മസാല കൊണ്ടുള്ള അപ്പമാണ് ഇത്. പച്ചരിയാണ് പ്രധാന ചേരുവ. പലതരത്തിലുള്ള അരികൾ മാർക്കറ്റിൽ ലഭ്യമാണ്. ഇഡലി റൈസ്, ബസുമതി അരി, പൊന്നി എന്നിവയിൽ ഏതു വേണമെങ്കിലും നിങ്ങൾക്ക് എടുക്കാം.
ഇതിനു വേണ്ട സാധനങ്ങൾ ഒരു കപ്പ് പച്ചരി, കാൽ കപ്പ് ചെറുപയർ പരിപ്പ്, കാൽ കപ്പ് തുവരപ്പരിപ്പ്, കാൽ കപ്പ് ഉഴുന്നുപരിപ്പ്, 2 പച്ചമുളക്, ചെറിയ കഷണം ഇഞ്ചി,മൂന്ന് അല്ലി വെളുത്തുള്ളി, കാൽ ടീസ്പൂൺ ചെറിയ ജീരകം, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ വെള്ളം, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, അപ്പം ഉണ്ടാക്കാനുള്ള ഓയിൽ എന്നിവയാണ്.
ആദ്യം പച്ചരി, ചെറുപയർ പരിപ്പ്, തുവരപ്പരിപ്പ്, ഉഴുന്നുപരിപ്പ് ഇവയെല്ലാം ഒരു പാത്രത്തിലിട്ട് നന്നായി കഴുകി രണ്ടുമണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനുശേഷം ഇതൊക്കെ ഒരു ജാറിലിടുക. അതിൽ പച്ചമുളക് ഇടുക. നിങ്ങളുടെ എരിവിനനുസരിച്ച് പച്ചമുളകിന്റെ എണ്ണം കൂട്ടാം. പിന്നെ ഒരു കഷണം ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് അരച്ചെടുക്കുക. ഇനി കു തിർത്തുവെക്കാനുപയോഗിച്ചവെള്ളം കുറച്ച് ഒഴിച്ച് ഒന്നുകൂടി അരയ്ക്കുക. നമ്മൾ ഇഡലിക്ക് അരക്കുന്ന പോലെ അരച്ചാൽ മതി.
ഈ അരവ് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് നല്ല ജീരകവും മഞ്ഞൾപ്പൊടിയും ഇടുക. പിന്നെ കുറച്ച് മല്ലിയില ചെറുതായി മുറിച്ചിടുക. അതിനു ശേഷം ആവശ്യത്തിന് ഉപ്പ് ഇട്ടു കൊടുക്കുക. ഇനി കുറച്ച് ബേക്കിംഗ് സോഡയും ഇടാം. ഈ കൂട്ട് കൈകൊണ്ട് നന്നായി മിക്സ് ചെയ്തു നോക്കുക. കുറച്ച് വെള്ളം കൂടി നിങ്ങൾക്ക് ചേർക്കാം. എന്നിട്ട് നന്നായി മിക്സ് ചെയ്യുക.
ഈ കൂട്ടിന് ഉണ്ണിയപ്പത്തിന്റെ ഒക്കെ കൺസിസ്റ്റൻസി തന്നെ മതി. ഇനി അടുപ്പിൽ ഒരു ചീനച്ചട്ടി വെച്ച് നെയ് ഒഴിച്ച് നന്നായി ചൂടായാൽ ഓരോ സ്പൂണായി ഒഴിക്കാം. അപ്പം പൊന്തി വരുമ്പോൾ തിരിച്ചിട്ടു രണ്ടു വശവും നന്നായി പൊരിച്ചെടുക്കാം. അങ്ങനെ മസാല അപ്പം റെഡിയായി. ഇത് നിങ്ങൾക്ക് പ്രഭാതഭക്ഷണമായും നാലുമണി പലഹാരമായും കഴിക്കാം.
https://www.youtube.com/watch?v=c1iD49R3J84