18 വയസ്സ് പൂർത്തിയായവർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം :- സുപ്രീംകോടതി
പ്രായപൂർത്തിയായ ആർക്കും അവരവർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ രാജ്യത്ത് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും, സമ്മാനങ്ങൾ വാഗ്ദാനം ചെയ്തും നടത്തുന്ന നിർബന്ധിത മതപരിവർത്തനം തടയണമെന്ന ഹർജി തള്ളിയാണ് സുപ്രീംകോടതി ഈ രീതിയിൽ ഉത്തരവ് ഇറക്കിയത്. ദുർമന്ത്രവാദവും മറ്റും നിയന്ത്രിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉൾപെടുത്തിയിരുന്നു.ഹർജി നൽകിയ ബിജെപി നേതാവും, അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയെ കോടതി വിമർശിക്കുകയും ചെയ്തു.
പേരിനും, പ്രശസ്തിക്കും വേണ്ടിയാണ് ഈ രീതിയിൽ ഹർജി നൽകിയതെന്നും, കോടതി പിഴ ചുമത്തുമെന്നും വ്യക്തമാക്കിയപ്പോൾ അശ്വിനി ഉപാധ്യായ ഹർജി പിൻവലിച്ചു. നിർബന്ധിത മതപരിവർത്തനം ഭരണഘടന വകുപ്പുകൾക്ക് എതിരാണ് എന്നായിരുന്നു ഹർജിക്കാരന്റെ വാദം. മതം പ്രചരിപ്പിക്കാൻ ഉള്ള അവകാശം ഭരണഘടന നൽകിയിരിക്കുന്നത് വ്യക്തമായ ഉദ്ദേശത്തോടെ ആണെന്ന് ജസ്റ്റിസ് റോഹിന്റൺ നരിമാൻ ചൂണ്ടിക്കാട്ടി.