KSEB നൽകുന്ന ഏറ്റവും പ്രധാന അറിയിപ്പ്, മൊബൈൽ സന്ദേശമയച്ചു പണം തട്ടാനുള്ള ശ്രമം; എല്ലാവരും ശ്രദ്ധിക്കുക
കെഎസ്ഇബിയുടെ ഭാഗത്തു നിന്നു വന്ന ഒരു അറിയിപ്പാണ് താഴെ പറയാൻ പോകുന്നത്. എത്രയും പെട്ടെന്ന് പണം അടച്ചില്ലെങ്കിലോ, ആധാർ നമ്പർ വൈദ്യുതിയുമായി ബന്ധപ്പെടുത്തിയി ല്ലെങ്കിലോ വൈദ്യുതി വിഛേദിക്കും എന്ന തരത്തിലുള്ള വ്യാജ മൊബൈൽ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സന്ദേശത്തിലെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാൽ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥനെന്ന വ്യാജെന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കൈവരുന്ന ഒരു രീതിയാണ് ഇത്തരം തട്ടിപ്പുകാർക്ക് ഉള്ളത്.
ഉപഭോക്താക്കൾ തികഞ്ഞ ജാഗ്രത ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത് എന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളിൽ അടയ്ക്കേണ്ട ബിൽ തുക, 13 അക്ക കൺസ്യൂമർ നമ്പർ, സെക്ഷന്റെ പേര്, പണം അടയ്ക്കേണ്ട അവസാന തീയതി, പണം അടക്കാനുള്ള ഉപഭോകതൃ വെബ്സൈറ്റ് ലിങ്ക് എന്നിവ ഉൾപ്പെടുത്തി ഇരിക്കും.
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ ടി പി, തുടങ്ങിയവ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ഒരുഘട്ടത്തിലും കെഎസ്ഇബി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് അല്ല. മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയിലേക്ക് കടന്നുകയറാൻ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കു വെക്കരുത്. പണം ഓൺലൈനായി അടക്കുന്നവർ വെബ്സൈറ്റ് കെഎസ്ഇബിയുടെത് തന്നെയാണെന്ന് എല്ലാവരും ഉറപ്പുവരുത്തേണ്ടതാണ്. ഒരു കാരണവശാലും നിങ്ങളുടെ യു പി ഐ, പിൻ വിവരങ്ങൾ ഇവരുമായി പങ്കു വയ്ക്കാതിരിക്കുക.
കെഎസ്ഇബിയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ സുരക്ഷിതമായ നിരവധി ഓൺലൈൻ മാർഗങ്ങൾ നിലവിലുണ്ട്. wss. kseb. in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന കെഎസ്ഇബി എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമായ ഇലക്ട്രിസിറ്റി ബിൽ പെയ്മെൻറ് സൗകര്യം ഉപയോഗിച്ചോ അതായത് ഭാരത് ബിൽ പെയ്മെൻറ് സിസ്റ്റം എന്ന അംഗീകൃത മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയോ അനായാസം വൈദ്യുതിബിൽ അടയ്ക്കാവുന്നതാണ്.
ബിൽ പെയ്മെൻറ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ എത്രയും വേഗം 1 9 1 2 എന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലോ കെഎസ്ഇബി സെക്ഷൻ ഓഫീസിലോ വിളിച്ച് വ്യക്തത വറുത്തെണ്ടതാണ്. അതുപോലെതന്നെ വൈദ്യുതി തടസ്സം സംബന്ധിച്ച് മുന്നറിയിപ്പുകളും വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങളും തൽസമയം ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനുള്ള കെഎസ്ഇബി സംവിധാനം ആണ് ബിൽ അലർട്ട് ആൻഡ് ഔറ്റേജ് മാനേജ്മെൻറ് സിസ്റ്റം. ഈ സംവിധാനം വഴി അനായാസം നമുക്ക് രജിസ്റ്റർ ചെയ്യാം. hris. kseb. in എന്ന വെബ്സൈറ്റിൽ നമ്മുടെ 13 അക്ക കൺസ്യൂമർ നമ്പറും തൊട്ടുമുൻപുള്ള ബിൽ നമ്പറും നൽകി ലോഗിൻ ചെയ്യാവുന്നതാണ്. തുടർന്ന് മൊബൈൽ നമ്പറും ഇ-മെയിലും നൽകി നമുക്ക് രജിസ്റ്റർ ചെയ്യാം.