100 കോടി ഡോളർ മൂല്യം കൽപ്പിക്കപ്പെടുന്ന കമ്പനികളിൽ സ്ഥാനം നേടി കേരളത്തിലെ മൂന്നു കമ്പനികൾ

നൂറു കോടി ഡോളറിലേറെ മൂല്യം കൽപ്പിക്കപ്പെടുന്നതും, സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതുമായ ടെക്നോളജി സ്റ്റാർട്ട്അപ്പ്‌ കമ്പനികളെയാണ് പൊതുവേ “യൂണികോൺ” എന്ന് പറയുന്നത്. ക്രെഡിറ്റ്‌ സ്വിസ് ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ പുതിയ യൂണി‌കോൺ പട്ടികയിൽ ഉൾപ്പെട്ട കമ്പനികളുടെ പേരുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മാനദണ്ഡം വിപുലമാക്കി മറ്റു മേഖലകളിലെ കമ്പനികളെയും ഉൾപ്പെടുത്തിയാണ് ക്രെഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

വിവിധ ഏജൻസികളുടെ ഇതു വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ 35 – 40 യൂണികോണുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ 100 കോടി ഡോളറിലേറെ (7200 കോടി രൂപ) മൂല്യം കൽപ്പിക്കപ്പെടുന്ന കമ്പനികളിൽ കേരളത്തിൽനിന്ന് മൂന്നു കമ്പനികളുടെ പേരാണ് പുറത്തു വന്നത്. ഐബിഎസ് സോഫ്റ്റ്‌വെയർ, ജോയ്ആലുക്കാസ്, യു എസ് ടി എന്നിവയാണ് ക്രെഡിറ്റ് ഇൻവെസ്റ്റ്മെൻറ് ബാങ്കിൻറെ പുതിയ യൂണികോൺ പട്ടികയിൽ ഉൾപ്പെടുന്നത്.

ക്രെഡിറ്റ് സ്വിസ് ലിസ്റ്റിൽ ബൈജൂസ് ആപ്പ്, സിറം ഇൻസ്റ്റിറ്റ്യൂട്ട്, മണിപ്പാൽ ഹോസ്പിറ്റൽസ്, പിരമൽ ഗ്ലാസ്, വണ്ടർ സിമന്റ്‌ തുടങ്ങിയവയുമുണ്ട്. ബയോടെക് ഫാർമ, ഇ -കോമേഴ്‌സ്, ഫിൻ ടെക്, ഫുഡ് ഡെലിവറി, ഓൺലൈൻ വിദ്യാഭ്യാസം, ജെം ജ്വല്ലറി, ഫാക്ടറി ഉത്പാദനം തുടങ്ങിയ രംഗങ്ങളിലാണ് ഇന്ത്യൻ യൂണികോണുകൾ. ക്രെഡിറ്റ് സ്വിസിന്റെ വിലയിരുത്തൽ അനുസരിച്ച് 100 കമ്പനികളുടെ വിപണിമൂല്യം 24000 കോടി ഡോളറാണ്.

Similar Posts