ഡിസംബർ 31നു മുൻപായി ചെയ്തു തീർക്കേണ്ട പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്. 2021 കലണ്ടർ വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. എന്നാൽ 2021ൽ തന്നെ ഒരാൾ പൂർത്തിയാക്കേണ്ട ധന സംബന്ധമായ ചില കാര്യങ്ങളുണ്ട്. പലകാരണങ്ങളാലും പലരും കാര്യങ്ങൾ ചിലപ്പോൾ മറന്നിരിക്കാം. നടപടികൾ ഒഴിവാക്കുന്നതിനും സേവനങ്ങൾ തുടർന്നും അനുഭവിക്കുന്നതിനും ഇനി നിങ്ങൾക്ക് മുൻപിൽ ഉള്ളത് വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമാണ്.
ഡിസംബർ 31നു മുൻപ് പൂർത്തിയാക്കേണ്ട അഞ്ചു കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. ഒന്നാമത്തേത് 2020 – 21 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ അഥവാ ഐടിആർ ഫയൽ ചെയ്യേണ്ട അവസാന തീയതി ഡിസംബർ 31 വരെയാണ് സർക്കാർ നീട്ടിയിട്ടുള്ളത്. ഇതിൽ ഇനി ഒരു സാവകാശം അനുവദിക്കാൻ സാധ്യത കുറവാണ്. ഐടിആർ സമയപരിധി രണ്ടു തവണ നീട്ടിയിരുന്നു. ആദ്യം സാധാരണ സമയ പരിധിയായ ജൂലൈ 31 നിന്ന് 2021 സെപ്റ്റംബർ 30 വരെയും പിന്നീട് നിലവിലെ സമയപരിധി ഡിസംബർ 31 ലേയ്ക്കും ആണ് നീട്ടിയത്.
പുതിയ ആദായ നികുതി പോർട്ടലിലെ തകരാറുകൾ കാരണം ധാരാളം നികുതി ദായകർക്ക് അവരുടെ ഐടിആർ ഫയലിംഗ് പ്രക്രിയ പൂർത്തീകരിക്കുവാൻ സാധിച്ചിരുന്നില്ല. കൃത്യസമയത്ത് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ ഉപഭോക്താവ് പിഴ അടക്കം നൽകേണ്ടിവരും. റീഫണ്ട് നടപടികൾ വൈകുവാനും ഇത് വഴിവെക്കും. രണ്ടാമത്തെ കാര്യം, സർക്കാർ സേവനങ്ങളിൽ നിന്നും വിരമിച്ചവർ jeevan pramaan പത്ര എന്നറിയപ്പെടുന്ന വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുവാനുള്ള സമയപരിധിയും ഡിസംബർ 31ന് അവസാനിക്കുകയാണ്. പെൻഷൻ അടക്കമുള്ള സേവനങ്ങൾ ലഭിക്കുന്നതിന് സമയപരിധിക്കുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
www.jeevanpramaan.gov.in എന്ന പോർട്ടൽ വഴിയാണ് നിങ്ങൾ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. എന്നാൽ ഇതിന് ആധാർ അധിഷ്ഠിതമായ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ അക്ഷയകേന്ദ്രങ്ങളെയും പൊതുസേവന കേന്ദ്രങ്ങളെയും സമീപിക്കാവുന്നതാവും നല്ലത്. മൂന്നാമത്തേത് ഡീമാറ്റ് ട്രേഡിങ് അക്കൗണ്ടുകളുടെ കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് ഈ മാസം 31 വരെയാണ് അവസാന സമയം തന്നിരിക്കുന്നത്. 2021 ഏപ്രിലിൽ സിബി പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ച് നിലവിലുള്ള ഡിമാറ്റ് ട്രേഡിങ് അക്കൗണ്ടുകളിൽ 6 പ്രധാനപ്പെട്ട കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണം. പേര്,വിലാസം, പാൻ, സാധുവായ മൊബൈൽ നമ്പർ, സാധുവായ ഈ മെയിൽ ഐഡി,വരുമാനപരിധി എന്നിവയാണ് പുതുക്കേണ്ടത്.
ഉപയോക്താക്കൾക്ക് തന്നെ ഡിമാറ്റ് അക്കൗണ്ട് വഴിയോ അല്ലാത്തപക്ഷം നിങ്ങളുടെ ഓഹരിവിപണി സേവനദാതാവ് വഴിയും ഈ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. നാലാമത്തേത്, കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പല സംസ്ഥാനങ്ങളിലെയും നിർബന്ധിത ആധാർ സീഡിങ് പ്രക്രിയ നടപടിക്രമങ്ങൾക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം ഡിസംബർ 31 ആം തീയതി വരെ സമയം അനുവദിച്ചിട്ടുണ്ട്. റിട്ടേണുകൾ സമർപ്പിക്കാൻ വൈകിയതിന് തൊഴിലുടമകളിൽ നിന്നുള്ള പിഴ രണ്ടുമാസത്തേക്ക് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇ പി എഫ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നത് ക്ലെയിം സെറ്റിൽമെൻറ് പ്രക്രിയ വേഗത്തിൽ ആകുവാൻ സഹായിക്കും. ഓൺലൈനായി ഇ പി എഫ് ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും യു എ എൻ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.
അഞ്ചാമത്തെ കാര്യം, പ്രധാനമന്ത്രി വിള ഇൻഷുറൻസ് കൂടാതെ കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ കർഷകർ ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യണം. പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ആലപ്പുഴ കോട്ടയം പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും എല്ലാ ജില്ലകളിലേയും വാഴയും മരച്ചീനിയും ആണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല് വാഴ കൈതച്ചക്ക കരിമ്പ് കാരറ്റ് വെളുത്തുള്ളി ഉരുളക്കിഴങ്ങ് ബീൻസ് കാബേജ് കശുമാവ് മാവ് തക്കാളി ചെറുധാന്യങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതികളിൽ ചേരുവാൻ ആയി അക്ഷയ അല്ലെങ്കിൽ സി എസ് ഇ കേന്ദ്രങ്ങൾ അംഗീകൃത മൈക്രോ ഇൻഷുറൻസ് ഏജൻറ് മാർ ബ്രോക്കിംഗ് പ്രതിനിധികൾ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. www.pmfby.gov.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടു നിങ്ങൾക്ക് ഇതിൽ ചേരാവുന്നതാണ്. അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയവും ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക് നികുതി അല്ലെങ്കിൽ പാട്ട ചീട്ട് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കേണ്ടതുണ്ട്. വായ്പ എടുത്തിട്ടുള്ള കർഷകരെ ആ ബാങ്ക് തന്നെ പദ്ധതിയിൽ ചേർക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.