UPI യിലൂടെ പണമിടപാട് നടത്തുന്നവർ ശ്രദ്ധിക്കുക, റീചാർജിനു ഫോൺ പേ ഫീ ഈടാക്കി തുടങ്ങി
സാധാരണക്കാർപോലും ഇപ്പോൾ ഫോൺ പേ,ഗൂഗിൾ പേ തുടങ്ങിയ യുപിഐ സംവിധാനത്തിലൂടെയാണ് പണമിടപാടുകൾ നടത്തുന്നത്. മൊബൈൽ റീ ചാർജിനും, ഗ്യാസ് സിലിണ്ടർ ബുക്കിംഗും, ഇലക്ട്രിസിറ്റി ബിൽ അടക്കുവാനും, സൂപ്പർമാർക്കറ്റിലും, ഹോട്ടലിലും എല്ലാം ഇപ്പോൾ യുപിഐ യിലൂടെയാണ് നല്ലൊരു ശതമാനം പേരും ബിൽ അടക്കുന്നത്. എന്നാൽ ഈ രീതിയിൽ ചെയ്യുന്നവർക്ക് ഇപ്പോൾ നല്ലൊരു തിരിച്ചടിയാണ് വന്നിരിക്കുന്നത്. എന്താണെന്നല്ലേ?
ഉപഭോക്താക്കൾക്ക് സമ്മാനം നൽകി രാജ്യത്ത് വളരെ പെട്ടെന്ന് പടർന്നു പന്തലിച്ച യുപിഐ സേവനദാതാക്കൾ ഇപ്പോൾ പതിയെ തന്ത്രം മാറ്റുകയാണ്. യുപിഐ വിപണിയിലെ മുൻനിരക്കാരായ ഫോൺ പേ തന്നെയാണ് ഇതിന് തുടക്കം കുറിക്കുന്നത്. ഇനി മുതൽ മൊബൈൽ റീചാർജ്ജിന് ഫീസ് ഈടാക്കാൻ ആണ് ഫോൺ പേയുടെ തീരുമാനം. 50 രൂപയ്ക്ക് മുകളിലുള്ള റീചാർജ്ജിന് ഉപഭോക്താവിൽ നിന്ന് ഒരു രൂപ മുതൽ രണ്ടു രൂപ വരെ പ്രോസസിംഗ് ഫീസ്ഈ ടാക്കാനാണ് അവരുടെ തീരുമാനം.
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്ന ആദ്യ കമ്പനിയാണ് ഫോൺ പേ. അധികം വൈകാതെ തന്നെ ഗൂഗിൾ പേ പോലുള്ള മറ്റു സേവനദാതാക്കളും ഇതേ പാത തുടരാനാണ് സാധ്യത. 50 രൂപയ്ക്ക് താഴെയുള്ള റീചാർജ്ജിന് ഫീസ് ഈടാക്കുന്നില്ല. 50 നും 100 നും ഇടയിലുള്ള റീചാർജ്ജിന് ഒരു രൂപയും, നൂറിനു മുകളിൽ ഉള്ള റീചാർജ് കൾക്ക് രണ്ട് രൂപയും ആണ് നൽകേണ്ടത്.
നിലവിൽ യുപിഐ വിപണിയിലെ ഒന്നാമനാണ് ഫോൺ പേ. സെപ്റ്റംബറിൽ 165 കോടി ഇടപാടുകളാണ് ഫോൺ പേ പ്ലാറ്റ്ഫോം വഴി നടന്നത്. 40% മാർക്കറ്റ് ഷെയർ ആണ് കമ്പനിക്കുള്ളത്. പ്രോസസിംഗ് ഫീസ് ഈടാക്കുന്നത് സാധാരണ ഇൻഡസ്ട്രി പ്രാക്ടീസ് എന്നാണ് കമ്പനിയുടെ വാദം. തങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പെയ്മെന്റുകൾക്കും ഇപ്പോൾ തന്നെ പ്രോസസിങ് ഫീസും ഈടാക്കുന്നുണ്ട് എന്നും കമ്പനി തന്നെ വ്യക്തമാക്കുന്നു.
ഫോൺ പേ യുടെ ഈ പുതിയ നടപടി മറ്റു യുപിഐ സേവനദാതാക്കളും പിന്തുടരുന്നതാണ്. പുതിയ സേവനങ്ങൾ ജനങ്ങൾക്ക് തുടക്കത്തിൽ സൗജന്യമായി നൽകുകയും അത് ജനങ്ങൾ ആവശ്യ വസ്തുവായി കരുതി തുടങ്ങുമ്പോൾ തുടക്കത്തിൽ ചെറിയ ഫീസ് ആവശ്യപ്പെടും. പിന്നീട് പടിപടിയായി ഉയർന്ന ഫീസും ഈടാക്കുക എന്നത് ഇപ്പോൾ രാജ്യത്തെ വൻകിട കമ്പനികളുടെ പ്രവർത്തന തന്ത്രമായി മാറിയിരിക്കുകയാണ്.