5 സെന്റ് കൃഷിഭൂമി ഉണ്ടോ? എങ്കിൽ 5000 രൂപ പെൻഷൻ, മറ്റു ആനുകൂല്യങ്ങളും, കൂടുതൽ വിവരങ്ങൾ അറിയാം

നിങ്ങൾക്ക് 5 സെന്റ് കൃഷി ഭൂമി ഉണ്ടോ? എങ്കിൽ മാസം 5000 രൂപ പെൻഷൻ വാങ്ങാൻ നിങ്ങൾ യോഗ്യനാണ്. സംസ്ഥാന സർക്കാർ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന കർഷക ക്ഷേമ നിധിയിൽ കർഷകർക്ക് ഒരുപാട് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. സംസ്ഥാനത്തെ മറ്റു ക്ഷേമ നിധികളിൽ 2000 രൂപ വരെയാണ് പെൻഷൻ ആയി നൽകുന്നത്. എന്നാൽ കർഷക ക്ഷേമ നിധിയിൽ മാസം തോറും 5000 രൂപ വരെയാണ് പെൻഷൻ ആയി ലഭിക്കുക.

കേരളത്തിലെ 20 ലക്ഷത്തോളം കർഷകരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിച്ചത്. എന്നിരുന്നാലും നിലവിൽ വെറും 9000 പേർ മാത്രമേ ഇതിൽ അംഗത്വം എടുത്തിട്ടുള്ളൂ. 5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ  കൂടാതെയും ഭൂമി ഉള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. കർഷകൻ 3 വർഷത്തിൽ കുറയാതെ കൃഷി ഉപജീവന മാർഗമായി തെരെഞ്ഞെടുത്തവർ ആയിരിക്കണം. ഇവരുടെ വാർഷിക വരുമാനം 5 ലക്ഷത്തിൽ കവിയാത്തവരും ആയിരിക്കണം.

യുവ തലമുറയെ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കുന്നതിനും കർഷകന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണ് 2019 ഡിസംബർ 20 ന് ക്ഷേമ നിധി രൂപീകരിച്ചത്. വിള പരിപാലനം, ഔഷധ  സസ്യ പരിപാലനം, ഉദ്യാന പാലനം, നടീൽ വസ്തുക്കളുടെ ഉൽപ്പാദനവും, വില്പനയും, ഇട വിളകളുടെയും, വൃക്ഷങ്ങളുടെയും പരിപാലനം, പച്ചക്കറി വളർത്തൽ, തീറ്റപ്പുല്ലു കൃഷി, മത്സ്യ കൃഷി,പശു, ആട്, പോത്ത്, പന്നി, മുയൽ തുടങ്ങി മൃഗ പരിപാലനം, കോഴി, കാട, താറാവ്, തേനീച്ച, പട്ടു  നൂൽ പുഴു തുടങ്ങിയവ വളർത്തൽ, കൃഷി അനുബന്ധ ആവശ്യത്തിന് ഉൾപ്പെടെ കാർഷികാവശ്യത്തിനായുള്ള ഭൂമിയുടെ ഉപയോഗം എന്നിവ കൃഷി എന്ന നിർവചനത്തിൽ ഉൾപ്പെടും. എന്നാൽ ഏലം, കാപ്പി, റബ്ബർ, തേയില എന്നീ തോട്ട വിളകളുടെ കാര്യത്തിൽ ഏഴര ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വെക്കുന്നവർ കർഷകൻ എന്ന നിർവചനത്തിൽ പെടുന്നില്ല.

ഈ പദ്ധതിയിൽ അംഗമാകുന്ന ഓരോ കർഷകനും കുറഞ്ഞത്  100 രൂപ വീതം  പ്രതിമാസം അടക്കണം. 18 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ള ഏതൊരാൾക്കും ഇതിൽ അംഗമാകാം. ഈ പദ്ധതിയിൽ കുറഞ്ഞത്  അഞ്ചു വർഷം അംശദായം അടച്ചാൽ പ്രതിമാസം 5000 രൂപ വീതം പെൻഷൻ ലഭിക്കും. വ്യക്തിക്ക് 60 വയസ്സ് പൂർത്തിയായ അടുത്ത മാസം മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. അംശദായം കുടിശ്ശിക ഇല്ലാതെ അടച്ചു വരുന്നതിനിടയിൽ വ്യക്തി മരിച്ചാൽ കുടുംബ പെൻഷന് അർഹത ഉണ്ടായിരിക്കും. പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മരിച്ചാലും കുടുംബ പെൻഷൻ മുടങ്ങില്ല.

അനാരോഗ്യ ആനുകൂല്യം, പ്രസവനുകൂല്യം, അവശത ആനുകൂല്യം,ചികിത്സ സഹായം, വിവാഹ ധന സഹായം, വിദ്യാഭ്യാസ ധന സഹായം, മരണനന്തര ആനുകൂല്യം തുടങ്ങിയവയും ലഭിക്കുന്നതാണ്. kfwfb.kerala.gov.in എന്ന വെബ് പോർട്ടൽ വഴിയാണ് കർഷകർ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴി ഇതിലേക്ക് പേരുകൾ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 0487 2320500 എന്ന നമ്പറിൽ ബന്ധപ്പെടുക.

Similar Posts