ATM വഴി പണം പിൻവലിക്കാറുള്ളവർ ശ്രദ്ധിക്കുക, 2022 ജനുവരി 1 മുതൽ നിരക്കുകൾ ഉയരുന്നു

നിങ്ങൾ ATM വഴി  പണം പിൻവലിക്കാറുണ്ടോ?  ജനുവരി മുതൽ എടിഎം വഴി പണം പിൻവലിക്കുന്നതിന് നിരക്കുകൾ കൂടാൻ പോകുകയാണ്. ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്താൻ ആകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ആണ് അധിക തുക ഈടാക്കുന്നത്. ഓരോ ബാങ്കുകളും ഉപഭോക്താക്കളുടെ പ്രതിമാസ ഇടപാടുകൾക്ക് കൃത്യമായി പരിധി നിശ്ചയിച്ചിട്ടുണ്ട്.

എടിഎമ്മുകളിൽ നിന്ന് ഇനി മുതൽ ശ്രദ്ധിച്ച് പണം പിൻവലിച്ചില്ലെങ്കിൽ ഈ നിരക്ക് വർധന കൂടി ചുമക്കേണ്ടി വരും. നേരത്തെ തന്നെ RBI നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. എങ്കിലും 2022 ജനുവരി ഒന്ന് മുതലാണ് വിവിധ ബാങ്കുകൾ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ കൊണ്ട് വരും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റു ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ആണ് വളരെ ഉയർന്ന തുക തന്നെ നൽകേണ്ടി വരുന്നത്.

ആർബിഐയുടെ മാർഗ നിർദേശങ്ങൾക്ക് അനുസരിച്ച് ആക്സിസ് ബാങ്ക് ഉൾപ്പടെ നിരക്ക് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിലോ മറ്റു ബാങ്ക് എടിഎമ്മുകളിലോ സൗജന്യ പരിധിക്കു മുകളിൽ നടത്തുന്ന ഓരോ പണമിടപാടിനും 21 രൂപ അധിക നിരക്കും ജി എസ് ടി യും ആകും ഉണ്ടാകുക. സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞാൽ ആയിരിക്കും അധിക തുക നൽകേണ്ടത്. നിലവിൽ ഓരോ ഇടപാടിനും ഉപഭോക്താക്കൾ നൽകുന്നത് 20 രൂപയാണ്. ഇനി മുതൽ അത് 21 രൂപയായി വർദ്ധിക്കുന്നതാണ്.

ഉയർന്ന ഇൻറർ ചേഞ്ച് ഫീസ് ഈടാക്കുന്നതിന് ബാങ്കുകൾക്ക് അനുമതി ഉള്ളതിനാൽ ആണിത്. ഉപഭോക്താക്കൾക്ക് സ്വന്തം ബാങ്കിന്റെ ATM കളിൽ നിന്ന് എല്ലാ മാസവും അഞ്ച് ഇടപാടുകൾ വീതം നടത്താം. പണമിടപാടുകളും, മിനി സ്റ്റേറ്റ്മെൻറ് എടുക്കൽ, ബാലൻസ് പരിശോധന തുടങ്ങിയ പണമിതര ഇപാടുകളും ഉൾപ്പെടെയാണിത്. പക്ഷേ മെട്രോ നഗരങ്ങളിലെ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് മൂന്നു സൗജന്യ ഇടപാടുകളാണ് നടത്താൻ ആവുക. 2021 ആഗസ്റ്റ് 1 മുതൽ വിവിധ ബാങ്കിംഗ് സേവനങ്ങൾക്ക് നിരക്ക് വർധന വന്നിരുന്നു.

പണമിടപാടുകൾക്ക് 15 രൂപയിൽനിന്ന് 17 രൂപയായും പണമിതര ഇടപാടുകൾക്ക് അഞ്ചിൽ നിന്ന് ഏഴ് രൂപയായി വർധിപ്പിക്കാൻ കേന്ദ്ര ബാങ്ക് മറ്റു ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു.HDFC ബാങ്ക്, ICICI ബാങ്ക് എന്നിവ സ്ഥിര നിക്ഷേപ പലിശ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഐസിഐസിഐ ബാങ്ക് പലിശ കുറച്ചു. എച്ച്ഡിഎഫ്സി ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് പലിശ ഉയർത്തിയിട്ടുണ്ട്. 10 ബേസിക് പോയിൻറ് കളുടെ വർദ്ധനയാണ് വിവിധ കാലയളവിലെ നിക്ഷേപ പലിശയിൽ വരുത്തിയിരിക്കുന്നത്. 2.5 ശതമാനം മുതൽ 5.5 ശതമാനം വരെ ഉയർന്ന പലിശയാണ് വിവിധ കാലയളവിലെ നിക്ഷേപങ്ങൾക്ക് ലഭിക്കുക.

Similar Posts