5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതിയ അറിയിപ്പെത്തി

കുടുംബത്തിലെ എല്ലാവർക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി യുമായി ബന്ധപ്പെട്ട സർക്കാരിൻറെ പുതിയ അറിയിപ്പുകൾ വന്നിരിക്കുകയാണ്. ഈ വിവരങ്ങളാണ് താഴെ പറയുന്നത്. കേരളത്തിലെ സാധാരണക്കാർക്ക് സൗജന്യചികിത്സ നടപ്പിലാക്കുന്നതിനായി  ഉള്ള പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. പിന്നീട് കേന്ദ്ര സർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതി പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ കാരുണ്യ ഇൻഷുറൻസ് പദ്ധതിയുമായി ചേർത്താണ് നടപ്പിലാക്കിയത്.

സർക്കാർ ആശുപത്രികളിൽ മാത്രമല്ല ഈ സ്കീമിൽ എംപാനൽ ചെയ്തിട്ടുള്ള കേരളത്തിലെ അനേകം സ്വകാര്യ ആശുപത്രികളിലും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ചേരുന്നവർക്ക് സൗജന്യചികിത്സ ലഭിക്കുന്നതാണ്. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടി വരുന്ന അവസ്ഥയിലാണ് കാരുണ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. കിടത്തിച്ചികിത്സ സമയത്തുള്ള പരിശോധനകൾക്കും മരുന്നുകൾക്കും ചികിത്സകൾക്കും തുടങ്ങിയ ചിലവുകൾ എല്ലാം തന്നെ സൗജന്യമായി ലഭിക്കുന്നതാണ്.

ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മൂന്ന് ദിവസം മുൻപും ഡിസ്ചാർജ് ചെയ്ത ശേഷം അഞ്ചു ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകൾ മരുന്നുകൾ തുടങ്ങിയവയും സൗജന്യമായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം നടത്തുന്ന ടെസ്റ്റുകൾ ആവശ്യമായ മരുന്നുകൾ ചികിത്സ ഉപകരണങ്ങളുടെ ഫീസുകൾ തുടങ്ങിയവയും ഈ ആനുകൂല്യത്തിൽ ഉൾപ്പെടുന്നു. ഡയാലിസിസ്, കീമോതെറാപ്പി, റേഡിയേഷൻ, കണ്ണു സംബന്ധമായ ചികിത്സകൾ തുടങ്ങിയ  നിർബന്ധമായും ആശുപത്രിയിൽ കിടക്കേണ്ടി വരാത്ത ചികിത്സകളും ഈ സൗജന്യ ചികിത്സയിൽ ഉൾപ്പെടുന്നു.

ജനറൽ വാർഡ്, തീവ്രപരിചരണ വാർഡ് എന്നിവയിൽ കടത്തിയുള്ള ചികിത്സകൾക്ക് ആണ് ആനുകൂല്യം. എക്സ്റേ, സ്കാനിങ് തുടങ്ങിയവയ്ക്കുള്ള മുഴുവൻ തുകയും ലഭിക്കും. എന്നാൽ ഒ പി ചികിത്സ, വന്ധ്യതാ ചികിത്സ തുടങ്ങിയവയ്ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. ജനറൽ മെഡിസിൻ, സർജറി, കാർഡിയോളജി, നെഫ്രോളജി, യൂറോളജി, ഓങ്കോളജി തുടങ്ങിയ എല്ലാ സ്പെഷ്യലൈസ്ഡ് സേവനങ്ങൾക്കും ഈ സൗജന്യ ചികിത്സ ലഭിക്കുന്നതാണ്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആയി ഒരു വർഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഈ പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളിലൂടെ പാക്കേജുകൾ ക്ക് വിധേയമായി ലഭിക്കുന്നതാണ്.

ഈ പദ്ധതിയിൽ അംഗമായിരിക്കുന്ന വർ ഇനി പറയുന്ന വിഭാഗക്കാരാണ്. കേരള സർക്കാർ നടപ്പിലാക്കിയ സമഗ്ര ഇൻഷുറൻസ് പദ്ധതി കളായ ചിസ് പ്ലസ്‌, ചിസ്, കേന്ദ്രസർക്കാർ പദ്ധതിയായ ആർ എസ് ബി വൈ, തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്ത് 2019 മാർച്ച് 31 വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുടുംബങ്ങളും കൂടാതെ 2011 ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെൻസസ് അടിസ്ഥാനത്തിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പേരിൽ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കത്ത് ലഭിച്ചവരും ആണ് പ്രധാനമായും ഈ പദ്ധതിയിൽ അംഗങ്ങളായിരിക്കുന്നത്.

എന്നാലിപ്പോൾ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് സാക്ഷ്യപത്രം  ഹാജരാകാത്ത കോവിഡ് രോഗികൾക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പ്രകാരമുള്ള സൗജന്യചികിത്സ നൽകേണ്ടതില്ലെന്ന് ഗവൺമെൻറ് മെഡിക്കൽ കോളേജുകൾക്ക് ആരോഗ്യവകുപ്പിന്റെ ഉത്തരവ് വന്നിരിക്കുകയാണ്. ഇത്തരം രോഗികൾ ചികിത്സ സ്വന്തം ചിലവിൽ തന്നെ നിർവഹിക്കണം എന്നാണ് നിർദേശം. രണ്ട് ഡോസ് വാക്സിൻ എടുക്കാത്ത ഇരുന്നൂറോളം രോഗികൾ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്. അലർജി രോഗങ്ങൾ കാരണം കോവിഡ് വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്ത രോഗികൾ അക്കാര്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ചികിത്സ സൗജന്യമായി നൽകും.

ചുരുക്കം ചിലർ  വാക്സിൻ സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്നതിനാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് തടയുവാൻ ആണ് ഈ നടപടി എന്നാണ് ആരോഗ്യ കുടുംബ ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കിയത്. കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായവർ നിർബന്ധമായും കൊവിഡ് വാക്സിൻ എടുക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കപ്പെടുന്നതായിരിക്കും.

Similar Posts